2012 നവംബർ 20, ചൊവ്വാഴ്ച

ഉറക്കം

നിറം  നഷ്ട്ടമായ
ദിവസങ്ങള്‍ക്കു 
മൃതശൈത്യം .

നിമിഷങ്ങളില്‍  നിന്നും
പറന്നകന്ന സുഗന്ധങ്ങളെ 
കത്തിയമര്‍ന്നൊരു 
പെണ്‍മനസിന്റെ കറുത്ത ചാരം
പൊടിക്കാറ്റായ്  വീണ്ടുമിങ്ങനെ
പൊതിഞ്ഞു  മൂടുന്നത്
അത്രമേല്‍സ്നേഹിക്കയാലാണ് .!

ഏത്  മരുക്കാറ്റിലാണ്‌
കനവുപൂത്ത മിഴപ്പാടങ്ങള്‍
കരിഞ്ഞുണങ്ങി 
കണ്ണീര്‍ത്തടങ്ങള്‍
മാത്രമായത് ?

സ്വന്തമാക്കാന്‍  ഇനി
അവശേഷിക്കുന്നത്
സ്വപ്നങ്ങളിലെ
അസ്തമിക്കാത്ത 
പകലുകള്‍  മാത്രം.

അതുകൊണ്ടായിരിക്കാം
ഞാനിങ്ങനെ
ഉണരാതുറങ്ങുന്നത് .!


2012 ഒക്‌ടോബർ 27, ശനിയാഴ്‌ച

വീട്

അടവെച്ചു  വിരിയിച്ച
സ്വപ്നങ്ങള്‍ക്ക് പിച്ചനടക്കാന്‍
തുടച്ചു മിനുക്കി
അലങ്കരിച്ചു  വെക്കുമിടം .

പുകഞ്ഞുകത്തുന്ന സങ്കടങ്ങളെ
മുഖമമര്‍ത്തിക്കിടന്നൂതിയണയ്ക്കാന്‍ 
കറുത്ത്  തിളങ്ങുന്ന                                
തറത്തനുപ്പ് .

സ്വീകരണ  മുറിയില
ഒഴിഞ്ഞ കോണില്‍ ,
ദിവസേന  ഞാനൊരുക്കുന്ന
പൂപ്പാത്രത്തിനടിയില്‍
ആരുമറിയാതൊളിപ്പിച്ച
വിരിയാതെവീണ
മോഹമൊട്ടുകള്‍ .

അടക്കിപ്പിടിച്ചു പുണര്‍ന്ന്
പ്രണയവും , പരിഭവവും
ചുംബിചെടുത്ത്
ആണ്‍മുഖമുള്ള കിടപ്പുമുറി .

 ജീവിതംപോലെ
രുചിഭേദങ്ങള്‍  ഇടകലര്‍ന്ന്
പുകമൂടി ,മങ്ങി നില്‍പ്പുണ്ടടുക്കള .

പണിത്തിരക്കിന്റെ
മുഷിഞ്ഞകിതപ്പുകളില്‍ ,
കുട്ടിക്കുറുംമ്പിന്റെ ചടുലമേളങ്ങളില്‍ ,
നിറം  വറ്റിയ ഏകാന്തതയുടെ
കണ്ണീര്‍ മണങ്ങളില്‍ ,
ഉടല്‍ വിറയ്ക്കുന്ന 
വിഷാദ നേരങ്ങളില്‍,
ചേര്‍ത്തൊന്നണയ്ക്കാന്‍
വീടേ ,
നീയല്ലേ  എനിക്ക് സ്വന്തമായുള്ളൂ ..


2012 ഓഗസ്റ്റ് 25, ശനിയാഴ്‌ച

കവിത ചെയുന്നത്‌

കനവില്‍  കവിത വന്നപ്പോഴാണ്
പതിവുകള്‍ തെറ്റിത്തുടങ്ങിയത്‌ .
അവളൊന്ന്  തൊട്ടപ്പോഴാണ്
ഒരിക്കലും  മടുക്കാത്ത പകലുറക്കങ്ങള്‍
പകുതിക്കുവെച്ച്  മുറിഞ്ഞ്
വെയില്‍ വേവുന്ന ഉച്ചനേരങ്ങ -
ളിലേക്കുണര്‍ന്നെഴുനേറ്റത് .

തുളളിയാളുന്ന  പകല്‍ക്കാഴ്ചകള്‍ക്കൊടുവില്‍
വെയില്‍ചാഞ്ഞസന്ധ്യകളില്‍
അവളും ,ഞാനും  ഒന്നിച്ചാണ്
മുറ്റത്തെ വരണ്ട മണ്ണില്‍
തെച്ചിയും ,പിച്ചിയും മഞ്ഞമന്ദാരവും
നട്ട് നനച്ച് വളര്‍ത്തെടുത്തത് .

വലംകയ്യിലെ വിരല്‍ത്തുമ്പിലിരുന്ന്
അവളാണ്  പഴനുരുക്കും , പാലടയും
രുചികരമാക്കിയത് .

നുണഞ്ഞിറക്കാന്‍  പ്രണയത്തിന്റെ
കടുംതേന്‍  ചുണ്ടിലിറ്റിച്ചും ,
കണ്ണില്‍ കിനാവെഴുതിയും
കൂടെയിങ്ങനെ  നടനിട്ടും
അകഷരങ്ങളായ്  ഇറ്റുവീഴാന്‍ മാത്രം
എന്തേ കവിതേ , നിനക്കിത്രയും മടി .     

2012 ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഒരു അനുഭവം -- കഥയും , കവിതയും അല്ലാതെ

മുറ്റത്തെ  ചെമ്പകച്ചോട്ടില്‍ ചിറകൊടിഞ്ഞ
പക്ഷിക്കുഞ്ഞിനെക്കണ്ടത്
കണ്ണില്‍  കുറുമ്പ്  കൂടുതലുള്ള  കൊച്ചുമകനാണ് .

"നോക്കമ്മേ , ചിറകൊടിഞ്ഞൊരു  പക്ഷി" -
യെന്ന് വിതുമ്പുമ്പോള്‍
കുരുമ്പകന്ന് , നനവുപടര്‍ന്നിറങ്ങിയ
രണ്ട് , കുട്ടി കണ്ണുകള്‍  മാത്രമായ്  അവന്‍ .
മധുരപ്പാലും , ദോശത്തുണ്ടും വേദന മാറ്റാഞ്ഞ്
ദീനയായ് ,നേര്‍ത്ത്  വരുന്നകരച്ചിലായ്
പക്ഷിക്കുഞ്ഞ് .

വിതുമ്പലുയര്‍ന്ന്‍  ഒരു പൊട്ടിക്കരച്ചിലായ്
എന്നെ കെട്ടിപ്പിടിക്കുന്ന  കൊച്ചുകൈകള്‍ .

ഓട്ടോറിക്ഷയില്‍ , മൃഗാശുപത്രിയിലേക്കുള്ള
കുഴികള്‍ നിറഞ്ഞ  ചെമ്മണ്‍പാതയിലെ
ഓരോ  കുലുക്കങ്ങളിലും
അവനും,പക്ഷിക്കുഞ്ഞും , കൂടെ ഞാനും
നൊന്തു പിടഞ്ഞു .
ഒടുവില്‍, ചെറുപ്പക്കാരന്‍  സര്‍ജെന്റെ കൈയ്യില്‍
പ്ളാസ്റ്ററിട്ട ചിറകുമായ്
പക്ഷിക്കുഞ്ഞ്  ചിരിച്ചുത്തുടങ്ങി .

വലിയൊരു  മധുരച്ചിരിയില്‍ പൂത്തുലയുന്ന
മകനെ  വാരിയെടുത്ത്‌ പടിയിറങ്ങുമ്പോള്‍
 എന്റെ  നനയുന്ന  കണ്ണുകള്  ഉമ്മവെച്ച്
അവന്‍  പറഞ്ഞു .
"അമ്മേ , നോവിക്കില്ല  ഞാന്‍  ഒന്നിനെയും ,
പുല്ലിനേയും , പുഴുവിനേയും ."
എന്റെ  ഉള്ളില്‍  അവന്‍  കിടന്ന  ഗര്‍ഭപാത്രം
അഭിമാനം  കൊണ്ട്  തുടിച്ചു .

പ്രാര്‍ഥിക്കും  ഞാന്‍ ......




ഭാവിയിലവന്‍  പുള്ളിനേയും ,പൂമ്പാറ്റയേയും
നോവിച്ച്‌ രസിക്കുന്ന നീച  ജന്മമ്മായ്
മാറാതിരിക്കാന്‍ .

2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

കാട്ടു(റ്റു)തീ


കാട്ടു(റ്റു)തീ 
=============
പുകയുന്ന  മഴക്കാടു-
കളില്നിന്നു പുറത്തുചാടി 
കരിഞ്ഞ  പൂക്കളുടെ 
മണവുമായ് വന്ന്
മടിയിലമാരുന്ന  കാറ്റേ ..
എരിയുന്ന  കാട്ടിലെ 
കരിയുന്ന  പുല്‍മേടുകളില്‍ 
നീ  തൂകിയ  നിര്‍മലമായ 
ചിരികള്‍  ഇനിയും  നിക്ക് 
സ്വന്തമെന്നു  കരുതാതിരിക്കുക .
കരിഞ്ഞുവീന  വസന്തങ്ങള്‍ 
നിന്റെ  വിരല്‍പ്പാടുകള്‍ 
മായാതെ കാക്കുമെ-
ന്നോര്‍ക്കാതിരിക്കുക.
നിന്റെ  വിളര്‍ത്ത  കൈകള്‍ 
എന്റെ  ഉടല്‍  ച്ചൂടിലഭയI
തിരയുന്നു .
നിന്റെ  വിറയ്ക്കുന്ന  ചുണ്ടുകള്‍ 
സ്വാന്തനത്തിന്റെ  
നനുത്ത  ഉമ്മകല്‍ക്കായ്‌
യാചിക്കുമ്പോള്‍ 
ഏതു പാട്ടി നീണത്തിലാണ്
കാറ്റേ.... നിന്നെ  ഞാനൊന്നുറക്കിക്കിടത്തുക .

2012 ജൂലൈ 23, തിങ്കളാഴ്‌ച

ജീവിതം ജുഗല്‍ബന്ദി എന്ന് പറഞ്ഞവള്‍ക്ക്

നീ പറഞ്ഞപോല്‍
നിറഞ്ഞ  സദസ്സിനുമുന്നില്‍ 
പെയ്തൊഴിയുന്നുണ്ട്‌
തോടിയും, കല്ല്യാണിയും 
കണ്ണീര്‍മണവുമായ് നീലാംബരിയും .

തബലയും , തംബുരുവും 
ഡമരുവും , ഡക്കയും 
ഉന്മാദ താളമായ് 
ഉച്ചസ്ഥായിയിലെത്തുമ്പോള്‍
ചടുലതാളത്തിലാടിത്തീര്‍ക്കേണ്ട-
ജുഗല്‍ബന്ദിയായ് ജീവിതം .

ഒടുവില്‍ , മംഗളംചൊല്ലി 
അവസാനിപ്പിച്ചരങ്ങോഴിയുമ്പോള്‍
താളപ്പിഴകളും , ശ്രുതിഭംഗങ്ങളും
ഇഴചേര്‍ന്ന,  വിരസമായൊരു 
പ്രകടനത്തെ  വിമര്‍ശിച്ച്‌
അകന്നുപോകുന്ന  കാഴ്ചക്കാരുടെ 
കാലടിയൊച്ചകള്‍....

എന്നിട്ടും  എന്തിനാണ് 
തെറ്റുകളാവര്‍ത്തിക്കാന്‍ 
വീണ്ടുമൊരു  ജുഗല്‍ബന്ദിക്കായ് 
നര്‍ത്തകിയുടെ  മനസ്  
കൊതിച്ചുക്കൊണ്ടിരിക്കുന്നത് ?

2012 ജൂൺ 17, ഞായറാഴ്‌ച

ക്രമരഹിതമായ്  മിടിച്ച്‌
ജീവിയ്ക്കാന്‍  വെല്ലുവിളിക്കയാണ്
നീ  എറിഞ്ഞു  കളഞ്ഞിട്ടും 
ഉടഞ്ഞ്‌  പോവാത്ത  ഹൃദയം .

എത്രകരയിച്ചാലും 
ഒലിച്ചിറങ്ങി  പോകില്ലെന്ന 
വാശിയാണ് 
നീ ,ഈ  കണ്ണിലെഴുതിയ 
കനവുകള്‍ക്ക് .

നിന്റെ  വാക്കിന്റെ
ചൂടു പുതച്ചേ
ഉരങ്ങിയുണരുയെന്ന്
ചിനുങ്ങുന്നുണ്ട്
അനുസരിക്കനറിയാത്ത
മനസ് .

വടിയെടുത്തൊന്ന്  
കൊടുത്തു നോക്കിയിട്ടും 
പുറത്ത്‌പോവാതെ  
ഹൃദയത്തതിന്റെ അറകളില്‍  
മാറിമാറി ഒളിയ്ക്കയാണ്‌ 
നീ , എനിക്ക് തന്ന നോവ് 
 
വാശിയാണതിനും 
തോല്‍വിയുടെ തണുപ്പില്‍
ഉറഞ്ഞിരിക്കാന്‍  
കൂട്ടായ്  എന്റെ 
കുടെവേണമെന്ന് .



 

2012 മേയ് 15, ചൊവ്വാഴ്ച

കാരണങ്ങള്‍

തൊടിയിറമ്പിലെ  തേക്കിലകളില്‍
രാത്രി വെട്ടം വീണുറങ്ങുന്നത്
കാണാനാണ് ജനലഴികള്‍  
അടയ്ക്കാതിരുന്നത്.

ഇരുട്ടിലൊറ്റയ്ക്ക് 
മടുത്തു  പോകില്ലേയെന്ന്-
കരുതിയാണ് 
ഭരദേവതയ്ക്ക് വിളക്ക് വെച്ചത് . 


ആര്‍ത്തലച്ചു  പെയ്തു , പെയ്ത്‌
കിതച്ചു  വരുന്നവള്‍ക്ക് 
തുടച്ചുടുത്തു  കേറാനാണ് 
കച്ചത്തോര്‍ ത്തും , പാവുമുണ്ടും 
അയലിലിട്ടത്.

തണുപ്പും , ഞാനും 
പുതച്ചുറങ്ങുന്ന 
പ്രണയം  പെയ്യുന്ന  രാത്രിയില്‍ 
നിന്‍റെ നെഞ്ചില്‍  പതുങ്ങാന്‍ 
വേണ്ടിയാണ് 
സ്വപ്നങ്ങളെ  വിരുന്നു  വിളിച്ചത് .

നിന്നിലേക്ക്‌  തനിയെ  
നടന്നടുക്കാനാണ് 
നിഴലിനെക്കൂടി 
പിണക്കി  വിട്ടത്. 

എന്നിട്ടും ,
ഒട്ടിച്ചേര്‍ന്ന  ദിവസങ്ങളുടെ 
നേര്‍ത്ത  വിടവുകളില്‍ നിന്നും 
ഒളിച്ചുച്ചാടുന്ന 
വികൃതിക്കാരണ ങ്ങളെ -
ക്കുറിച്ച്  മാത്രം 
നീ,  ഇങ്ങനെ വേവലാതി 
പ്പെടുന്നതെന്താണ് ..?


2012 ഏപ്രിൽ 28, ശനിയാഴ്‌ച

ഫയര്‍ എഞ്ചിന്‍

അപായ  മണിയുടെ 
കാതടപ്പിക്കുന്ന 
നിലവിളികള്‍ക്കൊപ്പം
സമാനതകളില്ലാത്ത 
വേഗതയോടെ 
പറന്നടുക്കുന്ന 
തീ  വിഴുങ്ങി  പക്ഷി .

എരിഞ്ഞടങ്ങുന്ന  
പകലില്‍ നിന്നും 
മരിക്കാന്‍ മനസില്ലെന്നു-
പറഞ്ഞിറങ്ങിപ്പോന്ന 
പകുതിവെന്ത 
സ്വപ്നങ്ങളുടെ 
തീ ച്ചിറകുകള്‍
ഊതിയണച്ച്
കനലാഴിയിലേക്ക് 
തണുപ്പായ്  നീ 
പെയ്ത്‌ വീഴുമ്പോള്‍ 
അരപ്രാനണിലും
നുരയുന്ന സന്തോഷം 
ചിരിച്ചു  തീര്‍ക്കയാണ് 
കരിയാന്‍  തുടങ്ങിയ 
സ്വപ്‌നങ്ങള്‍ ...


2012 ഏപ്രിൽ 19, വ്യാഴാഴ്‌ച


ഭയം = മരണം

അരൂപിയായ്
അരിച്ചരിച്ചാണ്
അരികിലെത്താര്.
വഴുതി  മാറും മുന്നേ 
ഉടലുകീഴടക്കും .

ദ്രുത  താളത്തില്‍ 
മിടിച്ച്, മിടിച്ച് 
ഹൃദയം ....
മതിപൊന്നെ
മടുത്തില്ലേ  നീ ,
എന്നുപറയാനാകാതെ 
നാവ് വരളും .

ചെറുത്തുനില്‍പ്പിന്‍റെ
ബലമില്ലാത്ത  ചില്ലകള്‍ 
ഒടിച്ചുവീഴ്ത്തി
കഴുത്തിലൊരു 
മരണപ്പിടുത്തമായ് 
ഭയം  മാറുമ്പോള്‍ 
അനിവാര്യമായ 
കീഴടങ്ങല്‍ 
അടുത്തുകണ്ട്
വിറയ്ക്കുന്ന  മനസ് 
വിതുമ്പിപ്പറയും

പ്രിയനേ, 
പ്രാണനകലുന്ന
പിടച്ചിലിലും
എനിക്കടുത്തുണ്ടാകണം 
നിന്‍റെ സ്നേഹക്കരുത്ത് .

2012 ഏപ്രിൽ 18, ബുധനാഴ്‌ച

ഭയം = മരണം

അരൂപിയായ്
അരിച്ചരിച്ചാണ്
അരികിലെത്താര്

വഴുതി  മാറാന്‍ 
ആകും മുന്നെ
ഉടലുകീഴടക്കും .

ഇരട്ടി  വേഗത്തില്‍ 
മിടിച്ച്, മിടിച്ച് 
ഹൃദയം ....
മതിപൊന്നെ
മടുത്തില്ലേ  നീ 
എന്നുപറയാനാകാതെ 
നാവ് വരളും .

ചെറുത്തുനില്‍പ്പിന്‍റെ
ബലമില്ലാത്ത  ചില്ലകള്‍ 
ഒടിച്ചുവീഴ്ത്തി
കഴുത്തിലൊരു 
മരണപ്പിടുത്തമായ് 
ഭയം  മാറുമ്പോള്‍ 
അനിവാര്യമായ 
കീഴടങ്ങല്‍ 
അടുത്തുകണ്ട്
വിറയ്ക്കുന്ന  മനസ് 
വെറുതെ  കൊതിക്കും 

പ്രിയനേ, 
പ്രാണനകലുന്ന
പിടച്ചിലിലും
എനിക്കടുത്തുണ്ടാകണം 
നിന്‍റെ സ്നേഹക്കരുത്ത് .

2012 മാർച്ച് 24, ശനിയാഴ്‌ച

പരീക്ഷ

ഉത്തരമറിയാത്ത
ചോദ്യങ്ങള്‍ ദാനം  തന്ന്
കടന്ന് പോകുന്ന  
പരീക്ഷകള്‍ക്കെല്ലാം
മീനച്ചൂട്.

ജീവിതമെന്ന 
തലക്കെട്ടിനു  താഴെ 
എഴുതിത്തീര്‍ക്കാനാവാതെ
വലിയൊരുത്തരം
മുറിഞ്ഞും ... മറന്നും ...
മഷിമാഞ്ഞ്.....


പൂരിപ്പിച്ചെഴുതാത്ത
അപൂര്‍ണ്ണ  സമസ്യകള്‍
നിറഞ്ഞ  കറുത്ത
കള്ളികളിലേതോഒന്നില്‍
 ഉടക്കിത്തൂങ്ങുന്നത്
അറ്റുപ്പോയ സ്വപ്‌നങ്ങള്‍ .

മനപ്പാടമാക്കിയ
സമവാക്ക്യങ്ങള്‍
പകുതിക്ക് വെച്ച്  മറന്ന്
വിറങ്ങലിച്ചങ്ങനെയിരിക്കുമ്പോള്‍
കാതോര്‍ക്കുന്നതൊരു -
വാണിംഗ് ബെല്ലിന്.


അറിയാം  അപ്പോഴും
ശരിതെറ്റുകള്‍
വിലയിരുത്താന്‍
എവിടെയോ ഒരു
മൂല്ല്യനിര്‍ണ്ണയ -
ക്ക്യാമ്പൊരുങ്ങുന്നുണ്ടെന്ന്.....







2012 മാർച്ച് 16, വെള്ളിയാഴ്‌ച

അടയാളങ്ങള്‍

ഒടുവില്‍ , നീയും ,
നിന്നോടൊപ്പം  ഞാനും 
അവശേഷിക്കും 
അടയാളങ്ങള്‍  മാത്രമായി.... 

ജീവിതം  ബാക്കിവെച്ച 
അടയാളങ്ങളിലേക്ക് 
പുകയൂതി 
ജനിമൃതികളുടെ 
കാണാപാഠങ്ങള്‍ 
ഉരുക്കഴിച്ച്
കാലം  കടന്നുപോകും .
പിന്‍പേ  വരുന്നവര്‍ക്കായ്
അടയാളങ്ങളും 
മാഞ്ഞുതുടങ്ങുമ്പോള്‍
ഒഴിഞ്ഞു  കൊടുത്ത 
ഇടങ്ങളില്‍ 
പതിഞ്ഞ  താളത്തില്‍ 
തലമുറകള്‍ 
പിച്ചവെക്കും.

അതിനുമുന്നേ 
നമുക്ക്  പരസ്പരം 
പകര്‍ത്തിയെഴുതാം
കാലത്തിനു  പോലും 
വായിച്ചു  തീര്‍ക്കാനാവാത്ത 
കവിതകളായ്.

2012 മാർച്ച് 10, ശനിയാഴ്‌ച

സഹയാത്രികന്

മഞ്ഞ് വിഴുങ്ങിയ
വന്‍കരകളും
മഹാസമുദ്രങ്ങളും
മറികടന്ന്
ഏതു തീരത്തേക്കാണ്
നീ  കുതിച്ചോടുന്നത് ?

നിന്‍റെ അകലുന്ന
നീളന്‍ നിഴല്‍
വാശിയോടെ
എന്‍റെ സ്വപനങ്ങളിലേക്കി-
രുട്ടുവീഴ്ത്തുന്നു .

നിന്‍റെ വിരല്‍ തണുപ്പില്‍
അടിമുടി  തണുക്കാതെ ,
നിന്‍റെ  ചുമല്‍ക്കരുത്തില്‍ ചാഞ്ഞ്
കനമിറക്കാതെ,
നിന്‍റെ കണ്‍തിളക്കത്തിലേക്കൊരു -
മ്മനീട്ടാതെ
എന്‍റെ  യാത്രകള്‍
വിരസമാകുമ്പോള്‍
ഒന്നറിയുക .....
നീ  പൊഴിക്കുന്ന
തണുപ്പില്‍ ചവുട്ടി
വരണ്ട  മൌനത്തിന്‍റെ
കൈപിടിച്ച്
ഈ  ഉഷ്ണദൂരങ്ങള്‍
ഞാന്‍  നടന്നുതീര്‍ക്കും ....

2012 ഫെബ്രുവരി 24, വെള്ളിയാഴ്‌ച

വാക്ക്

നിനച്ചിരിക്കാതെയാണ് 
ചിറകുമുളച്ച വാക്ക് 
കൂട് വിട്ടു  പുറത്തു പോവുക 

മാമ്പൂമണക്കുന്ന  
കാറ്റിന്‍റെ കയ്യില്‍ 
തൂങ്ങിയാണ് 
വെയിലുപെയ്യുന്ന 
പകലുമുഴുവന്‍ 
അലഞ്ഞു  തീര്‍ക്കുക 

നരുനിലാവിന്‍റെ
ചില്ലുഗ്ലാസ്സില്‍ 
മധുമാസരാവിന്‍റെ
ലഹരി നുണഞ്ഞ്
രാവേറെ വൈകിയാണ് 
കൂടണയുക
.
കെട്ടിപ്പിടിച്ചൊരുമ്മ -
കൊണ്ടാണ് 
എന്‍റെ നോക്കിന്‍റെ
മുനയൊടിക്കുക.

ആ  വിരിമാറിലൊട്ടി
രാവുതീര്‍ക്കുമ്പോഴാണ്
വാക്കേ .... .... നിന്‍റെ  ചൂട് 
കവിതയായ്‌  എന്നില്‍  വിരിയുക. 

2012 ഫെബ്രുവരി 5, ഞായറാഴ്‌ച

കത്ത്

കൂട്ടുകാരീ......
                  ഇന്നലെ  കണ്ടപ്പോള്‍ 
                   നിലാവിന്‍റെ കയ്യില്‍ 
                  കൊടുത്തയച്ചിരുന്നു 
                  നിനക്ക് തരാന്‍ 
                  കൈക്കുടന്ന  നിറയെ 
                  കുടമുല്ലപ്പൂവുകള്‍ 
  
                 ചുരമിറങ്ങി , ചൂളം  കുത്തി
                 ഉഷ്ണക്കാറ്റെത്തിത്തുടങ്ങി .
                 നിന്‍റെ കവിതകള്‍ 
                 ചൊല്ലിക്കൊടുത്ത്
                 അവനെ  ഞാന്‍  തണുപ്പി  ച്ചിരുത്താരുണ്ട് .

                 വേലിയ്ക്കരുകില്‍ 
                 മൈലാഞ്ചിച്ചെടി
                 തഴച്ചു  വളരുന്നു 
                 നമ്മുടെ  മുടിയിഴയില്‍ 
                 നരപടരാന്‍ 
                 സമ്മതിക്കില്ലെന്ന 
                 വാശിയോടെ ...!

               നീ  നട്ടുനനച്ച 
              അരളിച്ചെടി 
              വടക്കേകോണില്‍ 
              പൂത്തു തുടങ്ങി . 

             നിന്‍റെ  സ്വപ്നത്തിലെയാ -
             പതിവുകാരന്‍ ,
             ചെഗുവേര  മുഖമുള്ള 
             ചെറുപ്പക്കാരന്‍ 
            എന്‍റെ പകല്‍ മയക്കത്തില്‍ 
             പതിവായെത്തി 
             നീ  അവനെ  മറനെന്നു
             പരിഭവിക്കുന്നു .
              എന്താ  പെണ്ണെ ....
             സ്വപ്നങ്ങളോടും
            പിണങ്ങിയോ  നീ ....?

           ഒന്നുറപ്പ് ,
          എത്ര  പരിഭവിച്ചാലും
          അടുത്ത  മഴയ്ക്കുമുന്നെ 
          നീ , എന്നിലേയ്ക്കെത്തുമെന്ന് .
          പുറത്ത് പുതുമഴപെയ്യുമ്പോള്‍
          ഒറ്റപുതപ്പിന്നുള്ളില്‍
          നിന്നോടൊട്ടിക്കിടന്ന്
          നിന്‍റെ  പരിഭവങ്ങള്‍ 
          അലിയിച്ചുകളയാന്‍ 
          എനിക്കല്ലേ  കഴിയൂ...
         എന്‍റെ  പൂമുഖത്തേയ്ക്കു 
         പുതുമഴയും, നീയും  
         കൈകോര്‍ത്തു  കയറുന്ന 
         ഈറന്‍  സന്ധ്യയ്ക്കായ് 
         കാത്തുകൊണ്ട് 
         നിന്‍റെ  സ്വന്തം .................
 
               

              

2012 ജനുവരി 27, വെള്ളിയാഴ്‌ച

പിന്ക്കാഴ്ച്ചകള്‍

പിന്ക്കാഴ്ചയായ് 
പുറകോട്ടോടുന്ന 
അളന്നാല്‍  തീരാത്ത ദൂരങ്ങള്‍ ,
മതിവരാത്ത  കാഴ്ചകള്‍..,

സ്വന്തമെന്ന്
അഹങ്കരിച്ചവയെല്ലാം 
കണ്മറഞ്ഞ  കാഴ്ചയായ് 
പിന്നിലേക്കൊടുംപോള്‍ 
കാലത്തിന്റെ  കണ്ണില്‍ 
പരിഹാസച്ചിരി .

ഇനി ,
പിന്ക്കാഴ്ചയിലെ 
അകലുന്ന  വഴികളിലേക്ക് 
കണ്ണീരിനെ  ഇറക്കിവിട്ട്
മുന്നോട്ടു നടക്കാം  പതിയെ.
പക്ഷെ,  
കൂര്‍ത്ത  മുള്ളും , 
കല്ലും,  കുഴിയും 
നോവിക്കുമ്പോഴെല്ലാം
ചാഞ്ഞിരുന്നു  തേങ്ങാന്‍ 
കൂട്ടുകാരാ .....
എനിക്ക്  നിന്റെ 
നെഞ്ചിന്‍  ചൂട് 
കൂടിയേ തീരു.

അതിനാല്‍ 
നിന്റെ  ദൂരത്തിലെ 
പിന്ക്കാഴ്ചയായ് 
ആദ്യം  മറയാന്‍ 
ഇതു ദൈവത്തോടാണ് 
ഞാന്‍ പ്രാര്‍ഥിച്ചുത്തുടങ്ങേണ്ടത് ?











2012 ജനുവരി 7, ശനിയാഴ്‌ച

ശിശിരം വരുമ്പോള്‍

 ഇല  പൊഴിച്ച്
വിവസ്ത്രയാകാന്‍
ഒരുങ്ങിയ  മാമരമാണ്
നീ  വരാറായെന്നാദ്യം
പറഞ്ഞെത്.
അവളുടെ  നഗ്നമായ
ഉടലഴകില്‍
വിരലടയാളം  ചാര്‍ത്തി
നീ  മടങ്ങിയിട്ടുവേണം
അവള്‍ക്കൊന്നു
പൂത്തുലയാന്‍ ..

നിനച്ചിരിക്കാതെ
പാറിവന്ന്‌
കവിളുരുമി
കടന്നുപോയ
കാറ്റ് പറഞ്ഞതും
നീ  വരാറായെന്ന്.
ഇനി പുതച്ചുറങ്ങാന്‍
തണുപ്പ്തരാമെന്നുറപ്പ് -
ത്തന്നാണവന്‍
പറന്നകന്നത് .

പൂവെവിടെയെന്ന്
ചോദിച്ചപ്പോള്‍
മടിച്ചി  തെച്ചിയും പറഞ്ഞു
നീ  വരാറായെന്ന് .
ഇല  ചാര്‍ത്തില്‍
മഞ്ഞ് ചൂടി
ചിരിച്ചു നില്‍ക്കുന്ന
അവളെക്കാണന്‍
എനിക്കും  ഇഷ്ട്ടമാണ് .

ഉറക്കത്തിലെപ്പോഴോ
ശ്വാസക്കുഴലിലെ
തടസ്സപിടച്ചിലില്‍
ഞെട്ടി ഉണര്‍ന്നാ-
നെഞ്ചിലേക്ക് ചായുമ്പോള്‍
കൂട്ടുകാരാ ....
നീ  നീട്ടുന്ന
ഇന്‍ ഹൈലെര്‍  അല്ലേ
സത്യത്തില്‍
ശിശിരമെത്തിയെന്ന്
എന്നെ  ഓര്‍മിപ്പിക്കുന്നത്.!.........?