2012 ജനുവരി 7, ശനിയാഴ്‌ച

ശിശിരം വരുമ്പോള്‍

 ഇല  പൊഴിച്ച്
വിവസ്ത്രയാകാന്‍
ഒരുങ്ങിയ  മാമരമാണ്
നീ  വരാറായെന്നാദ്യം
പറഞ്ഞെത്.
അവളുടെ  നഗ്നമായ
ഉടലഴകില്‍
വിരലടയാളം  ചാര്‍ത്തി
നീ  മടങ്ങിയിട്ടുവേണം
അവള്‍ക്കൊന്നു
പൂത്തുലയാന്‍ ..

നിനച്ചിരിക്കാതെ
പാറിവന്ന്‌
കവിളുരുമി
കടന്നുപോയ
കാറ്റ് പറഞ്ഞതും
നീ  വരാറായെന്ന്.
ഇനി പുതച്ചുറങ്ങാന്‍
തണുപ്പ്തരാമെന്നുറപ്പ് -
ത്തന്നാണവന്‍
പറന്നകന്നത് .

പൂവെവിടെയെന്ന്
ചോദിച്ചപ്പോള്‍
മടിച്ചി  തെച്ചിയും പറഞ്ഞു
നീ  വരാറായെന്ന് .
ഇല  ചാര്‍ത്തില്‍
മഞ്ഞ് ചൂടി
ചിരിച്ചു നില്‍ക്കുന്ന
അവളെക്കാണന്‍
എനിക്കും  ഇഷ്ട്ടമാണ് .

ഉറക്കത്തിലെപ്പോഴോ
ശ്വാസക്കുഴലിലെ
തടസ്സപിടച്ചിലില്‍
ഞെട്ടി ഉണര്‍ന്നാ-
നെഞ്ചിലേക്ക് ചായുമ്പോള്‍
കൂട്ടുകാരാ ....
നീ  നീട്ടുന്ന
ഇന്‍ ഹൈലെര്‍  അല്ലേ
സത്യത്തില്‍
ശിശിരമെത്തിയെന്ന്
എന്നെ  ഓര്‍മിപ്പിക്കുന്നത്.!.........?




2 അഭിപ്രായങ്ങൾ: