2011 ജൂലൈ 14, വ്യാഴാഴ്‌ച

മച്ചകത്തെ ഭഗവതി

മുത്തശ്ശി പറഞ്ഞ 
ഉറക്കു കഥകളില്‍ 
നീ , ചുവന്ന 
പാവാടക്കാരി. 

കൊച്ചും നാളിലെ 
മിട്ടായി  മധുരങ്ങള്‍ക്ക് 
ആരുമറിയാതെ 
പങ്കു  കാരിയായ് നിന്നെ 
ഒപ്പം കൂട്ടിയില്ലേ .. 

ഉച്ച മയക്കത്തിലേക്ക് 
വീട്  കൂപ്പുകുത്തു -
മ്പോഴെല്ലാം ,
ബാലരമയിലെ 
മായാവി  കഥയുമായ്
നിന്നെത്തേടി 
വന്നില്ലേ  ഞാന്‍? 

മച്ചകത്തെ  ഇരുട്ടില്‍
തനിച്ചായിരുന്ന 
നിന്നെ, എന്നോടൊപ്പം 
വളര്‍ത്തി
വലുതാക്കിയില്ലേ?
 ,

എന്‍റെ കൌമാര- 
കുതൂഹലങ്ങളെ
നാണത്തോടെയെങ്കിലും
നിന്നോടല്ലേ  ആദ്യം 
പറഞ്ഞിരുന്നത്. ?

എന്‍റെ പ്രണയത്തിനു
കാവലാകില്ലെന്നു-
നീ - പിണങ്ങി 
പറഞ്ഞപ്പോഴല്ലേ 
തേടി  വന്ന 
ഗന്ധര്‍വനൊപ്പം
നിന്നെ  കൂടാതെ 
ഞാന്‍ ഇറങ്ങി പ്പോയത്?

വയറ്റില്‍  കുരുത്ത 
കടിഞ്ഞൂല്‍ കുഞ്ഞു 
കരഞൊലിചൊഴുകി-
പ്പോയ  രാത്രിയില്‍ 
മറയുന്ന  ബോധത്തില്‍ -
 കണ്ടത് നിന്‍റെ
ചടുല  നൃത്തം.

നിന്‍റെ  മുഘമുള്ള
പെണ്‍കുഞ്ഞു 
സ്വപ്നത്തില്‍ 
"അമ്മേ"  എന്നുവിളിച്ച 
രാത്രികളിലെല്ലാം ,
മച്ചിലെ  മരപ്പടിമേല്‍ 
പെയ്തുതീര്‍ന്നില്ലേ  
ഞാന്‍ ?

കാലത്തിന്‍റെ
കൈയില്‍ തൂങ്ങി 
ഞാന്‍  നടന്നിട്ടും 
നീ  ഇപ്പോഴും 
മച്ചകത്തെ   ഇരുട്ടില്‍ ....

എന്‍റെ  പ്രിയന്‍റെ
നെഞ്ചിലൊട്ടി-
പ്രണയത്തിന്‍റെ
കടല്‍ ദൂരം 
താണ്ടുപ്പോഴെല്ലാം 
നിന്‍റെ  ഓര്‍മയില്‍ 
ഞാന്‍  തണുത്തുറയുന്നു.

കട്ടപിടിച്ച ഇരുട്ടില്‍ 
നിന്നും ,പുലരി 
പൊന്‍  വെട്ടത്തിലേക്കു -
ആരുമറിയാതെ 
നിന്നെ  തുറന്നു 
വിടണം .


എന്നിട്ടുവേണം ,
നിന്‍റെ സ്വാതന്ത്യത്തിന്‍റെ
സന്തോഷത്തില്‍ 
എനിക്കൊന്നു 
തെളിഞ്ഞു  ജീവിക്കാന്‍ .


 











 









1 അഭിപ്രായം: