2011 ജൂലൈ 2, ശനിയാഴ്‌ച

ചോദ്യ (ചിഹ്ന ) ങ്ങള്‍

ഒടുങ്ങാത്ത 
സംശയങ്ങള്‍ക്ക് 
ഉത്തരങ്ങളുടെ 
നീലാകാശമായിരുന്നവന്‍
ബാക്കിവെച്ച 
ചോദ്യങ്ങള്‍ക്ക് മുന്നില്‍ 
തോറ്റു മടങ്ങുമ്പോള്‍ 
വഴി  കാട്ടിയെപ്പോല്‍
മുന്നില്‍  നടന്ന  ജീവിതത്തെ 
ചേര്‍ത്തു പിടിച്ചതെന്തിനാണ് ?
തീരാത്ത  സംശയങ്ങളെ 
കുടഞ്ഞു  കളഞ്ഞു ,
ദിവസങ്ങളില്‍  നിന്ന് 
ദിവസങ്ങളിലേക്ക് 
ഊളിയിട്ടിറങ്ങിപ്പോയത് 
എന്തിനാണ് ?
പെയ്തു  തീരാത്ത
കണ്ണിണയിലെ
വിളര്‍ത്ത  വെളുപ്പ്‌ 
കരിമഷി  എഴുതി 
കറുപ്പിച്ചെടുത്തതെന്തിനാണ് ?
തല ചായ്ച്ച്ചിരുന്നു 
കഥ  പറയാന്‍ 
താങ്ങായ്‌ ഒരു തോളില്ലെങ്കിലും
ഓരോ  രാവിലും 
ഷെഹസാദയെ പോല്‍ 
പുതിയ  കഥയുമായ്
കാത്തിരുന്നതാരെയാണ് ?
സത്യമല്ലെന്നറിഞ്ഞിട്ടും,
മായക്കാഴ്ചകളില്‍ 
അഭിരമിക്കാന്‍ 
മനസിനെ  പിന്നെയും 
തുറന്നു  വിട്ടതെന്തിനാണ് ?
തീരത്തൊരീ-
സംശയങ്ങള്‍ക്ക് 
ജീവിതമെന്ന 
ഒറ്റവാക്കുത്തരം
ചെവിയില്‍  ചൊല്ലിത്തന്നത് 
കൂടെ  നടക്കുന്ന 
നിഴലാണ്‌ ..

3 അഭിപ്രായങ്ങൾ: