കാസര്‍കോട്ടെ ബതിയടുക്കയില്‍ നിന്നും ഇന്നലെ വിളിച്ച ഒരു കൂട്ടുകാരി നാലഞ്ചു കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയാവാന്‍ പോവുന്ന സന്തോഷം അറിയിക്കുമ്പോഴും വിഷപ്പേടിയില്‍ വിറക്കുന്നുണ്ടായിരുന്നു. ദൂരെനിന്നും ഒരു അമ്മ പ്രാര്‍ഥന അവള്ക്കായുണ്ടെന്നു ഉറപ്പു പറയുമ്പോഴും എന്റെ മനസും പേടികൊണ്ടു ഒരാലിലവിറയല്‍ അനുഭവിച്ചു .വിഷം തീണ്ടാത്ത പ്രാര്‍ഥനകളുടെ ശക്തിയില്‍ ആയുരാരോഗ്യത്തോടെ ജനിക്കാന്‍ അവളുടെ (പേരറിയാത്ത അനേകരുടെയും) കുഞ്ഞുങ്ങള്‍ക്കാവ ണേ എന്നു മാത്രം പ്രാര്‍ഥന .
കാളിയനെ പോലെ
വിഷം ചീറ്റി
കുത്തക ഭീമന്‍
കരിച്ചു കളഞ്ഞത്
ആരുടെ സ്വപ്‌നങ്ങള്‍ ...?
അമ്മക്കണ്ണീരിന്
വിലയിട്ടു നല്‍കുന്ന
നാണയത്തുട്ടിനു പകരം
കണ്ണ് ചൂഴ്ന്നു നല്‍കാന്‍
പുതിയ ' നങ്ങേലിമാര്‍'.
പൂതം വിഴുങ്ങിയ
ഉണ്ണികള്‍ക്കായുള്ള
നിലക്കാത്ത നിലവിളികള്‍ .
അടിവയറ്റില്‍
ജീവന്‍റെ ആദ്യതുടിപ്പ -
റിയുമ്പോള്‍
ചുരന്നൊഴുകുന്ന
മാതൃത്വത്തില്‍,
അടിമുടി നനയേണ്ടവള്‍
ആധിപിടിച്ചുരുകി
ഒലിക്കുന്ന
വിളറിയ കാഴ്ചകള്‍ .
പരീക്ഷിക്കപ്പെടുന്ന
പുരുഷത്വത്തില്‍
തലതാഴ്ത്തി നില്‍ക്കുന്ന
ആണ്‍ ജന്മങ്ങള്‍ .
ഇഴഞ്ഞു നീങ്ങുന്ന
ജന്മങ്ങളുടെ കാവല്‍ക്കാര്‍ക്ക്
നല്‍കാന്‍
വിലകുറഞ്ഞ സഹതാപ -
വാക്കുകള്‍ .
കൂട്ടുകാരി ........,
ഉള്ളില്‍കുരുത്ത
ഉണ്ണിക്കനിയെ
വിഷം തീണ്ടാതെ
കാക്കാന്‍
പ്രാണന്‍ പകരം വെച്ച
നിന്‍റെ പ്രാര്‍ഥനകള്‍ക്കാവണേ -
എന്നെന്‍റെ പ്രാര്‍ഥന .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ