2011 ജൂലൈ 29, വെള്ളിയാഴ്‌ച

നാവികനും , കടലും

ദിശയറിയാത്ത
സമുദ്രായനങ്ങളെ 
പ്രണയിച്ച  ധീരനായ 
നാവികാ,
ഇരുണ്ട  ഭൂഘണ്ടങ്ങള്‍ക്കും
ആത്മഹത്യ  മുനമ്പു-
കള്‍ക്കുമിടയില്‍
തുഴഞ്ഞു  തീരാത്ത
കടല്‍ ദൂര വന്യതയോടുള്ള 
നിന്‍റെ പ്രണയത്തെ 
ഉഷ്ണജലപ്രവാഹമായ് 
ഏറ്റുവാങ്ങിയ 
കടലാഴങ്ങള്‍ .
നിന്‍റെ  സഞ്ചാര-
കഥകളിലെ 
സാഹസികതയെ 
മോഹിച്ചു 
നിനക്കായ്  കടല്‍ 
ഒരുക്കിയ,
എങ്കിലും  കടല്‍യാത്രികാ,
 വിദൂരമായൊരു 
കടല്ക്കാഴ്ചയിലേക്ക്
നിന്‍റെ  പേടകത്തിന്‌ 
ദിശതെറ്റിയാല്‍
വന്യ ദൂരങ്ങളുമായ്
നിന്നെ മോഹിപ്പിക്കാതെ 
ഒരു  കരസ്വപ്നത്തിന്‍റെ 
സുഘാലസ്യത്തില്‍ 
മയങ്ങിക്കിടക്കാനെ
 കടലിനു കഴിയു.  
തീരാ  ദൂരങ്ങള്‍ .  

2011 ജൂലൈ 14, വ്യാഴാഴ്‌ച

മച്ചകത്തെ ഭഗവതി

മുത്തശ്ശി പറഞ്ഞ 
ഉറക്കു കഥകളില്‍ 
നീ , ചുവന്ന 
പാവാടക്കാരി. 

കൊച്ചും നാളിലെ 
മിട്ടായി  മധുരങ്ങള്‍ക്ക് 
ആരുമറിയാതെ 
പങ്കു  കാരിയായ് നിന്നെ 
ഒപ്പം കൂട്ടിയില്ലേ .. 

ഉച്ച മയക്കത്തിലേക്ക് 
വീട്  കൂപ്പുകുത്തു -
മ്പോഴെല്ലാം ,
ബാലരമയിലെ 
മായാവി  കഥയുമായ്
നിന്നെത്തേടി 
വന്നില്ലേ  ഞാന്‍? 

മച്ചകത്തെ  ഇരുട്ടില്‍
തനിച്ചായിരുന്ന 
നിന്നെ, എന്നോടൊപ്പം 
വളര്‍ത്തി
വലുതാക്കിയില്ലേ?
 ,

എന്‍റെ കൌമാര- 
കുതൂഹലങ്ങളെ
നാണത്തോടെയെങ്കിലും
നിന്നോടല്ലേ  ആദ്യം 
പറഞ്ഞിരുന്നത്. ?

എന്‍റെ പ്രണയത്തിനു
കാവലാകില്ലെന്നു-
നീ - പിണങ്ങി 
പറഞ്ഞപ്പോഴല്ലേ 
തേടി  വന്ന 
ഗന്ധര്‍വനൊപ്പം
നിന്നെ  കൂടാതെ 
ഞാന്‍ ഇറങ്ങി പ്പോയത്?

വയറ്റില്‍  കുരുത്ത 
കടിഞ്ഞൂല്‍ കുഞ്ഞു 
കരഞൊലിചൊഴുകി-
പ്പോയ  രാത്രിയില്‍ 
മറയുന്ന  ബോധത്തില്‍ -
 കണ്ടത് നിന്‍റെ
ചടുല  നൃത്തം.

നിന്‍റെ  മുഘമുള്ള
പെണ്‍കുഞ്ഞു 
സ്വപ്നത്തില്‍ 
"അമ്മേ"  എന്നുവിളിച്ച 
രാത്രികളിലെല്ലാം ,
മച്ചിലെ  മരപ്പടിമേല്‍ 
പെയ്തുതീര്‍ന്നില്ലേ  
ഞാന്‍ ?

കാലത്തിന്‍റെ
കൈയില്‍ തൂങ്ങി 
ഞാന്‍  നടന്നിട്ടും 
നീ  ഇപ്പോഴും 
മച്ചകത്തെ   ഇരുട്ടില്‍ ....

എന്‍റെ  പ്രിയന്‍റെ
നെഞ്ചിലൊട്ടി-
പ്രണയത്തിന്‍റെ
കടല്‍ ദൂരം 
താണ്ടുപ്പോഴെല്ലാം 
നിന്‍റെ  ഓര്‍മയില്‍ 
ഞാന്‍  തണുത്തുറയുന്നു.

കട്ടപിടിച്ച ഇരുട്ടില്‍ 
നിന്നും ,പുലരി 
പൊന്‍  വെട്ടത്തിലേക്കു -
ആരുമറിയാതെ 
നിന്നെ  തുറന്നു 
വിടണം .


എന്നിട്ടുവേണം ,
നിന്‍റെ സ്വാതന്ത്യത്തിന്‍റെ
സന്തോഷത്തില്‍ 
എനിക്കൊന്നു 
തെളിഞ്ഞു  ജീവിക്കാന്‍ .


 











 









2011 ജൂലൈ 10, ഞായറാഴ്‌ച

അവസാനമില്ലാത്ത 
മഴകുളംപടിക്കു
ചെവിയോര്‍ത്ത്‌ 
ഉറങ്ങാതെ  തീര്‍ത്ത 
ഒരു  രാത്രി  കൂടി ....
തുറന്നിട്ട  
ജനല്‍ക്കാഴ്ചയായ്
കനം വെച്ച  ഇരുട്ട്
എത്ര  പെയ്തിട്ടും 
തീരാതെ,
ഉരുണ്ടു  കൂടുന്ന 
ആകാശ  സങ്കടം .
ആര്‍ത്തലച്ചു 
കരഞ്ഞുവീഴാന്‍ 
നിനക്കൊരു 
ഭൂമിയുണ്ടെല്ലോ...
ആ  നെഞ്ചിന്‍  ചൂടില്‍ 
കരഞ്ഞമര്‍ന്നു 
അലിയിച്ചു  തീര്‍ക്കു
നിന്‍റെ സങ്കടങ്ങള്‍ 

ജനല്‍  ചതുരത്തിലെ 
രാമഴക്കാഴ്ച്ചേ,
നിന്നിലേക്കൊന്നിറങ്ങി-
നനഞ്ഞാല്‍ 
ഒഴുകി  പോകുന്ന 
സങ്കടങ്ങ ളൊക്കെയേ-
എനിക്കുമുള്ളു
എന്‍റെ കൂട്ടുകാരി .

തിരിച്ചറിവുകള്‍

അറിവെന്ന 
ആനന്ദത്തിനു- 
മപ്പുറത്തെവിടെയോ 
തിരിച്ചറിവെന്ന
സത്യം. 

ഇത്,
ആരാധിച്ച ബിംബങ്ങളുടെ 
അഴിഞ്ഞുവീണ 
പൊയ്മുഖങ്ങള്‍ 
പകര്‍ന്നുതന്ന 
പുതിയ പാഠം .

ഇനി, 
വെയില്‍ വിതച്ച 
വഴികളിലൂടെ 
പകച്ചു നില്‍ക്കാതെ 
തനിയെ നടക്കുവാന്‍ 
മെലിഞ്ഞ കാലിനെ 
പരിചയിപ്പിക്കാം.
ഒപ്പമില്ലാത്ത 
കരുത്തിന്‍റെ കൈകളെ 
തളര്‍ച്ചയില്‍പോലും 
മറക്കാം.
കാലത്തിന്‍റെ
കൈവഴിയിലെ 
അത്താണികള്‍ക്കുമേല്‍
കാത്തിരിപ്പുകളെ 
വിശ്രമിക്കാന്‍ 
വിടാം .
അണയാതെ കത്തുന്ന 
മനസിലെ കൈത്തിരി, 
മിഴിനാളമായി
തെളിയ്ക്കാം.

സഹയാത്രികാ ...
ഈ തളരാത്ത യാത്രയില്‍
തലചായ്ക്കുവാന്‍ 
നിന്‍റെ കനമുള്ള 
തോളുകള്‍ വേണ്ടെ-
ന്നുറയ്ക്കവേ, 
അറിയാതെ കണ്ണുകള്‍ 
നിറയുന്നുവെങ്കിലും ,
അറിയുന്നു ഞാന്‍ ,
ഇത്, 
മുറിവായി 
മാറാത്തൊരറിവെന്ന 
സത്യം ....

2011 ജൂലൈ 2, ശനിയാഴ്‌ച

ചോദ്യ (ചിഹ്ന ) ങ്ങള്‍

ഒടുങ്ങാത്ത 
സംശയങ്ങള്‍ക്ക് 
ഉത്തരങ്ങളുടെ 
നീലാകാശമായിരുന്നവന്‍
ബാക്കിവെച്ച 
ചോദ്യങ്ങള്‍ക്ക് മുന്നില്‍ 
തോറ്റു മടങ്ങുമ്പോള്‍ 
വഴി  കാട്ടിയെപ്പോല്‍
മുന്നില്‍  നടന്ന  ജീവിതത്തെ 
ചേര്‍ത്തു പിടിച്ചതെന്തിനാണ് ?
തീരാത്ത  സംശയങ്ങളെ 
കുടഞ്ഞു  കളഞ്ഞു ,
ദിവസങ്ങളില്‍  നിന്ന് 
ദിവസങ്ങളിലേക്ക് 
ഊളിയിട്ടിറങ്ങിപ്പോയത് 
എന്തിനാണ് ?
പെയ്തു  തീരാത്ത
കണ്ണിണയിലെ
വിളര്‍ത്ത  വെളുപ്പ്‌ 
കരിമഷി  എഴുതി 
കറുപ്പിച്ചെടുത്തതെന്തിനാണ് ?
തല ചായ്ച്ച്ചിരുന്നു 
കഥ  പറയാന്‍ 
താങ്ങായ്‌ ഒരു തോളില്ലെങ്കിലും
ഓരോ  രാവിലും 
ഷെഹസാദയെ പോല്‍ 
പുതിയ  കഥയുമായ്
കാത്തിരുന്നതാരെയാണ് ?
സത്യമല്ലെന്നറിഞ്ഞിട്ടും,
മായക്കാഴ്ചകളില്‍ 
അഭിരമിക്കാന്‍ 
മനസിനെ  പിന്നെയും 
തുറന്നു  വിട്ടതെന്തിനാണ് ?
തീരത്തൊരീ-
സംശയങ്ങള്‍ക്ക് 
ജീവിതമെന്ന 
ഒറ്റവാക്കുത്തരം
ചെവിയില്‍  ചൊല്ലിത്തന്നത് 
കൂടെ  നടക്കുന്ന 
നിഴലാണ്‌ ..

കാലത്തോട് പറയാനുള്ളത്

കാലമേ... 
    നീ  പഠിപ്പിച്ച 
    പാഠങ്ങളില്‍   ഒന്നിലും 
    കവിത  ഇല്ലായിരുന്നു. 
    ഉരുവിട്ടുറപ്പിക്കാന്‍
    നീ  തന്ന  സമവാക്യങ്ങളെ 
    കാണാപ്പുറത്തേക്കെറിഞ്ഞു 
    കൈ  പിടിച്ചു 
    കൂടെ  കൂട്ടിയത് 
    കണ്ണീരിനെ .
    നിന്‍റെ കറുത്തനോട്ടത്തെ 
    അവഗണിച്ച്‌,
    ഞാന്‍  വിരിയിച്ചെടുത്ത 
    സ്വപ്നങ്ങളെ 
    ഇറുത്തെടുത്തു 
    നീ , കടന്നു പോയപ്പോഴൊക്കെ 
   കാലമേ ,.............
   കരുണ  കിനിയുന്നൊരു 
   നോട്ടം  മാത്രമേ 
   കൊതിച്ചിരുന്നുള്ളൂ
  നീ  എനിക്ക്  തന്ന 
  ഉണങ്ങാമുറിവിലെ 
  ചോരകിനിയുന്ന  വേദന 
   നിന്‍റെ  കനത്ത  തോളില്‍ 
  തല ചായ്ച്ചിരുന്നു
  കരഞ്ഞു  തീര്‍ക്കുമ്പോഴും 
  കരുണയോടുരു സ്പര്‍ശം 
  അതല്ലേ  കൊതിച്ചിരുന്നുള്ളൂ
ഇനി ,
    കരുണ  എന്തെന്ന് 
    നീ  പഠിച്ചിട്ടേ 
    "മതി  വരൂ  സമയമായെന്ന "
     നിന്‍റെ  തിടുക്കപ്പെടലിനൊപ്പം 
     ഞാന്‍  ഇറങ്ങി  വരൂ 
     എങ്കിലല്ലേ ,
     കരു ണാദ്രമായൊരു നോട്ടം 
     പിറകെ  വരുന്നവര്‍ക്കേകാന്‍
     എന്‍റെ കാലമേ .....
     നിനക്ക്  കഴിയു .