2011 ജൂൺ 23, വ്യാഴാഴ്‌ച

പ്രാര്‍ഥന

കാസര്‍കോട്ടെ  ബതിയടുക്കയില്‍  നിന്നും  ഇന്നലെ  വിളിച്ച  ഒരു  കൂട്ടുകാരി  നാലഞ്ചു  കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍  അമ്മയാവാന്‍  പോവുന്ന  സന്തോഷം  അറിയിക്കുമ്പോഴും  വിഷപ്പേടിയില്‍  വിറക്കുന്നുണ്ടായിരുന്നു. ദൂരെനിന്നും  ഒരു  അമ്മ  പ്രാര്‍ഥന  അവള്ക്കായുണ്ടെന്നു ഉറപ്പു  പറയുമ്പോഴും എന്റെ മനസും  പേടികൊണ്ടു  ഒരാലിലവിറയല്‍  അനുഭവിച്ചു .വിഷം  തീണ്ടാത്ത  പ്രാര്‍ഥനകളുടെ  ശക്തിയില്‍  ആയുരാരോഗ്യത്തോടെ ജനിക്കാന്‍ അവളുടെ  (പേരറിയാത്ത  അനേകരുടെയും) കുഞ്ഞുങ്ങള്‍ക്കാവ ണേ എന്നു മാത്രം  പ്രാര്‍ഥന .
 

കാളിയനെ  പോലെ 
വിഷം ചീറ്റി
കുത്തക  ഭീമന്‍ 
കരിച്ചു  കളഞ്ഞത് 
ആരുടെ  സ്വപ്‌നങ്ങള്‍ ...? 
അമ്മക്കണ്ണീരിന്
വിലയിട്ടു  നല്‍കുന്ന 
നാണയത്തുട്ടിനു  പകരം 
കണ്ണ് ചൂഴ്ന്നു  നല്‍കാന്‍ 
പുതിയ ' നങ്ങേലിമാര്‍'.
പൂതം  വിഴുങ്ങിയ 
ഉണ്ണികള്‍ക്കായുള്ള
നിലക്കാത്ത  നിലവിളികള്‍ .
അടിവയറ്റില്‍ 
 ജീവന്‍റെ ആദ്യതുടിപ്പ -
റിയുമ്പോള്‍ 
ചുരന്നൊഴുകുന്ന 
മാതൃത്വത്തില്‍,
അടിമുടി  നനയേണ്ടവള്‍
ആധിപിടിച്ചുരുകി 
ഒലിക്കുന്ന
വിളറിയ  കാഴ്ചകള്‍ .
പരീക്ഷിക്കപ്പെടുന്ന
പുരുഷത്വത്തില്‍ 
തലതാഴ്ത്തി  നില്‍ക്കുന്ന 
ആണ്‍  ജന്മങ്ങള്‍  .
ഇഴഞ്ഞു  നീങ്ങുന്ന 
ജന്മങ്ങളുടെ  കാവല്‍ക്കാര്‍ക്ക്
നല്‍കാന്‍ 
വിലകുറഞ്ഞ  സഹതാപ -
വാക്കുകള്‍ .
കൂട്ടുകാരി ........,
ഉള്ളില്‍കുരുത്ത
ഉണ്ണിക്കനിയെ
വിഷം  തീണ്ടാതെ 
കാക്കാന്‍ 
പ്രാണന്‍  പകരം വെച്ച 
നിന്‍റെ പ്രാര്‍ഥനകള്‍ക്കാവണേ  -
എന്നെന്‍റെ പ്രാര്‍ഥന .

2011 ജൂൺ 19, ഞായറാഴ്‌ച

തോണി

ഓളപ്പരപ്പില്‍ 
ആടി ഉലഞ്ഞിട്ടുണ്ട് 
പലവട്ടം .
നീലക്കയങ്ങളുടെ 
അഗാധതയെ 
മോഹിച്ചിട്ടുമുണ്ട്‌ 
തുലാക്കോളു  ചുവപ്പിച്ച 
 പുഴയെ  പുല്‍കി 
നനഞ്ഞുറങ്ങാറുണ്ട്‌ .
ആഴങ്ങള്‍  മടുത്തു 
ഓളപ്പരപ്പില്‍
 എത്തിനോക്കുന്ന 
 മത്സ്യകന്യകയെ 
കഥപറഞ്ഞു , കഥപറഞ്ഞു 
 കരയിക്കാറുണ്ട് .
കണ്ണീരുപ്പുമായ് 
വിങ്ങിവീശുന്ന  കടല്‍കാറ്റിനെ 
പ്രണയിച്ചു  കൂടെ  പോകാന്‍ 
പിടഞ്ഞു  നോക്കാറുണ്ട് .
എന്നിട്ടും ,
യാത്രികരെ  നെഞ്ചിലേറ്റുന്ന 
വേളകളില്‍ , 
മനസുരുവിടുന്ന 
മന്ത്രാക്ഷര  ശക്തിയില്‍ 
തപം  ചെയ്തുരുകുന്ന 
തോണി .
ആരറിയുന്നു ,
തുഴക്കാരനില്ലാതെ
ആഴങ്ങളിലേക്ക് 
തനിച്ചൊരു 
മോഹയാത്ര ,
അതാണ്  തോണിയുടെ 
 സ്വപ്നമെന്ന് .


2011 ജൂൺ 15, ബുധനാഴ്‌ച

ഒളിത്താവളങ്ങള്‍ തേടുമ്പോള്‍

മറവി  മടക്കിത്തന്നവയെ
ഓര്‍മകള്‍   എന്ന് 
പേരിട്ടൊളിപ്പിക്കാന്‍ 
 ഒളിത്താവളങ്ങള്‍   വേണം .
താഴിട്ടു  പൂട്ടിയ 
വാതിലിനു  പിറകില്‍ 
കമിഴ്ന്നു  കിടന്നു 
 കരഞ്ഞുറങ്ങി 
പണ്ടേ  ശീലമുണ്ടവയ്ക്ക്.

എന്തിനും , ഏതിനും 
കണ്ണില്‍  വെള്ളം  നിറച്ചു 
കൂടെ നടക്കുന്ന  ഇവളെ 
ഉറക്കി  ഒളിപ്പിക്കാനും 
വേണം , ഒളിത്താവളം 
ഉണ്ണുമ്പോഴും ,ഉറങ്ങുമ്പോഴും 
എന്തിനു - അവന്‍റെ
മുറുകുന്ന  കൈക്കുള്ളില്‍ 
ഒതുങ്ങുംപ്പോഴും
കൂടെ വന്നു 
 അടക്കിപിടിച്ചു  തേങ്ങാന്‍ 
 ഈ  പെണ്ണിനെന്താ 
 ഭ്രാന്തുണ്ടോ? 
 ഒളിപ്പിക്കണം  ഇവളെ ,
ആരും  കാണാത്തൊരു
 പൊത്തില്‍ .
ഉയിര്‍ത്തെഴുനേല്‍ക്കാന്‍ 
ആവാത്ത  വണ്ണം .

അടഞ്ഞ  വാതിലുകളെ 
അവഗണിച്ചു 
ജനല്‍  പഴുതിലൂടുര്‍ന്നു  ചാടി 
താഴ്വരയിലെ  തണുപ്പിനൊപ്പം
അലയുന്ന  മനസേ ,
നിന്നെ  ഒളിപ്പിക്കാന്‍ 
ജനാലക ളില്ലാത്തൊരിടം 
 തിരയുന്ന  തിരക്കിലാണ് 
 ഞാന്‍ .










2011 ജൂൺ 10, വെള്ളിയാഴ്‌ച

ഉറക്കം

'ഉറക്കങ്ങള്‍ .............
സ്വപ്നങ്ങളില്‍  നിന്നും 
 സ്വപ്നങ്ങളിലേക്കുള്ള 
പറക്കലുകള്‍ 
നഷ്ട്ടങ്ങളെ 
തിരിച്ചു പിടിക്കുന്ന 
 തേരോട്ടങ്ങള്‍
ഫുള്‍  സ്റ്റോപ്പില്ലാത്ത 
പുലര്‍ക്കാല  
സ്വപ്നത്തിനിട -
യില്ലെപ്പോഴോ 
പിടഞ്ഞെഴുന്നെല്‍ക്കുംപോള്‍
 കളിയാക്കി ചിരിക്കുന്ന 
ചുമരിലെ 
 സമയക്കിളി 
എത്ര  ശ്രമിച്ചിട്ടും 
 ഓര്‍ക്കാനകാത്ത
അമ്മ  ത്താരാട്ടിലാടി  തീര്‍ത്ത
കുഞ്ഞും  നാളിലെ 
 തൊട്ടിലു റക്കങ്ങള്‍ 
അപ്പുപ്പന്‍  ത്താടിയും 
അറബി  കഥകളും 
 നിറഞ്ഞ  കൊച്ചുറക്കങ്ങളും 
ഓര്‍മയില്‍  ഇല്ല 
'വലിയകുട്ടി ' എന്ന
 പുത്തന്‍  അറിവുമായ്
ഉറക്കമുണര്‍ന്നത്‌ 
 ഒന്‍പതാം  ക്ലാസ്സില്‍ വെച്ച് 
ലൈബ്രറി  ഹാളിലെ 
ആളൊഴിഞ്ഞ  കോണിലെ 
നേര്‍ത്ത  ഇരുട്ടില്‍ 
കൂട്ടുകാരന്‍  തന്ന 
 കുഞ്ഞുമ്മ 
 തട്ടി മാറ്റിയെങ്കിലും 
രാവുരക്കങ്ങളില്‍ 
അവന്‍  സ്വപ്നമായ് 
 പെയ്തു  തീര്‍ന്നു. 
 പിന്നീടെപ്പോഴോ 
 വര്‍ഗ്ഗ  സമരവും 
സമത്വവും , സ്വാതന്ത്യവും 
 സ്വപ്നം  കണ്ടു  നടന്നവര്‍ 
ഉറക്കം  കളഞ്ഞു 
മനപ്പാട മാക്കാന്‍ 
 തന്ന  തടിയന്‍ 
 പുസ്തകങ്ങളില്‍ 
തലചായ്ച്ചുറങ്ങുമ്പോള്‍
 തിരിച്ചു  വിളിച്ചിട്ടും 
 മടങ്ങി വരാതെ 
 കാല്‍പ്പനിക  സ്വപ്‌നങ്ങള്‍ 
 കരഞ്ഞു കൊണ്ടിറങ്ങിപ്പോയി 
 സ്വപ്നം  കാണാന്‍  ഒരു 
 സ്റ്റാലിന്‍ മീശക്കാരന്‍ 
എത്തിയപ്പോഴേക്കും 
 താലി  തന്ന്
 സ്വപ്നം  സ്വന്തമാക്കിയവന്‍ 
കൂട്ടിനെത്തി .
മതി വരാത്ത 
 ഉറക്കങ്ങളും 
 കണ്ടു  തീരാത്ത 
 സ്വപ്നങ്ങളും 
കൂട്ടിനുള്ളപ്പോള്‍ 
വിരസമാവാത്ത  
ജീവിതത്തെ കെട്ടിപ്പിടിച്ചു 
 പുതപ്പിനുള്ളിലെ 
ഇരുട്ടിലേക്ക് 
 സ്വതന്ത്രയാകാം ..
 

2011 ജൂൺ 5, ഞായറാഴ്‌ച

പൂന്തോട്ടക്കാഴ്ച

"നനഞ്ഞതെങ്കിലും 
 അമ്മേ- എന്നൊരു 
 ചിരിയുമായ് 
എന്‍റെ വെളുത്ത റോസ് 
ഇരുത്തെടുത്തു 
കണ്ണനര്‍ച്ചിക്കുവാന്‍
ഒന്ന് വൈകിയാല്‍ 
പരിഭവിക്കുന്ന 
ശ്യാമ തുളസി .

തെച്ചിയും , ചെണ്ടുമല്ലിയും 
 വെള്ള മന്ദാരവും 
 ശങ്ഘു പുഷ്പ്പവും 
എന്‍റെ ദേവന്മാര്‍ക്ക്-
ലങ്കാരമാകുവാന്‍ 
പൂജക്കെടുക്കാത്ത 
 നിത്യ  കല്ല്യാണിയും 

പൊന്‍  ചെമ്പകത്തിന്റെ 
തണലില്‍ 
 അവനോടു  കുരുകിയിരിക്കുന്ന 
എന്‍റെ  ദുശീലത്തെ 
മാറ്റികളഞ്ഞത് 
 ചുവന്ന  റോസാണ് 
 ചെറുതെങ്കിലും 
 കൂര്‍ത്തമുള്ള്കള്‍
അവള്‍ തന്ന  വേദനകളെ 
കുറുംപെന്നു വിളിക്കാനാ 
എനിക്കിഷ്ട്ടം 
വേനലില്‍  പൂത്ത്, പൂത്ത് 
അവശയായ  മുല്ലവള്ളി .
ചെമ്പക  കരുത്തിലേക്ക് 
 കയറ്റിവിടാം  അവളെ 
 അടുത്ത  വേനലില്‍ 
 പൂത്തുലയാന്‍ 
അവിടെ അവള്‍ 
 തളര്‍ന്നു കിടക്കട്ടെ 

 തോരാ മഴ രാത്രിയിലും 
പൂത്ത് ചിരിക്കുന്ന 
 പാരിജാതം .
 ഏഴാകാശങ്ങള്‍ക്കപ്പുറത്ത് 
 എന്‍റെ  ഗന്ധര്‍വന് 
ഈ പാരിജാത പൂമണം
പകര്‍ന്നു  കൊടുക്കാന്‍ 
 കാറ്റിനോട്  പറയണം 

പല നിറങ്ങളില്‍ 
കുളിര്‍ന്നു  വിറയ്ക്കുന്ന 
 ചെമ്പരത്തി  പൂക്കള്‍ക്ക് 
 കുമാരനാശാന്റെ 
 കവിതയോടിഷ്ട്ടം 
"ഈ  വല്ലിയില്‍  നിന്ന്  ചെമ്മേ " ചൊല്ലി 
കൊച്ചു  മകനെ 
 ചോറുട്ടുംപ്പോഴെല്ലാം 
ചെമ്പരത്തി  ചിരികള്‍ 
കൂട്ടിനെത്താറുണ്ട് 
ഇപ്പോള്‍
ഈ  നനഞ്ഞു   നില്‍ക്കുന്ന 
പൂന്തോട്ടത്തെ 
 തുടച്ചുണക്കാന്‍ 
ഒരു  തൂവാല 
 തിരയുകയാണ്  ഞാന്‍