2010 ഡിസംബർ 20, തിങ്കളാഴ്‌ച

വെറുതെ (പ്രതീക്ഷ)

മറവിയ്ക്കു  മായ്ക്കനാതെ
കനലിലും കനിവായ്
നോവിലും  നനവായ്
ഇരുളിലും  വെളിച്ചമായ്
നീ  എന്തിനാണ്  എന്നുള്ളിലിരുന്നത്?
നിന്‍റെ പറയാത്ത  വാക്കിലെ  പ്രണയം
വായിച്ചിരുന്ന  എന്‍റെ  കണ്ണുകള്‍
കണ്ണീരുകൊണ്ട്  നനച്ച്
സ്വപ്‌നങ്ങള്‍  കൊണ്ടു  തിരിതെളിച്ചു
 ഞാന്‍  എന്‍റെ  കണ്ണുകളെ  കാത്തുവെച്ചു .
എന്നോ  ഒരിക്കല്‍  പ്രണയതണുപ്പുമായ്
നീ  വരുമ്പോള്‍  നിന്നെ  മൂടാന്‍
എന്‍റെ കിനാക്കുരുന്നുകള്‍ കൊണ്ടു
ഞാന്‍  പുതപ്പു  തുന്നി .
നിന്‍റെ   കൈകളിലെ  തണുപ്പ്
എന്നെ  പ്പൊതിയുമ്പോള്‍
എനിക്കൊഴുകണം
ഒരിക്കലും  വറ്റാത്ത  പുഴയായി .
 

2010 ഡിസംബർ 19, ഞായറാഴ്‌ച

പ്രണയത്തിനു ഒരു പെണ്‍ ഭാഷ്യം

അന്ന് ,
       പ്രണയത്തിന്‍റെ  യമുനാ തീരത്ത് 
       രാധയ്ക്കു  കൂട്ടായ് 
       കണ്ണന്‍  ഉപേക്ഷിച്ചു  പോയ 
       വേണുവുണ്ടായിരുന്നു .
       കൃഷ്ണപക്ഷത്തിലെ 
       ശ്യാമരാത്രികളും 
       അവനോടൊപ്പം  ആടിതീര്‍ത്ത
       രാസ പൌര്‍ണമിരാവുകളുടെ
       ഉന്മാദതീക്ഷ്ണതയുമുണ്ടായിരുന്നു.
       അവന്റെ  തോളില്‍
      തലചായ്ചിരുന്നോരാ 
      കടമ്പിന്‍  ചുവട്ടിലെ
       തണലും , തണുപ്പും
       കാളിന്ദിയുടെ  തീരക്കുളിരിലെ
       ഗാഡ, ഗാഡമാം  ആലിംഗനങ്ങളും  ഉണ്ടായിരുന്നു.
       വിരഹത്തിന്‍റെ
      എരിതീയില്‍
      അന്ന് അവളോടോപ്പമുരുകാന്‍
      അവിടെ  ഗോകുലം  മുഴുവനും
     കരഞ്ഞുറങ്ങാന്‍
     അവള്‍ക്കവിടെ   അമ്പാടിയും
     അതിലൊരു  അമ്മദുഖത്തിന്‍
     മടിത്തടവും .
ഇന്ന്
        പറ്റിച്ചിറങ്ങിപ്പോകുന്ന  പ്രണയം
        കാത്തിരുന്നാല്‍  മുഷിയുമെന്ന  താക്കീതുകള്‍
        കാമം  കടിച്ചു കുടഞ്ഞ  മേനിയില്‍
        വിയര്‍പ്പു വിഷത്തിന്‍റെ  അമ്ലഗന്ധം
        വിദൂരമാം  ഓര്‍മയില്‍  പോലുമില്ലാത്ത
        സ്നേഹച്ചുംബനങ്ങള്‍
       അവന്‍ നല്‍കിയ
       വിഴുപ്പിനെ
       അടിവയറ്റില്‍
       ഭാരമായ്‌ ചുമക്കേണ്ട
       ഗതികേടുകള്‍
       അവന്‍റെ  കണ്ണിലെ തിളക്കത്തെ
       പ്രണയമായ്  കരുതിയവളെ
       കുരുതി  നല്‍കുന്ന
       നിഷാദ  ജന്മങ്ങള്‍
      ഒടുവില്‍
       സമൂഹത്തിന്റെ  സുരക്ഷിതത്വത്തില്‍
      അവന്‍  മാന്യനാകുമ്പോള്‍
      വെളിച്ചം  ഭയന്ന്
      ഇരുട്ടു വാരിച്ചുറ്റി
     അവള്‍  ഒതുങ്ങുന്നു. (ഒരുങ്ങുന്നു)
'ഇല മുള്ളില്‍ വീണാലും.......'  
അവളെ ചൂണ്ടി പിറുപിറുക്കുന്ന
 അവരുടെ ചുണ്ടുകളില്‍
പരിഹാസച്ചിരി
കൈനീട്ടി വിളിച്ചിട്ടും
കാണാ പ്പുറത്തേക്കൊളിക്കുന്ന
വ്യര്‍ത്ഥസൌഹൃദങ്ങള്‍
ഇന്ന് ആണ്‍ കാമനയുടെ
ഇരുണ്ട യുഗത്തിലും
നിലയില്ലാക്കയങ്ങളും
നീര്‍ ചുഴികളും കാത്തു വെച്ചുകൊണ്ട്
യമുനകള്‍ കൂട്ടാകുന്നു,
ഈ രാധാ ജന്മങ്ങള്‍ക്ക്..     .    .                  

2010 ഡിസംബർ 18, ശനിയാഴ്‌ച

ദൂരം

           മഞ്ഞു  കൊഴിയുന്ന  മകരത്തിലെ
           തണുപ്പ് കൂട്ടില്‍ 
           തനിച്ചിരിക്കുന്ന  പെണ്‍പക്ഷി 
           അവള്‍ക്കു  കൂട്ടായി 
           സ്വപ്നം  നെയ്തുണ്ടാക്കിയ  
           ഉത്തരീയവുമായി 
           ചക്രവാളത്തെ  കീറിമുറിച്ചു 
           പറന്ന ണയാന്‍
           എവിടെയോ  ഒരാണ്‍പക്ഷി 
           'എവിടെ നീ '?
           വിറയാര്‍ന്ന  ശബ്ദത്തില്‍ 
           പതിയെ  ചിലയ്ക്കുന്ന 
          പെണ്‍പക്ഷിയെ 
         കനംവെയ്ക്കുന്ന തണുപ്പ് 
        കളിയാക്കി .
        തണുത്തുറഞ്ഞു  പോയ  തന്‍റെ
        രക്ത  പ്രവാഹത്തെ 
        ചിറകിനടിയിലെ  ചൂടേകി
        പതിയെ, പതിയെ  അവന്‍ 
       ഉണര്‍ത്തുമെന്ന് 
       അവള്‍ക്കുറപ്പായിരുന്നു . 
       പ്രണയം  കൊണ്ടു  കണ്ണെഴുതി 
       സ്വപ്നം  കൊണ്ടു കുറിവരച്ചു
      അവള്‍  കാത്തിരുന്നു. 
      കരുത്താര്‍ന്ന  ചിറകുകള്‍ 
      ആയത്തില്‍  വീശി 
      അവന്‍ പറന്നു  കൊണ്ടേയിരുന്നു. 
      ഏഴ് കടലും  ഏഴ്  വന്‍കരയും  കടന്നു 
      കാടും മേടും ,കുന്നും കുഴിയും , കടന്നു 
      സ്വപ്‌നങ്ങള്‍  കൊണ്ടു  തീര്‍ത്ത  ഉത്തരീയം 
      മഞ്ഞും , മഴയും, വെയിലുമേറ്റ്    
     നിറം  മങ്ങുന്നത് 
     വേദനയോടെ  അവനറിഞ്ഞു. 
     അവസാനിക്കാത്ത  ആകാശപ്പരപ്പ്‌
     അവന്‍റെ  മുന്നിലെ  വെല്ലുവിളി.
     'തീരാത്തതെന്തേ?'
    അവന്‍റെ  ചോദ്യത്തെ  
    ആകാശ  ദൂരം  അവഗണിച്ചു.
   വെല്ലുവിളികള്‍ ക്കൊപ്പം 
   ദൂരങ്ങളും  അവസാനിക്കില്ലെന്ന റിഞ്ഞിട്ടും
   അവന്‍  പറന്നു കൊണ്ടേയിരുന്നു.

            

2010 ഡിസംബർ 9, വ്യാഴാഴ്‌ച

ജന്മദിനം

              കൊഴിഞ്ഞുവീഴുന്ന   ജന്മദിനങ്ങള്‍ക്ക്
              നരച്ച  വെണ്മ;
              കൊച്ചും  നാളിലെ  മിട്ടായി  മധുരങ്ങള്‍ക്കും
               പാല്പ്പായാസ ചൂടിനുമിപ്പുറം
              ഓര്‍മയിലെ  ജന്മദിനങ്ങള്‍ക്ക്
              മാധുര്യമില്ല.
              ഇപ്പോള്‍ ,
              നിര്‍വികാരതയോടെ  പടിയിറങ്ങി പോവുന്ന
              പിറന്നാളുകളോട്
               പിണങ്ങാന്‍  പോലും  ആവാത്തവിധം
               മുഷിഞ്ഞുപോയ  മനസ്.
               ചുവന്ന  പനിനീര്‍  പൂവില്‍
               മുത്തം  ഒളിപ്പിച്ച
               ഒരു  പിറന്നാള്‍  മധുരം
               ഓര്‍മ  കൂട്ടായി ഒപ്പമില്ലല്ലോ ?
               കാലം  കബളിപ്പിച്ച  മനസിന്‌
              പിറന്നാള്‍  ആശംസകളുമായി
              വരുന്നവനെ
              വിരുന്നുകാരനെന്നു  വിളിക്കണോ?             

2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച

കൂട്ട്

പാതി ആടി അരങ്ങൊഴിഞ്ഞ
പേരറിയാത്ത കൂട്ടുകാരി
നിന്റെ നഷ്ട്ടങ്ങള്‍ എന്റെയും ആകുന്നു.
കനല്‍ പാകിയ വഴികളില്‍
തളര്‍ന്നു നില്‍ക്കവേ
ഞാന്‍ അറിയുന്നു...
നിന്റെ വഴി ശരി യായിരുന്നെന്നു
എവിടെയോ കൊഴിയുന്ന
ആലിപ്പഴങ്ങളെ
മോഹിക്കുന്ന മനസ്സ്
നമുക്ക് തന്ന ദൈവമാണ്
തെറ്റുകാരന്‍
മരുഭൂമിപ്പോലെ
വരണ്ടുണങ്ങിയ മനസ്സുകള്‍
മരുപ്പച്ചകളിലെ
അയഥാര്‍ത്ഥങ്ങള്‍....
തിരിച്ചറിവുകള്‍
തേങ്ങലുകള്‍  ആകുന്നു.
ആകാശ ക്കോണിലെ
തിളക്കമേറിയ  നക്ഷതങ്ങളിലോന്നിനു
നിന്റെ മുഖം
ചിമ്മിയടയുന്ന കണ്ണുകള്‍ക്ക്‌
നക്ഷത്രത്തിളക്കം
 പരുത്ത സത്യങ്ങളില്‍ തട്ടി
 പിടഞ്ഞു വീഴവെ നിന്റെ മിഴിവെട്ടം
വഴിക്കാഴ്ച ആകുന്നു.
മരണത്തിനു നോവില്ലെന്ന
നിന്റെ മന്ത്രണം
എനിക്ക് കുളിര്ത്തെന്നലാകുന്നു
മനം മടുപ്പിക്കുന്ന വിരസതകള്‍ക്ക്
അവധി നല്‍കി
ഞാനുമെത്താം
നിനക്ക് കൂട്ടായി

2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

പഴകിയ ജീവിതം

പുറത്തു നേര്‍ത്തു വരുന്ന മഴത്താ ളം
കനമില്ലാത്ത നിലാ നുലിഴകള്‍ ഇഴയിട്ട
സ്വപ്നപ്പുതപ്പിനുള്ളില്‍ 
വിരിയാന്‍ വെച്ച കിനക്കുരുന്നുകള്‍ക്കരികില്‍
തല ചായ്ച്ചുള്ള രവുരക്കങ്ങള്‍
കനത്ത നാദമായ്‌ ഇടിമുഴക്കങ്ങള്‍ 
അകലെ, അമ്പേറ്റ ഇണക്കുരുവികള്‍
പിടഞ്ഞടങ്ങുന്ന പ്രണയ ദാഹങ്ങള്‍
എരിവു നീറ്റും ഇടനെഞ്ചുമായി      
കാത്തിരിപ്പിന്‍ കനല്‍ത്താലമേന്തി
മുടിയഴിചാര്ത്തരായ് ജീവന്റെ കള്ളികള്‍
ഇഴഞ്ഞാടി മായ്ക്കും തുലാവര്‍ഷ കന്യകള്‍
പ്രണയ പാഥേയത്തിലെന്നും
എരിവിന്റെ വിഷവിത്തു പാകുവാന്‍
സംശയക്കാറ്റുകള്‍
കുതറി മാറീടിലും വീണ്ടും മുറുകുന്ന
പ്രണയ പാശം
തല ചായ്ച്ചുരങ്ങുവാന്‍ വിരിമാറു തേടുന്ന
കൌമാര കൌതുകം
ഇവിടെയീ കാഴ്ചകള്‍ക്കപ്പുറം
നോവിന്റെ കവിതയായൊഴുകുന്നു
പഴയൊരു ജീവിതം 

2010 സെപ്റ്റംബർ 19, ഞായറാഴ്‌ച

ബാക്കിപത്രം (അവശേഷിപ്പുകള്‍)

മനസ്സിലിറ്റുന്ന നനുത്ത സ്നേഹത്തെ
വിളര്‍ത്ത കൈകളില്‍ അമര്‍ത്തി വെക്കണം
ഉടലില്‍ നീരലായ് എരിവുപായുന്ന
പടുനിമിഷതിന്നരുതിയാക്കുവാന്‍
മനസ്സി ലിറ്റുന്ന നനുത്ത സ്നേഹത്തെ
വിളര്‍ത്ത കൈകളില്‍ അമര്‍ത്തി വെക്കണം

എവിടെ വീണുപോയ്‌ കിനാക്കുരുന്നുകള്‍
കടും നിറങ്ങള്‍, ഈ ഉടല്‍ ത്തിളക്കങ്ങള്‍
എവിടെ മാഞ്ഞുപോയ് കരളില്‍ കാത്തൊര
കവിതയും ,കനമെഴാത്ത ചിത്തവും
അരികു പിഞ്ചിയ  നിഴല്ചിത്രമായ്
മനസ്സ് വാട്ടാത്ത  നനുത്ത കാറ്റായ്
നിനവായ്,നിദ്രയായ്‌,നിലക്കാതെനിത്യം
തിമര്‍ത്തു വീഴും മഴത്തുള്ളിയായി
തെളിവെയില്‍പെയ്ത്തില്‍ തിളങ്ങി
നില്‍ക്കുമാ
തുഷാരമായെന്റ്റെ മിഴിത്തിളക്കമായ്‌
അരികിലെന്നു നീ അണയുമെന്നതും
അറിയുകില്ലെനിക്ക്  അറിയുന്നതൊന്നു
'അരുതുകള്‍' ക്കെന്നും  കുരുതി നല്‍കുവാന്‍
കരുതി വെക്കുമീ വിളര്‍ത്ത ജീവനെ .


അക്ഷരങ്ങള്‍ പിണങ്ങി പ്പോയിട്ടില്ലന്നു എന്നെത്തന്നെ വിശ്വസിപ്പിക്കാനായീ കാണിക്കുന്ന സാഹസമാനിപ്പോഴത്തെ കവിത
എഴുത്തുകള്‍ .അക്ഷരങ്ങളെയും ,സ്വപ്നങ്ങളെയും  ചേര്‍ത്ത് പിടിച്ചു നടന്നിരുന്ന ഒരു കൌമാരക്കാരി എന്നിലുമുണ്ടായിരുന്നു എന്ന് എനിക്ക് വിശ്വസിപ്പിച്ചേ ഒക്കു.ജീവിതം ഇടക്കൊക്കെ കാരണമില്ലപരിഭവതുരുത്തില്‍ വന്നു വഴിമുട്ടിനില്‍ക്കുന്നു. പക്ക്വതയുള്ള ഗൌരവക്കാരി ടീച്ചര്‍ ആകാന്‍ കഴി യുന്നെയില്ലല്ലോ !

പെണ്മ

അറുതി വേണം ഭയപ്പാടുകല്‍ക്കിന്നു ,
അറിവുകേടിനും അറുതി വേണമെന് 
അരുതു കള്‍ക്കുമിന്ന വധി നല്‍കീടണം

തിരി തെളിക്കണം ഉള്ളില്‍ -ആ പ്രഭ 
ഉടലിലാകെ തെളിഞ്ഞു കണ്ടീ ടണം
ഉടല് ചായ്ക്കുവാന്‍ പടുനിഴലിനെ 
തിരഞ്ഞിടതിന്നമര്‍ന്നുനിന്നീ ടണം 
നിറഞ്ഞു നില്‍ക്കും ഈ മിഴിയി ണ കളെ 
കരുത്തു തീര്‍ത്‌ഥമായ്‌  തളിച്ചു ണ ക്കണം 
എരിവു  കാ റ്റിലീ  ഉടല്‍ വിറക്കവേ
നാം അറിവിനഗ്നിയില്‍  തണുപ്പകറ്റണം
നനവുണങ്ങാത്ത നടവഴികളില്‍ 
നിഴലിനൊപ്പമായ്‌  നടന്നു നീങ്ങണം 
'അരുതു' ചൊല്ലും മുഖങ്ങളെ നോക്കിയിന്നലിവോടെ
പുഞ്ചിരിക്കാന്‍ കഴിയണം 
ഉടലിലാകെ നിറയണം പെണ്മയിന്നു -
യിരിലാകെ അലിയണം പെണ്മയെ-
ന്നിമയനക്കത്തില്‍ കൂടിയും ഞാനെന്റെ
തെളിഞ്ഞ പെണ്മയെ തിരിച്ചറിഞ്ഞീടണം