2013 സെപ്റ്റംബർ 8, ഞായറാഴ്‌ച

പെയ്യാത്ത മഴകൾ

മണ്ണിനും ,വിണ്ണിനുമിടയിൽ
വിങ്ങി  നിൽക്കുന്ന
ആയിരം  നാവുള്ള  മൌനത്തിന്
പനിചൂട് പകർന്നു  നല്കി
പടിഞ്ഞാറുനിന്നും 
വീശി വരുന്നുണ്ടൊ-
രുഷ്ണക്കാറ്റ് ....

എങ്ങോ  പെയ്തൊഴിഞ്ഞ
മഴത്തനുപ്പിന്റെ  കഥകൾ
മണ്ണിന്റെ  വരണ്ട  മാറിലേയ്ക്ക്
കോരിയിട്ട്
ഓരോ തവണയും  അവൻ
വീശി മടങ്ങിയത്
പെയ്യാത്തൊരു മഴയുടെ
നനഞ്ഞ  മുഖം
മണ്ണിന്റെ  പൊടിഞ്ഞ്  പോകാത്തത
ഓർമ്മകളിൽനിന്നും 
തുത്ത്‌ കളയാനാണ്


എന്നിട്ടും ,മറവിയിലേയ്ക്ക്
പിൻവാങ്ങും  മുൻപ്
മഴയ്ക്ക് ഒരുതവണയെങ്കിലും
ഒന്ന്  പെയ്തൊഴിഞ്ഞുകുടെ
എന്ന   സന്ദേഹവുമായ്
വിണ്ണിലേയ്ക്ക്   കണ്ണുംനട്ട്
കിടക്കയാണ് മണ്ണിപ്പോഴും .............. 

2013 ജൂലൈ 21, ഞായറാഴ്‌ച

മഴയുടെ പ്രണയ മുഖങ്ങൾ

പളുങ്ക്  തോൽക്കുന്ന
മഴനൂലുകൾ ബന്ധിച്ച
ഉടലുമായ് ,
ഉണരുന്ന പുലർവേളകൾ


മഴവിരലിന്റെ തണുപ്പിലുറയാൻ
ഉടലഴകിന്റെ  രഹസ്യങ്ങൾ            
ഒളിച്ച് സൂക്ഷിച്ച ,
വരണ്ട  വേനലിൻ
വരുതികൾക്കൊടുവിൽ
പ്രണയ പ്രളയമായ്
പെയ്ത്  തീരാതെ  മഴരാവുകൾ ....

നിനയാത്ത  നേരത്തെ 
ആശ്ലേഷണങ്ങളിൽ
പരിഭവിചുലയുന്ന  ഉടലിനെ
ച്ചുംബിച്ചണയ്ക്കുവാൻ 
കവിതപൊലെത്തും
പകൽമഴകൾ ..................

ഹരിനാമകീർത്തനം
ചൊല്ലിമുഴിമിക്കുവാൻ  ഇടതരാതെ
പുടവഞൊറികളിൽ
 വിരുതുകാട്ടുന്ന  വിരലുമായി
അരികിലേക്കെത്തുന്ന
പ്രണയക്കുറുംമ്പുള്ള മഴസന്ധ്യകൾ .......

ഒടുവിലൊരുനാൾ ,
പ്രണയത്തിന്റെ   മന്ത്രവടി ചുഴറ്റിവീശി
പ്രിയനേ ,
മറുകരതേടി  നീ ,  
 അകന്നുപോകുമ്പോൾ
ഇറവെള്ളത്തിലെ
കടലാസുതോളികളിലൊന്ന്
തനിയെതുഴഞ്ഞ്  യാത്രയാകണം
പ്രണയമില്ലാത്തൊരു
കരയിലേയ്ക്ക് ........................................













2013 ജൂലൈ 14, ഞായറാഴ്‌ച

മനസ്സിന്റെ ജാലകങ്ങൾ .

നേർത്ത  തിരശ്ശീലക്ൾക്കു ള്ളിലൂടെ
നീ  തന്ന  നിറം  മങ്ങിയക്കാഴ്ചകൾ
ആർക്കാണെന്നും പകൽപ്പൂരങ്ങൾ
ആയിരുന്നത് ?

അടഞ്ഞിരുന്നിട്ടും ,
നേർത്ത  വിടവിലൂടെ
വെളിച്ച  പൊട്ടുകൾ  നീട്ടി
ആരുടെ  ദിവസങ്ങളിലാണ്
നീ , ചിരിത്തിരികൾ
തെളിച്ചത് .?

പൂമുഖ വാതിൽ
ശബ്ദമില്ലാതെ ചാരി
മഴയുടെ  കണ്ണാടിക്കാഴ്ചകൾക്കായ്
ആരാണ്   നിന്നിലേയ്ക്കോടി -
യെത്തിയിരുന്നത്?

 ഈർപ്പം  നിറഞ്ഞ
നിന്റെ  നെഞ്ചിൽ
നേർത്ത  നീണ്ട  വിരലുകളാൽ
ആരായിരുന്നു  പതിവായ്
പ്രണയ ചിത്രങ്ങൾ
വരച്ചത് ?

ഇന്ന് ,
തിമിരം  പടർന്ന്
 അന്ധമായ് പ്പോയ
ക്കാഴ്ചകളിൽ  ഒന്ന് മാത്ര -
മാവാനായിരുന്നെങ്കിൽ
അടഞ്ഞിരുന്നിട്ടും ,
പഴുതുകളിലൂടെ  
വെളിച്ചം  നീട്ടി
എന്തിനാണാ  ജാലകങ്ങൾ
വെറുതെ , ചിരിച്ച്  നിന്നത് ?



പക്ഷിയോട്

 നിനക്ക് വേണ്ടി  ഒരുക്കാം
ഞാൻ
എപ്പഴും  തുറന്നിരിക്കുന്ന
ഒറ്റവാതി ലുള്ളോരു കൂട് .

ആകാശ ദൂരങ്ങൾ താണ്ടി
ഉയരങ്ങൾ  സ്വന്തമാകേണ്ട
നിന്റെ  ചിറകുകളിൽ
എന്റെ  സ്വപ്നത്തിന്റെ
കടുംനിറങ്ങൾ ചാലിച്ചൊഴിച്ച് 
വികൃതമാക്കാതിരിക്കാം .

എന്നോട് തന്നെ കലഹിച്ച് ,
അതിരുകളിലാത്ത ആകാശം
സ്വയം  മറന്ന്  പറക്കാൻ
നിനക്ക്  സ്വന്തമായ്  തരാം ..

പക്ഷീ ,
ദേശാടനങ്ങൾ ക്കൊടുവിൽ,
ചിറക്  കുഴഞ്ഞ്  തിരികെയെത്തുന്ന
നിന്നെയും  കാത്ത്
തനിച്ചിരിക്കാമിവിടെ
ഞാനും , എന്റെയീ 
ഒറ്റവാതിലുള്ള  കൂടും ...................

2013 ജൂലൈ 10, ബുധനാഴ്‌ച

മഴരാത്രികൾ ..

രാത്രികൽക്കു മേൽ
പെയ്തുവീഴാൻ
ഒരുങ്ങിനില്ക്കുന്നു
മഴ,തളം  കെട്ടിയ  ആകാശം .

വിഷാദരാഗം പോൽ
രാമഴ  നേർത്തു പെയ്യുമ്പോൾ
പാതിയിൽ മുറിഞ്ഞ                               
സ്വപ്നത്തിനു പിറകെ
ഇറങ്ങിപോവുന്നുണ്ടുറക്കം ..

ആടിത്തിമർത്ത്
കോലാഹലത്തോടെ
രാത്രികൾക്ക്  മേൽ ചീറിവീശി
വരവറിയിക്കുന്ന മഴക്കാറ്റ് .


കുളിർന്ന് വിറയ്ക്കുന്ന
ഉടലിലേയ്ക്ക്
ചൂടായ്  പടരുന്ന
നിന്റെ  സ്നേഹം .

അപ്പോൾ,
കിനാവിന്റെ  മറുപാതിയുമായ്
പടികയറിവരുന്ന ഉറക്കം 
വീണ്ടും  കണ്ണിണകളെ  
ഉമ്മ വെയ്ക്കാൻ  തുടങ്ങും .



2013 മേയ് 2, വ്യാഴാഴ്‌ച

പാലായനങ്ങൾ

എന്നോട് പറയാതെയാണ്
മിന്നുന്ന വെയിലിലേയ്ക്കു
നീ , ഇറങ്ങിപ്പോയത് .

എത്ര വഴക്കിട്ടാണ്
പതിഞ്ഞ ഈണത്തിൽ
പാട്ടുമൂളി
നിന്നെയും ക്കൊണ്ട്
ചുറ്റിനടന്ന  കള്ളക്കാറ്റിന്റെ
കയ്യിൽനിന്നും
നിന്നെ തിരികെ വാങ്ങിയത് .

നിലാവ് പെയ്യുന്ന
രാത്രികളിൽ
എന്റെ ചെറിയ ജാലകചതുരം
ശബ്ദമില്ലാതെ  തുറന്ന്
നീ ഇറങ്ങി പ്പോവുന്നത്
ഞാൻ അറിയാറില്ലെന്ന്
കരുതിയോ ..?
കണ്ണിൽ  നോക്കിയിരുന്ന്
നീയും , നിലാവും
കഥപറയുന്നത്  കാണാൻ
എത്ര രാവുകൾ
ഞാൻ  ഉറങ്ങാതെ തീർത്തിരിക്കുന്നു .!!

മഴ മദിച്ചു പെയ്യുന്ന
തുലാവർഷ   നാളുകളിൽ
നനഞ്ഞൊട്ടിവന്ന് ചേർത്തണച്ച്
എത്ര വട്ടമാണ്  നീ എന്നെ
തനുപ്പിച്ചുറക്കിയത്  .....

നിന്റെ സന്തോഷങ്ങൾക്കൊന്നും
'അരുതെ'ന്ന്   പറയാഞ്ഞിട്ടാണോ
മനസ്സേ ,
നീ  വീണ്ടും  എന്നെ ഇങ്ങനെ
കബളിപ്പിയ്ക്കുന്നത് ..?


2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

വർത്തമാനങ്ങൾ

നെഞ്ചിലെ  ചോരയിൽ
കുറുക്കിയെടുത്തതാണ്
നിനക്കുള്ള  വാക്കുകൾ .

വാക്കുകൾക്കിടയിൽ നിന്നും
ചുണ്ടിണകളെ  ഇക്കിളികൂട്ടി
പുറത്ത്  ചാടുന്നുണ്ട്
ചില്ലുടയുന്ന  ചിരികൾ ..

എന്റെ  കവിളിൽ
കണ്ണീരുപ്പ്‌  പടർത്തിയത്‌
നിന്റെ  വർത്തമാനത്തിലെ 
 മുനകൂർത്ത വാക്കുകൾ ..

ആ  കണ്‍കളിൽ തെളിയുന്നതീ
 നെറ്റിയിലെ സിന്ദൂരത്തുടുപ്പ് .

വർത്തമാനത്തിന്റെ 
ഇടവേളകളിൽ
മഷികലങ്ങിയ  കണ്‍കളിൽ നിന്നും
നീ  മുത്തിയെടുത്ത
കിനാവുകൾക്ക്
സാന്ധ്യശോഭ ...

മേനികുലുക്കി  നടന്നുപോകുന്നുണ്ട്
നഗരാരവങ്ങൾക്കിടയിൽ 
നമ്മെത്തുറിച്ചുനോക്കിയവരെ
പതിഞ്ഞസ്വരത്തിൽ
നീ  വിളിച്ച
അർദ്ധ നഗ്നരായ
തെറിവാക്കുകൾ.... 

ഒടുവിൽ  ,
ഇരുട്ട്  വീണപ്പോഴാണോ
പെയ്തുതീരാത്ത വർത്തമാനങ്ങൾ
ബാക്കിവെച്ച് ,
ഈ , വിളർത്തു മെലിഞ്ഞ
കൈകളിൽ  നിറയെ
ഉമ്മകൾ  സമ്മാനിച്ച്‌
കുളിരുന്നൊരു കാറ്റായ്
നീ , പടിഞ്ഞാട്ട്  വീശിപ്പോയത്‌ ...... ?






2013 ഫെബ്രുവരി 19, ചൊവ്വാഴ്ച

 നിന്റെ നുരയുന്ന  പാനപാത്രത്തില്‍
എന്റെ  കണ്ണീരിന്റെ  ലഹരി .
അവസാനതുള്ളിയും  കുടിച്ച്  വറ്റിച്ച്
നീ ഉന്മത്തനാകുമ്പോള്‍
നിന്റെ  ഓര്‍മ്മത്താളിലെ
നിറം മങ്ങിയ ചിത്രത്തില്‍ നിന്നടര്‍ -
ന്നിറങ്ങി  നടക്കും  ഞാന്‍
പോയ ജന്മങ്ങളില്‍
നിന്റെ  കൈകോര്‍ത്തു നടന്ന
ആ  നാട്ടിടവഴിയിലൂടെ
 നിന്റെ നുരയുന്ന  പാനപാത്രത്തില്‍
എന്റെ കണ്ണീരിന്റെ  ലഹരി.
അവസാന തുള്ളിയും
കുടിച്ച്  വറ്റിച്ച്  നീ  ഉന്മത്തനാകുമ്പോള്‍
നിന്റെ  ഓര്‍മ്മത്താളിലെ 
നിറം മങ്ങിയ ചിത്രത്തില്‍നിന്നടര്‍ -
ന്നിറങ്ങി നടക്കും  ഞാന്‍
പോയ ജന്മങ്ങളില്‍
നിന്റെ  കൈകോര്‍ത്ത്  നടന്ന
ആ നാട്ടിടവഴിയിലൂടെ .......................