2011 ഡിസംബർ 23, വെള്ളിയാഴ്‌ച

നദി പറയുന്നത്. (പെരിയാറും , അണക്കെട്ടും , കുറെ പൈങ്കിളി ചിന്തകളും )

കടലിന്‍റെ 
പ്രണയിനിയായിരുന്നു.
അവനിലേയ്ക്കു
കുതിചൊഴുകുമ്പോള്‍ 
അണകെട്ടി  തടഞ്ഞത് 
നിങ്ങളല്ലേ...?

നാട്  വികസിക്കാന്‍ 
പ്രണയം  പരിത്യജിച്ച്
തപസ്വിനിയായ് .
വിണ്ടുണങ്ങിയ മണ്ണിന്‍റെ
ഹൃദയാഴങ്ങളിലേക്ക് 
തണുപ്പായ് അരിച്ചിറങ്ങി .
കറുത്തമക്കളുടെ 
വെളുത്ത  ചിരിയില്‍ 
കണ്ണീരുണങ്ങി..

ഈറന്‍  ചേലയില്‍ 
ഉടലഴകൊളിപ്പിച്ച്
രാവുറങ്ങി. 
കടലിന്‍റെ  വിരഹഗാനം 
കാറ്റായ് തഴുകിയപ്പോള്‍ 
ഒതുക്കാന്‍  ശ്രമിച്ച 
എന്‍റെ തേങ്ങലിന്‍റെ തള്ളലിലാണോ
വന്മതിലായ്  എനിക്കുമുന്നില്‍ 
നിന്ന  അണക്കെട്ടേ
നിന്നുള്ള് വിള്ളാന്‍ 
തുടങ്ങിയത്. 

അച്ഛന്‍  മകളെയെന്നപോല്‍
നിന്‍റെ തണുത്ത  കൈകള്‍ 
എന്‍റെ  മുടിയിഴകളെ 
തലോടുമ്പോള്‍ 
നീ  ഒച്ചയില്ലാതെ  കരഞ്ഞിരുന്നു .

 മതി ....
എന്നെയോര്‍ത്തുള്ള
നിന്‍റെയീ  സങ്കടം .
എന്‍റെ  പ്രിയര്‍ 
നിന്‍റെ  കണ്ണീര്‍പ്രളയത്തില്‍ 
മുങ്ങിയൊഴുകിയാലോ..?
നിന്‍റെ  വിറകൊള്ളുന്ന  ഉടല്‍ 
നിനക്കുവയസ്സായെന്നു -
റക്കെപ്പറഞ്ഞിട്ടും 
ചെവിയുള്ളവര്‍ 
കേള്‍ക്കുന്നില്ലല്ലോ ....?

നിനക്കൊരു  ശാപമോക്ഷം 
അതെന്‍റെയും മോഹമാണ് .
പകരം  വരണം  മുന്നില്‍ 
കല്ലും , സിമന്റും, ഉരുക്കും -
കൊണ്ട്തീര്‍ത്ത  
കരയാനറിയാത്തൊ-
രാണൊരുത്തന്‍..

2011 ഡിസംബർ 22, വ്യാഴാഴ്‌ച

നദി പറയുന്നത്. (പെരിയാറും , അണക്കെട്ടും , കുറെ പൈങ്കിളി ചിന്തകളും )

കടലിന്‍റെ 
പ്രണയിനിയായിരുന്നു.
അവനിലേയ്ക്കു
കുതിചൊഴുകുമ്പോള്‍ 
അണകെട്ടി  തടഞ്ഞത് 
നിങ്ങളല്ലേ...?

നാട്  വികസിക്കാന്‍ 
പ്രണയം  പരിത്യജിച്ച്
തപസ്വിനിയായ് .
വിണ്ടുണങ്ങിയ മണ്ണിന്‍റെ
ഹൃദയാഴങ്ങളിലേക്ക് 
തണുപ്പായ് അരിച്ചിറങ്ങി .
കറുത്തമക്കളുടെ 
വെളുത്ത  ചിരിയില്‍ 
കണ്ണീരുണങ്ങി..

ഈറന്‍  ചേലയില്‍ 
ഉടലഴകൊളിപ്പിച്ച്
രാവുറങ്ങി 
കടലിന്‍റെ  വിരഹഗാനം 
കാറ്റായ് തഴുകിയപ്പോള്‍ 
ഒതുക്കാന്‍  ശ്രമിച്ച 
എന്‍റെ തേങ്ങലിന്‍റെ തള്ളല്‍ 
നിന്നെ  മുറിവേല്‍പ്പിച്ചുവോ?

അച്ഛന്‍  മകളെയെന്നപോല്‍
നിന്‍റെ തണുത്ത  കൈകള്‍ 
എന്‍റെ  മുടിയിഴകളെ 
തലോടുമ്പോള്‍ 
നീ  ഒച്ചയില്ലാതെ  കരഞ്ഞിരുന്നു .

 മതി ....
എന്നെയോര്‍ത്തുള്ള
നിന്‍റെയീ  സങ്കടം .
എന്‍റെ  പ്രിയര്‍ 
നിന്‍റെ  കണ്ണീര്‍പ്രളയത്തില്‍ 
മുങ്ങിയൊഴുകിയാലോ..?
നിന്‍റെ  വിറകൊള്ളുന്ന  ഉടല്‍ 
നിനക്കുവയസ്സായെന്നു -
റക്കെപ്പറഞ്ഞിട്ടും 
ചെവിയുള്ളവര്‍ 
കേള്‍ക്കുന്നില്ലല്ലോ ....?

നിനക്കൊരു  ശാപമോക്ഷം 
അതെന്‍റെയും മോഹമാണ് .
പകരം  വരണം  മുന്നില്‍ 
കല്ലും , സിമന്റും, ഉരുക്കും -
കൊണ്ട്തീര്‍ത്ത  
കരയാനറിയാത്തൊ-
രാണൊരുത്തന്‍..

2011 ഡിസംബർ 18, ഞായറാഴ്‌ച

ഉള്ളി

കനമില്ലാത്ത
തോടിനുള്ളിലെ
കരയിക്കുന്ന
എരിവായ് ഉള്ളി.

എളുപ്പമെടുക്കാനായ്
അടുക്കളയിലെ
ചുമര്‍റാക്കിലെ
കയ്യെത്താക്കോണില്‍ നിന്നും
താഴേക്കിറക്കിയ
ഉള്ളിപ്പാത്രമിപ്പോള്‍
ഉപ്പിനും , പഞ്ചസാരയ്ക്കുമിടയില്‍ !

കനമില്ലാതെ ,
ചെറുതായി
ഉള്ളി  അരിഞ്ഞ്
കരഞ്ഞ്‌, കരഞ്ഞ്‌
കലങ്ങി  തീരുന്ന
പകലുകള്‍ .
ഉത്തരം  വേണ്ടാത്ത
കണ്ണീരിനു
ഉള്ളിയെന്നോമന-
പ്പേരിട്ടതാരാണ്?

ഊണ്‍മേശമേല്‍
പതിവായ്‌
ചൂടുള്ള  ഉള്ളിവട ,
ഉള്ളിത്തീയല്‍ ,
ഉള്ളിസാമ്പാര്‍
ഉള്ളിത്തോരന്‍!
 .
അരിഞ്ഞ് കൂട്ടിയ
സങ്കടങ്ങളെ
പുതിയ  പേരിട്ട്
വിളമ്പുമ്പോള്‍
അനുസരണയില്ലാത്ത
മനസ്
വെറുതെ  പിറുപിറുത്തു
"ഇതെന്‍റെ രക്തമാ -
ണിതെന്‍റെ  മാംസമാ -
ണെടുത്തു  കൊള്ളുക ."

2011 ഡിസംബർ 11, ഞായറാഴ്‌ച

വേടന്‍

ദയയുള്ളവന്‍...
കൂട്ടിലടച്ചപ്പോഴും
അതിരിട്ടുപൂട്ടിയോ -
രാകാശത്തുണ്ട്
പറക്കാന്‍ തന്നു.
.എയ്തുവിട്ട
ഓരോ അമ്പും
പകുതിയ്ക്കുവെച്ചു
വലിച്ചൂരി ,
മരുന്ന് പുരട്ടി
തഴുകിയുറക്കി .
പിടഞ്ഞുണര്‍ന്നപ്പോള്‍
നെഞ്ചിലിട്ടു താരാട്ടി .


പക്ഷിച്ചിറകുകള്‍
പകുതിമുറിച്ച്‌
കാണാ പുറത്തേ-
ക്കെറിഞ്ഞു .
ഉണങ്ങാമുറിവില്‍
ചോര കിനിഞ്ഞപ്പോള്‍
ഉമ്മയാലൊപ്പി.

അവന്‍റെ നായാട്ടു -
വേളയില്‍
പക്ഷിക്ക് കാവല്‍
തിളങ്ങുന്ന കത്തിയും
തിളയ്ക്കുന്ന എണ്ണയും .

മുറിഞ്ഞ ചിറകും ,
അടഞ്ഞ കൂടും ,
അതിരിട്ട ആകാശവും .....

സ്വാതന്ത്ര്യം
മരണത്തിലേക്ക്
യാചനയാക്കി
പക്ഷിക്കണ്ണുകള്‍ .

അവന്‍റെ കണ്ണില്‍
പക്ഷെ ,
വളര്‍ത്തി കൊല്ലുന്നതിലെ
സുഖം ....

2011 ഡിസംബർ 5, തിങ്കളാഴ്‌ച

യാത്ര


ഉപാധികളില്ലാത്ത 
പ്രണയം  പോലെ 
നിഷ്കളങ്കമാണ്
ലക്ഷ്യമില്ലാത്ത 
യാത്രയും.

പ്രകാശവേഗതയില്‍ 
പേരില്ലാത്ത 
വാഹനത്തില്‍ 
സഞ്ചരിക്കുമ്പോള്‍ 
ഉറപ്പുണ്ടെനിക്ക്
കൂടെ വരാന്‍ 
നിന്‍റെ പ്രണയവും 
ഒരുങ്ങിയിറങ്ങുമെന്ന്

അതിനു മുന്നെയീ- 
ചുമരിലെ 
തിരക്കിയോടുന്ന 
ഘടികാരസൂചികള്‍ 
എടുത്തുമാറ്റാം.
സ്വസ്തതകളയാന്‍
മുന്നറിയിപ്പിന്‍റെ
അപായമണിയുമായ്‌
സമയരേഖകള്‍ 
ഇവിടെയും
ഒപ്പം  കൂടിയാലോ ?

ഒന്നുറപ്പ് ,
പിന്നിട്ട  ദൂരങ്ങള്‍ 
തിരിഞ്ഞു നോക്കാത്ത 
മടക്കമില്ലാത്ത 
യാത്രയില്‍ 
തലചായ്ച്ചിരുന്ന്
മയങ്ങാന്‍ 
നിന്‍റെ  പ്രണയത്തിന്‍റെ
ഓര്‍മകള്‍  
കൂട്ടിനെത്തുമ്പോള്‍ 
എവിടെയാണ് 
ഞാന്‍  തനിച്ചാവുക?