2011 നവംബർ 13, ഞായറാഴ്‌ച

പനി

വിളര്‍ത്ത  ശരീരത്തില്‍
വിറയലായ് പടരുന്ന
പനിക്കുളിര് .
ഏത് കമ്പിളിയ്ക്കുള്ളിലെ
വാല്സല്ല്യചൂടാണീ -
കുളിരിനെ
കുടഞ്ഞു കളയുക?

പകലിലെ
പനിമയക്കങ്ങളില്‍
ചിറകുള്ള  കുതിരമേല്‍
ആകാശത്തിനു മപ്പുറത്തേക്ക്
പറന്നു പൊങ്ങുമ്പോള്‍
ആര്‍ക്കുവേണ്ടിയാണ്
കൈകള്‍  താഴോട്ട് നീണ്ടത് ?

പേരറിയാത്ത  പൂക്കള്‍
വിരിഞ്ഞു  നില്‍ക്കുമൊ-
രുദ്യാന ക്കാഴ്ച
താഴ്വരയിലെ
തണുപ്പിലൂടെ
പതിയെ നടക്കുമ്പോള്‍
വഴിക്കട്ടുവാന്‍
മുന്നിലൊരു  കുഞ്ഞിക്കാലടി .

പനിക്കഴ്ചയിലെ
പതിവായ്
മഴനഞ്ഞുനില്‍ക്കുമൊരു
'കുട്ടി' ചിത്രം

തൂവെള്ള  താടിതടവി
ഓത്തുപള്ളിയിലെ
ഒതുക്കുകല്ലില്‍
ഒറ്റയ്ക്കിരുന്നു
ചിരിക്കുന്ന
ഹാജി  മൊല്ലാക്ക
അകമ്പടിയായ്
പള്ളിപ്പറമ്പും
മീസാന്‍കല്ലും .

പഴയ  എല്‍. പി  സ്കൂളിനു
പൂമ്പാറ്റ  ചന്തം
കുഞൊച്ചയില്‍
ഒരു 'ജനഗണമന '

ഓളപ്പരപ്പിലെ
തുഴയില്ലാത്ത തോണിക്ക്
കയ്യില്‍ പച്ച  കുത്തിയ
കടലവില്‍പ്പനക്കാരിയുടെ
മുഖം .
കരയില്‍ നിന്ന്
 ജീവനെടുത്ത് വിളിച്ചിട്ടും
തിരിഞ്ഞുനോക്കാത്ത
തിരക്കിട്ടുപോകുന്ന
തോണി .
കണ്ണിലൂരുന്ന  വേദന .

മായക്കാഴ്ചള്‍ക്കൊടുവില്‍
വിയര്‍ത്തു  കുളിച്ച്
ഉടലുണരുമ്പോള്‍
'പിന്നെവരാം ' എന്നൊരു
കള്ള ച്ചിരിയുമായ്
പിന്‍വാങ്ങുന്ന  പനീ.....
നീ , എനിക്കുതന്ന
സ്വപ്നക്കാഴ്ചകള്‍ക്ക്
ഒരായിരം  നന്ദി.




2 അഭിപ്രായങ്ങൾ: