വെയിലകലുന്ന വൈകുന്നേരങ്ങളില്‍ വീടിന്റെ ടെറസ്സില്‍ ഇരുന്ന് ആകാശത്ത് പാറിനടക്കുന്ന മേഘകഷ്ണങ്ങളെ അമ്മുവെന്നും , ഗോപുവെന്നും , ചിന്നുവെന്നുമൊക്കെ വിളിച്ച് വര്‍ത്തമാനം പറയുക കുട്ടിയുടെ പ്രിയപ്പെട്ട വിനോദമായിരുന്നു. 'ഒരു നക്ഷത്രത്തെ താഴോട്ടിട്ട് തര്വോ' ?' അമ്പിളി മാമനെ ഉമ്മ വെക്കാറുണ്ടോ '?' ആകാശത്തിനു തണുപ്പാണോ ?' പീലികണ്ണകള്‍ വിടര്‍ത്തി കുട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ മേഘങ്ങള്‍ ഒഴുകി പ്പോയി.. ..
കുട്ടിയുടെ നനഞ്ഞ കണ്ണിലെ സങ്കടം കണ്ട് അടുത്തിരുന്ന് എന്തോ വായിക്കുകയായിരുന്ന അധ്യാപികയായ അമ്മയാണ് മേഘങ്ങള്‍ എന്താണെന്നും , സിറസ് , ക്യുമുലസ് തുടങ്ങി അവ പലപേരില്‍ ഉണ്ടെന്നും കുട്ടിയോട് പറഞ്ഞത്. പക്ഷെ , ആ പുത്തന്‍ അറിവില്‍ കുട്ടിക്ക് ഒരു താല്‍പ്പര്യവും തോന്നിയില്ല. ആ അറിവിനെ മനസ്സില്‍ നിന്നും മായ്ച്ചുകളഞ്ഞ്
കുട്ടി വീണ്ടും ഗോപുവെന്നും , ചിന്നുവെന്നുമൊക്കെ പറയാന്‍ തുടങ്ങിയപ്പോള്‍ വല്ലാത്തൊരാധിയോടെ അമ്മ കുട്ടിയെ നിര്‍ബന്ധിച്ചു അകത്തുകയറ്റി വാതില്‍ അടച്ചു .
ആകാശം നഷ്ട്ടപ്പെട്ട സങ്കടത്തില്‍ കട്ടിലില്‍ കമിഴ്ന്നു കിടന്നു കരഞ്ഞുറങ്ങിപ്പോയ അന്നാണ് ഏതോ ഒരു അപ്പൂപ്പന്‍മേഘത്തിന്‍റെ തോളിലിരുന്ന്
ആകാശദൂരങ്ങള്‍ താണ്ടുന്ന സ്വപ്നം കുട്ടി കണ്ടത്. സൂര്യനോടും , ചന്ദ്രനോടും , നക്ഷ്ത്രങ്ങലോടും , അഷ്ട്ടഗ്രഹങ്ങലോടും കുശലം പറഞ്ഞ്, പറന്ന് നടക്കാന്‍ രാത്രികള്‍ക്കായി കുട്ടി കാത്തിരിക്കാന്‍ തുടങ്ങി. പതിവായ ആ ആകാശ യാത്രകല്‍ക്കിടയിലെപ്പോഴോ കേട്ട "എന്‍റെ കുഞ്ഞിനിതെന്തുപറ്റി ഈശ്വരാ .........." എന്നൊരു അമ്മത്തേങ്ങല്‍ കുട്ടിയെ വിഷമിപ്പിച്ചുകൊണ്ടിരുന്നു.
കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി രാവുറക്കങ്ങളില്‍ തനിക്കു കാവലിരുന്ന അച്ഛന്റെയും , അമ്മയുടെയും സങ്കടത്തിനു മുന്നില്‍ തോറ്റു കൊടുത്ത് തന്‍റെ പ്രിയസ്വപ്നത്തെ മറക്കാന്‍ കുട്ടി ശീലിച്ചു . കുട്ടിയുടെ തോല്‍വികഥയുടെ തുടക്കമായിരുന്നു അത് .ഒടുവില്‍ അച്ഛനമ്മമാരുടെ നിറ കണ്ണിനുമുന്നില്‍ കീഴടങ്ങി , ജീവിതത്തിലെ ഏറ്റവും വിലപിടിച്ച സ്വപ്നത്തെയും മറന്നെന്നു നടിച്ച് കുടുംബ ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് കുട്ടി ഊര്‍ന്നിറങ്ങി. .
അഞ്ചുവയസുകാരി മകളുടെ കൈപിടിച്ച് , തെളിഞ്ഞ ഒരു സന്ധ്യയില്‍ , നാട്ടുവഴിയിലൂടെ കഥപറഞ്ഞു വെറുതെ നടന്നപ്പോള്‍ മകളുടെ കിളിക്കൊഞ്ചല്‍ കേട്ടു."എന്തു ഭംഗ്യ അമ്മെ ഈ മേഘങ്ങള്‍ക്ക് , ഞാനിവക്ക് എന്‍റെ ഫ്രെണ്ട്സിന്റെ പേരിടട്ടെ? ഇതു പൂജ , അത് നിയ , ദേ ആ കാണുന്നത് പല്ലവി, നോക്കമ്മേ , ഒരു തടിയന്‍ മേഘം , അത് ഞങ്ങടെ രോഷ്നി മിസ് ".
മകളെ വാരിയെടുക്കുമ്പോള്‍ കണ്ണു നിറയുന്നത് അറിയുന്നുണ്ടായിരുന്നു. "എന്തിനാ അമ്മെ കരയുന്നെ " എന്ന മകളുടെ ചോദ്യത്തോട് " എന്‍റെ കണ്ണീരൊ രിക്കലും നിന്‍റെ ആകാശ സ്വാതന്ത്യങ്ങളും , മോഹസ്വപ്നങ്ങളും നിഷേധിക്കില്ല മോളെ " എന്ന് പറഞ്ഞ് മകളെ ചേര്‍ത്തണക്കുമ്പോള്‍ അമ്മയാകാന്‍ കഴിഞ്ഞ ഭാഗ്യത്തിന്‍റെ അനിര്‍വചനീയമായ ആനന്ദത്തില്‍ കുട്ടി പൂത്തുലഞ്ഞുപോയി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ