2011 ഒക്‌ടോബർ 23, ഞായറാഴ്‌ച

പാഠം ഒന്ന്- പ്രകൃതിയും , പെണ്ണും

          ഓരോ പകലിന്റെയും നിറഭേദങ്ങളിലേക്ക് ഉറ്റുനോക്കിയിരുന്ന് ഗൌരി  മെനെഞ്ഞെടുക്കാറുള്ള പുതിയ  പാഠങ്ങളെ കുറിച്ചറിയാന്‍ അയാള്‍ക്കും  കൌതുകമായിരുന്നു.പകലിന്റെ തിളക്കത്തില്‍നിന്നും  സപ്തവര്‍ണ്ണങ്ങള്‍  വേര്‍തിരിച്ചെടുത്ത്‌ കടുംചായങ്ങള്‍ ചാലിച്ച് , മനസിലവള്‍ ചിത്രങ്ങള്‍  വരച്ചുകൂട്ടുന്നത് ഇടക്കൊക്കെ  അയാളും  കാണാറുണ്ടായിരുന്നു. 
           " വെറുതെയിരുന്ന് മുഷിയുന്നില്ലേ  നിനക്ക് " എന്ന അയാളുടെ സംശയത്തിന്നൊടുവിലാണ് ചായങ്ങളും, ക്യാന്‍വാസും,  ഡ്രോയിംഗ് ബ്രഷുകളും  അവള്‍ക്കുമുന്നില്‍  നിരന്നത്.അവളുടെ  ചോദ്യഭാവത്തിന്" ഒന്ന് ശ്രമിച്ചുനോക്കികൂടെ " എന്നൊരൊഴുക്കാന്‍ മറുപടിയായ് പടിയിറങ്ങിപ്പോകുന്ന  അയാളെ  ഗൌരി  വെറുതെ  നോക്കിയിരുന്നു. 
                വര്‍ഷങ്ങള്‍ക്കു  പിറകില്‍ ചിന്നി , ചിണുങ്ങി  മഴപെയ്യുന്ന  ഒരു  വൈകുന്നേരം  കൂട്ടുകാരനൊപ്പമാണ്   അയാള്‍  ഗൌരിയെ  കാണാന്‍  വന്നത്. കറുത്ത്  തിളങ്ങുന്ന  തറയുള്ള  നീളന്‍  വരാന്ത  ചുമരില്‍ തൂക്കിയിട്ട പെയിന്റിങ്ങുകള്‍ ഉറ്റുനോക്കിയിരുന്ന അയാളോട് "എല്ലാം  ഗൌരി  വരച്ചത " എന്ന്  അച്ഛന്‍  അഭിമാനം  കൊണ്ടത്‌ അകത്തെ   മുറിയിലിരുന്ന് അവള്‍ കേട്ടിരുന്നല്ലോ ..എപ്പോഴോ മുറിയിലേക്ക്  കയറിവന്ന  അയാളുടെ "നന്നായ്  വരയ്ക്കുമല്ലേ ?" എന്നാ ഒറ്റ ചോദ്യത്തിന്  മറുപടിപറയാതെ വെളിച്ചം  വന്നു  നിറഞ്ഞു  നില്‍ക്കുന്ന  ജാലകച്ചതുരത്തിലേക്ക് പരമാവധി  ചേര്‍ന്ന് നിന്നത്  എന്തിനായിരുന്നു? അപ്പോള്‍  പകുതി ചാരിയ  വാതിലിനു പിറകില്‍
അസ്വസ്ഥനാകുന്ന അച്ഛനോടുള്ള  സഹതാപം  മാത്രമായിരുന്നില്ലേ  മനസ്സില്‍ .
                   "സ്വപ്നങ്ങളും , വേദനകളും  ഞാന്‍ നിന്നെ  ഏല്‍പ്പിക്കുന്നു , കാത്തുവെക്കുക , ചോദിക്കുമ്പോള്‍  തിരികെത്തരിക " എന്ന്  ആരോടോ  പറഞ്ഞ്‌ വാക്കുകളും , വര്‍ണ്ണങ്ങളും , പ്രണയ  ക്കിലുക്കങ്ങളും  മാത്രം  നിറഞ്ഞു  നിന്നിരുന്ന  ഒരു  ലോകത്തുനിന്നാണ് ഗൌരി  കതിര്‍ മണ്ഡപത്തിലേക്ക്  നടന്നുകയറിയത്.
                     തിമര്‍ത്തു പെയ്യുന്ന  ഇടവപ്പാതി  രാത്രികളില്‍ പ്രണയാര്‍ദ്രമായ  ശബ്ദത്തില്‍  അവളുടെ  ചെവിയില്‍  ഗസലായ്  പെയ്തു ,പെയ്തു  അയാള്‍ ഗൌരിയെ  സ്വന്തമാക്കി. അയാളുടെ  വിരിമാറിലേക്ക്  കൂടുതല്‍ , കൂടുതല്‍  ഒട്ടിക്കിടന്ന് , രോമാവൃതമായ  ആണ്‍ക്കൈകളുടെ സുരക്ഷിത  വലയത്തില്‍  ആശ്വസിച്ച്‌, സ്വച്ചന്തമായ്  ഉറങ്ങാന്‍ പെട്ടന്നുതന്നെ  ഗൌരി  ശീലിച്ചു.ഇടക്കുവെച്ചു  മുറിഞ്ഞ ബിരുദ പഠനം  പൂര്‍ത്തിയാക്കി  അയാളോടൊപ്പം  മഹാനഗരത്തിലേക്ക്‌  ചേക്കേറാന്‍  ഒരുങ്ങുമ്പോള്‍ അച്ഛന്‍  നീട്ടിതന്ന  നിറസഞ്ചയങ്ങളെ" വേണ്ടച്ചാ ,ഇനി  വരയ്ക്കാനൊന്നുഎനിക്കാവില്ലെന്ന്"പറഞ്ഞ്‌  തിരസ്ക്കരിക്കനല്ലേ  തോന്നിയത്. അച്ഛന്റെ  മുഖത്ത്  നീറുന്നൊരു നിരാശ  പടര്‍ന്നു  കണ്ടപ്പോള്‍  യുദ്ധം  ജയിച്ച  പോരാളിയുടെ  സന്തോഷമായിരുന്നില്ലേ  മനസിന്‌.
                      അയാള്‍  എന്ന ഒറ്റബിന്ദുവില്‍ കേന്ദ്രീകരിച്ച  ഒന്നായിത്തീര്‍ന്നു അവള്‍ക്കു  നഗരജീവിതം .സൂചിമുനയോളം  ചെറുതായിപ്പോയ അവളുടെ  ലോകത്തിനു നിറങ്ങള്‍ ഇറ്റിച്ചുനല്കി
അയാളുടെ  പ്രണയം  തെളിഞ്ഞു  നിന്നു.ഒടുവില്‍ , അവളുടെ  മിനുമിനുത്ത  അടിവയറിന് കനം വെച്ച്  തുടങ്ങിയപ്പോള്‍  അയാള്‍ക്കുമുന്നില്‍  അടുക്കള  വാതില്‍  തുറന്നുകൊടുത്ത്‌ പുലര്‍ക്കാല  ആലസ്യത്തോടെ  ചൂരല്‍ക്കസേരയില്‍  ചാരിയിരുന്ന്‌ അവള്‍  കുഞ്ഞുടുപ്പുകള്‍  തുന്നി. അടുക്കളയില്‍ നിന്നും  അയാളുടെ സ്നേഹം  അവള്‍ക്കു  പ്രിയപ്പെട്ട  മധുരവിഭവങ്ങളായ്  ഊണ്‍ മേശ  നിറച്ചു. 
     എന്നാല്‍  എത്രകാത്തിട്ടും, കരുതിയിട്ടും  പകുതിവഴിക്ക്‌  അവളെ  തനിച്ചാക്കി  കുട്ടിക്കുറുംപുകള്‍ എങ്ങോട്ടോ  ഓടിപ്പോയി.  ഓരോ  തവണയും  ആശുപത്രിക്കിടക്കയില്‍  മുഖം  പൂഴ്ത്തിക്കിടന്ന് അവള്‍  വിങ്ങിപ്പൊട്ടി . പിന്നീട്  അവള്‍  തിരഞ്ഞെടുത്ത  മരുന്നും , മന്ത്രങ്ങളും  നിറഞ്ഞൊരു  ലോകത്തേക്ക് , അവളെ  തനിച്ചുവിടാന്‍  ഇഷ്ട്ടമില്ലാത്തത്  കൊണ്ടുമാത്രം അയാളിലെ  അവിശ്വാസിയും  തലകുനിച്ചു  നടന്നുകയറി. ഒടുവില്‍  മരുന്ന്മണവും , മന്ത്രക്കളങ്ങളും മടുത്തു  തുടങ്ങിയപ്പോള്‍ ഗൌരി  പിന്മാറി .
                                 തന്റെ ലോകത്തിന്റെ  വിശാലതയിലേക്ക്‌  ഗൌരിയെ  കൈപിടിച്ച്  കൂടെ  നടത്താന്‍  ശ്രമിച്ചു  പരാചയപെട്ടപ്പോഴാണ്‌ വിഷാദങ്ങളുടെ  ലോകത്ത്   തനിച്ചിരിക്കാന്‍  അവളെ  അയാള്‍  അനുവദിച്ചത് . അങ്ങിനെയാണ്  പകലുകളും , രാവുകളും , ഋതുഭേദങ്ങളും  നല്‍കുന്ന നിറങ്ങളും , നിറമില്ലായ്മകളും മടിയേതുമില്ലാതെ   സ്വീകരിക്കുന്ന  പ്രകൃതി  അവള്‍ക്കു  പ്രിയപ്പെട്ടവളാകാന്‍ തുടങ്ങിയത്. വെയിലിനോടും , കാറ്റിനോടും , മഴയോടും  ഒരുപോലെ  സംവദിച്ചപ്പോള്‍ ദിവസങ്ങളില്‍  നിന്നും വിഷാദം  വറ്റിപ്പോകുന്നത്  അവള്‍  അനുഭവിച്ചറിഞ്ഞു .പ്രകൃതിയുടെ  അമൂര്‍ത്ത  സൌന്ദര്യം  പല  ഭാവങ്ങലായ്  അവളുടെ  ക്യാന്‍വാസുകളില്‍ നിറഞ്ഞു  നിന്നു.പ്രപഞ്ചത്തിലെ  സകല  ചരാചരങ്ങള്‍ക്കും  മാതാവായ  പ്രകൃതിയും , പെണ്ണും ഒന്നാണെന്ന  തിരിച്ചറിവില്‍  മനസ്സില്‍ നിറഞ്ഞു  തുളുമ്പിയ മൃദുല  ഭാവത്തിനു  അവള്‍  മാതൃത്വം  എന്നു പേരിട്ടു . പിന്നെ,  ക്യാന്‍വാസില്‍  തൊട്ടില്‍ക്കുഞ്ഞായ്  പ്രപഞ്ചം  പിറവി  കൊള്ളുന്നതിന്റെ മധുരവേദനയില്‍  അവള്‍  അലിയാന്‍  തുടങ്ങി .......



2 അഭിപ്രായങ്ങൾ:

  1. നല്ലവാചകങ്ങള്‍, മൂന്നാവര്‍ത്തി വായിക്കേണ്ടി വന്നു ഉള്‍ക്കൊള്ളാന്‍.
    ഒരഭിപ്രായം പറഞ്ഞോട്ടേ..സംഭാഷണങ്ങള്‍ പ്രത്യേക പാരഗ്രാഫിലാക്കിയാല്‍ കാണാനും വായിക്കാനും നല്ലതായിരിക്കും...

    മറുപടിഇല്ലാതാക്കൂ