2011 മേയ് 31, ചൊവ്വാഴ്ച

മഴ എത്തുമ്പോള്‍

അവള്‍  എത്തുന്നു. 
ഉഷ്ണം  പുകഞ്ഞ 
ദിവസങ്ങളെ  ഇനി 
ഉറക്കി ക്കിടത്താം
 തണുപ്പിന്റെ   തേരില്‍ 
തനിയെ  എത്തുന്നവളെ 
മിഴിനാളം നീട്ടി 
സ്വീകരിക്കാം .
അവള്‍ക്കു നല്‍കാന്‍
ഒരുവീടും ,
വീട് നിറച്ചു  മൌനവുമായി  
കാത്തിരുന്ന 
പകലുകളെ കുറിച്ച് 
പതം പറഞ്ഞു  കരയാം
ആ  തണുത്ത  തോളില്‍ 
തലചായ്ച്ചു 
രാത്രികളെ  ഇനി 
ഉറങ്ങാതെ  തീര്‍ക്കാം 
നെഞ്ചില്‍  വിങ്ങുന്ന 
സങ്കടങ്ങളെ 
തേങ്ങലുകളാക്കി 
അവളുടെ  
കുളമ്പടികള്‍ക്ക് 
കൂട്ടായ് പറഞ്ഞയക്കാം .
ആ  നനുത്ത  വിരലില്‍ 
തൂങ്ങി 
അറിയാ വഴികളിലൂടെ 
പതിയെ  നടക്കാം 
സന്ധ്യകളില്‍ ,
എന്‍റെ ജാലക  കാഴ്ചയില്‍ 
അവളും -പിന്നെ 
ഗുലാം അലിയും ,
ഗസലുമെത്തുമ്പോള്‍ 
നിഷേധിക്കപ്പെട്ട 
ആകാശ  സ്വാതന്ത്ര്യം  പോലും 
മറക്കാം. 
ഒടുവില്‍ ,
നിന്‍റെ മടക്കയാത്രയില്‍ 
ആ തണുത്ത  തേരില്‍ 
നീ  ഇല്ലാതെ  വയ്യെന്നൊരു 
നുണ  പറഞ്ഞു 
ഒപ്പം  കൂടാം. 


2011 മേയ് 20, വെള്ളിയാഴ്‌ച

കളഞ്ഞു പോയവ

പിഴക്കുന്ന  
കാല്‍ ത്താളങ്ങളോട് 
പരിഭവിച്ചു 
എവിടെയോ 
 അടര്‍ന്നിറങ്ങി  പ്പോയ 
ചിലങ്കകള്‍ ........
വിരല്‍ത്തുമ്പില്‍  നിന്നും 
ഉര്‍ന്നിറങ്ങി
വരില്ലിനി  എന്നു
കനപ്പിച്ചു  പറഞ്ഞു 
അകന്നു പോകുന്ന 
മുദ്രകള്‍ ...........
മടക്കമില്ലെന്നുറപ്പിച്ചു 
മറവിയിലാണ്ടു-
റങ്ങിക്കിടക്കുന്ന 
ഓര്‍മകള്‍ ....
വഴിയിലെവിടെയോ
പാറിയകന്ന
പ്രണയത്തോടൊപ്പം
ഇറങ്ങിപോയ
മനസ് .........
എത്ര  വിളിച്ചിട്ടും
വരാതെ
ഒരുമ്മ  പോലും
തരാതെ
മുഖം  തിരിച്ചുറങ്ങുന്ന
സ്വപ്‌നങ്ങള്‍ ....
നടന്നു  തീര്‍ത്തതെങ്കിലും
മറന്നു പോയ
വഴികളിലൂടെ
കളഞ്ഞു  പോയവയെ
തിരഞ്ഞിറങ്ങാന്‍
ഒരു  വഴികാട്ടി
നക്ഷത്രം ...
അതെന്നാണാവോ
ഉദിക്കുക ..........?

2011 മേയ് 14, ശനിയാഴ്‌ച

നീ പെയ്യുമ്പോള്‍ ..............

നിനക്ക്  പെയ്തിറങ്ങാന്‍  
എനിക്കിനിയും 
വരണ്ടുണങ്ങണം 
ഉന്മാദിയായ് നീ 
പെയ്തു  തുള്ളുമ്പോള്‍ 
വിണ്ടു കീറിയ 
ആഴങ്ങളിലേക്ക് 
വലിച്ചിറക്കി 
 നിന്നെ  ഞാന്‍ 
കുടിച്ചു തീര്‍ക്കും 
എന്‍റെ മാറിന്‍  ചൂടില്‍ 
അമരുന്ന 
നിന്‍റെ കിതപ്പുകളെ 
സ്വന്തമാക്കിയ 
സന്തോഷത്തില്‍ 
ഞാന്‍  തെളിഞ്ഞുറങ്ങും
നിന്‍റെ  തണുപ്പ് നനച്ച 
ഗര്‍ഭ പാത്രവുമായ് 
പിന്നീടുള്ള  കാലം 
ഞാനൊരു  പുഴയായൊഴുകും
നിന്‍റെ  ശുദ്ധ ജന്മത്തെ 
അവതാര നീതി കാത്തു 
ദൈവമാകുവാന്‍ 
വിട്ടുനല്കിക്കൊണ്ട് ................

2011 മേയ് 8, ഞായറാഴ്‌ച

കിളിപ്പാട്ട്

സ്വര്‍ണ്ണ കൂടിന്റെ
ഒറ്റ വാതിലിനു പിന്നില്‍
ആകാശ കീറ് സ്വപ്നം
കണ്ടുറങ്ങുന്ന കിളികുഞ്ഞ്
അടഞ്ഞ വാതിലുകളും
കനത്ത തിരശീലകളും
പകല്‍ വെട്ടം പോലും മറച്ചപ്പോള്‍
മിഴികള്‍ക്കുള്ളില്‍
തിരികൊളുത്തി
അവള്‍ വെളിച്ചമുണ്ടാക്കി
ഊതി കെടുത്താന്‍ വന്ന
കാറ്റിനെ
കനിവൂട്ടി മടിയിലുറക്കി
മുറിവേറ്റ ചിറകിലെ
ചോരത്തുള്ളികള്‍ കൊണ്ടക്ഷര-
ക്കളമെഴുതി
തൊണ്ടയില്‍ തടഞ്ഞ
സങ്കടങ്ങളെ
വിഴുങ്ങി , വിശപ്പക റ്റി
നേരത്തോരീ ണത്തില്‍
ആര്‍ദ്രയായ് പാടി
രാവുറങ്ങി ..............
പതിഞ്ഞ താളത്തി-
ലലസയായ്‌ ആടി
പകലുപോക്കി
അടഞ്ഞ വാതിലില്‍
മുഘമമര്‍ത്തിയാ -
കവിത മൂളി
"ബന്ധുര കാഞ്ചന
കൂട്ടിലാണെങ്കിലും
ബന്ധനം , ബന്ധനം
തന്നെ പാരില്‍ ..............

കിളിപ്പാട്ട്

സ്വര്‍ണ്ണ കൂടിന്റെ
ഒറ്റ വാതിലിനു പിന്നില്‍
ആകാശ കീറ് സ്വപ്നം
കണ്ടുറങ്ങുന്ന കിളികുഞ്ഞ്
അടഞ്ഞ വാതിലുകളും
കനത്ത തിരശീലകളും
പകല്‍ വെട്ടം പോലും മറച്ചപ്പോള്‍
മിഴികള്‍ക്കുള്ളില്‍
തിരികൊളുത്തി
അവള്‍ വെളിച്ചമുണ്ടാക്കി
ഊതി കെടുത്താന്‍ വന്ന
കാറ്റിനെ
കനിവൂട്ടി മടിയിലുറക്കി
മുറിവേറ്റ ചിറകിലെ
ചോരത്തുള്ളികള്‍ കൊണ്ടക്ഷര-
ക്കളമെഴുതി
തൊണ്ടയില്‍ തടഞ്ഞ
സങ്കടങ്ങളെ
വിഴുങ്ങി , വിശപ്പക റ്റി
നേരത്തോരീ ണത്തില്‍
ആര്‍ദ്രയായ് പാടി
രാവുറങ്ങി ..............
പതിഞ്ഞ താളത്തി-
ലലസയായ്‌ ആടി
പകലുപോക്കി
അടഞ്ഞ വാതിലില്‍
മുഘമമര്‍ത്തിയാ -
കവിത മൂളി
"ബന്ധുര കാഞ്ചന
കൂട്ടിലാണെങ്കിലും
ബന്ധനം , ബന്ധനം
തന്നെ പാരില്‍ ..............

അവള്‍ അഥവാ ഭൂമി

പണ്ടെന്നോ പെയ്തൊഴിഞ്ഞ
മഴത്തനുപ്പിന്റെ
ഓര്‍മയില്‍
കുളിര്‍ന്നുറങ്ങുന്നവള്‍,
ഉഷ്ണക്കാറ്റുണക്കുന്ന
ഉച്ച നേരങ്ങളില്‍
ആഴങ്ങളില്‍
പണ്ട് കിനിഞ്ഞിറങ്ങിയ
തണുപ്പിന്‍റെ
തോരാപ്പെയ്ത്തിലേക്ക്
തിരിഞ്ഞോടി ,
കിതച്ചു നിന്നവള്‍ .
തിരിമുറിയാത്ത
ഞാറ്റുവേല പ്പെയ്ത്തുപോലെ
അവസാനമില്ലാത്ത
ഓര്‍മ്മകള്‍ക്ക്
ജീവിതം
പകുത്തു കൊടുത്തു
നിസ്വയായവള്‍.
എന്നിട്ടും,
പുതുനാമ്പുകളെ
കിളിര്‍പ്പിക്കേണ്ടത്
നിയോഗമാണെന്ന
തിരിച്ചറിവില്‍
ആയിരം അരുമക്കനികളെ
ഗര്‍ഭം ധരിച്ചു
വിരിയിച്ചെടുത്തവള്‍.
ജീവരക്തത്തിനുയിര്‍നല്‍കി
മാറിലെ പാല്‍ഞരമ്പുകള്‍
വരളാതെ കാത്തവള്‍ .
കൂര്‍ത്ത നഖങ്ങള്‍
ആഴ്ത്തി, ആഴ്ത്തി
ഊറ്റിയെടുക്കപ്പെടുന്ന
കന്യകാത്ത്വത്തിനു
പ്രാണന്‍റെ വിലപറഞ്ഞവള്‍
........... ................. .....................
ഉടലഴകിലേക്ക്
പെയ്തിറങ്ങിയ
പെരുമഴക്കാലത്തിന്റെ
ഓര്‍മകളില്‍
കുളിര്‍ന്നുറങ്ങുന്നവളെ
ഭൂമി എന്ന് വിളിക്കാമോ ..........?

വെയില്‍ പറഞ്ഞത് . (സൂര്യാഘാതം )

പൊള്ളൂന്നോ ............?
സ്വപ്നമുറങ്ങുന്ന
കുറുമ്പന്‍  ക്കണ്ണിന്‍റെ 
ചിമ്മി  തുറക്കലായ്
 ഒരു കുസൃതി  ചോദ്യം 
ഉച്ച വെയിലിന്‍റെ
ചൂടന്‍ കയ്യിലേക്ക -
മര്‍ന്നു നിക്കലായ് 
ഉത്തരം .
പൊള്ളിക്കുന്ന  വിരല്‍ ചൂടേറ്റു 
നിന്ന് കത്തുമ്പോള്‍ 
ഉരുകി  ഒലിക്കുന്ന
കൃഷ്ണമണികളെ  നോക്കി 
കണ്ണുനീരെന്ന 
കളിയാക്കലുകള്‍. 
കനല്‍   ച്ചുമ്പനങ്ങളില്‍
അസ്ഥി  നുറുങ്ങവേ
ഉരുകി ഒലിക്കുന്ന 
 ലാവാ പ്രവാഹം 
ചോരയും , നീരും 
കുടിച്ചു തീര്‍ത്തു
"തീയില്‍  കുരുക്കാഞ്ഞതെന്തേ........ ?"
എന്നൊരോമന ചോദ്യം  
 എറിഞ്ഞു തന്നു 
പടിയിറങ്ങുന്ന 
ഉച്ചവെയില്‍ 
ഒരു  പിന്‍വിളിക്ക് 
കാതോര്‍ക്കുമോ ?
  

2011 മേയ് 2, തിങ്കളാഴ്‌ച

കാറ്റിനോട്


സ്വപ്നങ്ങളുടെ നിറമെല്ലാം
ഊതിക്കെടുത്തി
ചിലമ്പി , ചിരിച്ചു പോകുന്ന
ഉഷ്ണക്കാറ്റുകള്‍ .
ചിതലരിച്ച മോഹങ്ങളെ
താരാട്ടുന്ന
തൊട്ടില്‍ ത്താളങ്ങളെപോലും
ഉലച്ചുകളഞ്ഞു
ഓടിമറയുന്ന
കാറ്റിന്‍റെ സീല്‍ക്കാരങ്ങള്‍ .
കാഴ്ച മായ്ക്കും
പൊടിക്കാറ്റായും,
പ്രാണനെടുക്കും
കൊടും ക്കാറ്റായും
വന്നുമൂടാതെ
ചുഴറ്റി എടുത്തു
കൊണ്ടുപോയ് എന്നെ
ഒന്നറബിക്കടലില്‍
എറിയാമോ ?
എന്നോ കളഞ്ഞുപോയ
നിധി
ആഴങ്ങളില്‍ ഒളിച്ചിരിപ്പുന്ടെങ്കിലോ?