2012 ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഒരു അനുഭവം -- കഥയും , കവിതയും അല്ലാതെ

മുറ്റത്തെ  ചെമ്പകച്ചോട്ടില്‍ ചിറകൊടിഞ്ഞ
പക്ഷിക്കുഞ്ഞിനെക്കണ്ടത്
കണ്ണില്‍  കുറുമ്പ്  കൂടുതലുള്ള  കൊച്ചുമകനാണ് .

"നോക്കമ്മേ , ചിറകൊടിഞ്ഞൊരു  പക്ഷി" -
യെന്ന് വിതുമ്പുമ്പോള്‍
കുരുമ്പകന്ന് , നനവുപടര്‍ന്നിറങ്ങിയ
രണ്ട് , കുട്ടി കണ്ണുകള്‍  മാത്രമായ്  അവന്‍ .
മധുരപ്പാലും , ദോശത്തുണ്ടും വേദന മാറ്റാഞ്ഞ്
ദീനയായ് ,നേര്‍ത്ത്  വരുന്നകരച്ചിലായ്
പക്ഷിക്കുഞ്ഞ് .

വിതുമ്പലുയര്‍ന്ന്‍  ഒരു പൊട്ടിക്കരച്ചിലായ്
എന്നെ കെട്ടിപ്പിടിക്കുന്ന  കൊച്ചുകൈകള്‍ .

ഓട്ടോറിക്ഷയില്‍ , മൃഗാശുപത്രിയിലേക്കുള്ള
കുഴികള്‍ നിറഞ്ഞ  ചെമ്മണ്‍പാതയിലെ
ഓരോ  കുലുക്കങ്ങളിലും
അവനും,പക്ഷിക്കുഞ്ഞും , കൂടെ ഞാനും
നൊന്തു പിടഞ്ഞു .
ഒടുവില്‍, ചെറുപ്പക്കാരന്‍  സര്‍ജെന്റെ കൈയ്യില്‍
പ്ളാസ്റ്ററിട്ട ചിറകുമായ്
പക്ഷിക്കുഞ്ഞ്  ചിരിച്ചുത്തുടങ്ങി .

വലിയൊരു  മധുരച്ചിരിയില്‍ പൂത്തുലയുന്ന
മകനെ  വാരിയെടുത്ത്‌ പടിയിറങ്ങുമ്പോള്‍
 എന്റെ  നനയുന്ന  കണ്ണുകള്  ഉമ്മവെച്ച്
അവന്‍  പറഞ്ഞു .
"അമ്മേ , നോവിക്കില്ല  ഞാന്‍  ഒന്നിനെയും ,
പുല്ലിനേയും , പുഴുവിനേയും ."
എന്റെ  ഉള്ളില്‍  അവന്‍  കിടന്ന  ഗര്‍ഭപാത്രം
അഭിമാനം  കൊണ്ട്  തുടിച്ചു .

പ്രാര്‍ഥിക്കും  ഞാന്‍ ......




ഭാവിയിലവന്‍  പുള്ളിനേയും ,പൂമ്പാറ്റയേയും
നോവിച്ച്‌ രസിക്കുന്ന നീച  ജന്മമ്മായ്
മാറാതിരിക്കാന്‍ .

1 അഭിപ്രായം: