2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

കാത്തിരിപ്പ്

ചിത്രജാലകങ്ങള്‍   
ശബ്ദമില്ലാതെ  തുറന്ന്
ഏതു രാവിലാണ് 
തെന്നലും , നീയും 
എന്നിലേക്കെത്തുക?

മൌനത്തിന്‍റെ  ഈ 
പുകയുന്ന  നെരിപ്പോടില്‍ 
കഥയില്ലാത്ത  സ്വപ്നങ്ങള്‍ക്ക് 
കാവല്‍ക്കാരിയായ്
വെറുതെ  ഇങ്ങനെ ഇരിക്കുമ്പോള്‍ 
നിലാനൂലിലെ തണുപ്പായ് 
പ്പാദസ്വനത്തിന്‍റെ  
പതിഞ്ഞ  താളം  പോലുമില്ലാതെ 
എന്നാണ് നീ  എന്നിലേക്കൂര്‍ന്നിറങ്ങുക ?

ഈ  ചില്ലുജാലകങ്ങള്‍ 
ശബ്ദമില്ലാതെ  തുറന്ന് 
ആ  കൈക്കരുത്തിലേക്കൊന്നു- 
ചേര്‍ത്തു നിര്‍ത്തി, 
നെറുകയില്‍  ഒരുമ്മത്തനുപ്പായ്
ഉടലിലേക്ക് 
നീ, ആഴ്ന്നിറങ്ങുമ്പോള്‍ 
എന്‍റെ കഥയില്ലാത്ത 
സ്വപ്നങ്ങളെ 
സ്വതന്ത്രരാക്കി 
ഞാന്‍ , അലയാന്‍  വിടും .

നിന്‍റെ അവസാന  ചുംബനം 
എന്‍റെ  ചുണ്ടിലെ 
അവശേഷിച്ച  ഉറക്കുപ്പാട്ടിനെയും 
ഊതിക്കളയും .
തിരിച്ചുപോക്കിനായ് 
നിലാനൂലിലേക്ക് നീ 
പിന്‍വാങ്ങുമ്പോള്‍ 
നീ തന്ന  തണുപ്പിറക്കിയിറക്കി
ഞാനങ്ങനെ ..................




2011 ഒക്‌ടോബർ 23, ഞായറാഴ്‌ച

പാഠം ഒന്ന്- പ്രകൃതിയും , പെണ്ണും

          ഓരോ പകലിന്റെയും നിറഭേദങ്ങളിലേക്ക് ഉറ്റുനോക്കിയിരുന്ന് ഗൌരി  മെനെഞ്ഞെടുക്കാറുള്ള പുതിയ  പാഠങ്ങളെ കുറിച്ചറിയാന്‍ അയാള്‍ക്കും  കൌതുകമായിരുന്നു.പകലിന്റെ തിളക്കത്തില്‍നിന്നും  സപ്തവര്‍ണ്ണങ്ങള്‍  വേര്‍തിരിച്ചെടുത്ത്‌ കടുംചായങ്ങള്‍ ചാലിച്ച് , മനസിലവള്‍ ചിത്രങ്ങള്‍  വരച്ചുകൂട്ടുന്നത് ഇടക്കൊക്കെ  അയാളും  കാണാറുണ്ടായിരുന്നു. 
           " വെറുതെയിരുന്ന് മുഷിയുന്നില്ലേ  നിനക്ക് " എന്ന അയാളുടെ സംശയത്തിന്നൊടുവിലാണ് ചായങ്ങളും, ക്യാന്‍വാസും,  ഡ്രോയിംഗ് ബ്രഷുകളും  അവള്‍ക്കുമുന്നില്‍  നിരന്നത്.അവളുടെ  ചോദ്യഭാവത്തിന്" ഒന്ന് ശ്രമിച്ചുനോക്കികൂടെ " എന്നൊരൊഴുക്കാന്‍ മറുപടിയായ് പടിയിറങ്ങിപ്പോകുന്ന  അയാളെ  ഗൌരി  വെറുതെ  നോക്കിയിരുന്നു. 
                വര്‍ഷങ്ങള്‍ക്കു  പിറകില്‍ ചിന്നി , ചിണുങ്ങി  മഴപെയ്യുന്ന  ഒരു  വൈകുന്നേരം  കൂട്ടുകാരനൊപ്പമാണ്   അയാള്‍  ഗൌരിയെ  കാണാന്‍  വന്നത്. കറുത്ത്  തിളങ്ങുന്ന  തറയുള്ള  നീളന്‍  വരാന്ത  ചുമരില്‍ തൂക്കിയിട്ട പെയിന്റിങ്ങുകള്‍ ഉറ്റുനോക്കിയിരുന്ന അയാളോട് "എല്ലാം  ഗൌരി  വരച്ചത " എന്ന്  അച്ഛന്‍  അഭിമാനം  കൊണ്ടത്‌ അകത്തെ   മുറിയിലിരുന്ന് അവള്‍ കേട്ടിരുന്നല്ലോ ..എപ്പോഴോ മുറിയിലേക്ക്  കയറിവന്ന  അയാളുടെ "നന്നായ്  വരയ്ക്കുമല്ലേ ?" എന്നാ ഒറ്റ ചോദ്യത്തിന്  മറുപടിപറയാതെ വെളിച്ചം  വന്നു  നിറഞ്ഞു  നില്‍ക്കുന്ന  ജാലകച്ചതുരത്തിലേക്ക് പരമാവധി  ചേര്‍ന്ന് നിന്നത്  എന്തിനായിരുന്നു? അപ്പോള്‍  പകുതി ചാരിയ  വാതിലിനു പിറകില്‍
അസ്വസ്ഥനാകുന്ന അച്ഛനോടുള്ള  സഹതാപം  മാത്രമായിരുന്നില്ലേ  മനസ്സില്‍ .
                   "സ്വപ്നങ്ങളും , വേദനകളും  ഞാന്‍ നിന്നെ  ഏല്‍പ്പിക്കുന്നു , കാത്തുവെക്കുക , ചോദിക്കുമ്പോള്‍  തിരികെത്തരിക " എന്ന്  ആരോടോ  പറഞ്ഞ്‌ വാക്കുകളും , വര്‍ണ്ണങ്ങളും , പ്രണയ  ക്കിലുക്കങ്ങളും  മാത്രം  നിറഞ്ഞു  നിന്നിരുന്ന  ഒരു  ലോകത്തുനിന്നാണ് ഗൌരി  കതിര്‍ മണ്ഡപത്തിലേക്ക്  നടന്നുകയറിയത്.
                     തിമര്‍ത്തു പെയ്യുന്ന  ഇടവപ്പാതി  രാത്രികളില്‍ പ്രണയാര്‍ദ്രമായ  ശബ്ദത്തില്‍  അവളുടെ  ചെവിയില്‍  ഗസലായ്  പെയ്തു ,പെയ്തു  അയാള്‍ ഗൌരിയെ  സ്വന്തമാക്കി. അയാളുടെ  വിരിമാറിലേക്ക്  കൂടുതല്‍ , കൂടുതല്‍  ഒട്ടിക്കിടന്ന് , രോമാവൃതമായ  ആണ്‍ക്കൈകളുടെ സുരക്ഷിത  വലയത്തില്‍  ആശ്വസിച്ച്‌, സ്വച്ചന്തമായ്  ഉറങ്ങാന്‍ പെട്ടന്നുതന്നെ  ഗൌരി  ശീലിച്ചു.ഇടക്കുവെച്ചു  മുറിഞ്ഞ ബിരുദ പഠനം  പൂര്‍ത്തിയാക്കി  അയാളോടൊപ്പം  മഹാനഗരത്തിലേക്ക്‌  ചേക്കേറാന്‍  ഒരുങ്ങുമ്പോള്‍ അച്ഛന്‍  നീട്ടിതന്ന  നിറസഞ്ചയങ്ങളെ" വേണ്ടച്ചാ ,ഇനി  വരയ്ക്കാനൊന്നുഎനിക്കാവില്ലെന്ന്"പറഞ്ഞ്‌  തിരസ്ക്കരിക്കനല്ലേ  തോന്നിയത്. അച്ഛന്റെ  മുഖത്ത്  നീറുന്നൊരു നിരാശ  പടര്‍ന്നു  കണ്ടപ്പോള്‍  യുദ്ധം  ജയിച്ച  പോരാളിയുടെ  സന്തോഷമായിരുന്നില്ലേ  മനസിന്‌.
                      അയാള്‍  എന്ന ഒറ്റബിന്ദുവില്‍ കേന്ദ്രീകരിച്ച  ഒന്നായിത്തീര്‍ന്നു അവള്‍ക്കു  നഗരജീവിതം .സൂചിമുനയോളം  ചെറുതായിപ്പോയ അവളുടെ  ലോകത്തിനു നിറങ്ങള്‍ ഇറ്റിച്ചുനല്കി
അയാളുടെ  പ്രണയം  തെളിഞ്ഞു  നിന്നു.ഒടുവില്‍ , അവളുടെ  മിനുമിനുത്ത  അടിവയറിന് കനം വെച്ച്  തുടങ്ങിയപ്പോള്‍  അയാള്‍ക്കുമുന്നില്‍  അടുക്കള  വാതില്‍  തുറന്നുകൊടുത്ത്‌ പുലര്‍ക്കാല  ആലസ്യത്തോടെ  ചൂരല്‍ക്കസേരയില്‍  ചാരിയിരുന്ന്‌ അവള്‍  കുഞ്ഞുടുപ്പുകള്‍  തുന്നി. അടുക്കളയില്‍ നിന്നും  അയാളുടെ സ്നേഹം  അവള്‍ക്കു  പ്രിയപ്പെട്ട  മധുരവിഭവങ്ങളായ്  ഊണ്‍ മേശ  നിറച്ചു. 
     എന്നാല്‍  എത്രകാത്തിട്ടും, കരുതിയിട്ടും  പകുതിവഴിക്ക്‌  അവളെ  തനിച്ചാക്കി  കുട്ടിക്കുറുംപുകള്‍ എങ്ങോട്ടോ  ഓടിപ്പോയി.  ഓരോ  തവണയും  ആശുപത്രിക്കിടക്കയില്‍  മുഖം  പൂഴ്ത്തിക്കിടന്ന് അവള്‍  വിങ്ങിപ്പൊട്ടി . പിന്നീട്  അവള്‍  തിരഞ്ഞെടുത്ത  മരുന്നും , മന്ത്രങ്ങളും  നിറഞ്ഞൊരു  ലോകത്തേക്ക് , അവളെ  തനിച്ചുവിടാന്‍  ഇഷ്ട്ടമില്ലാത്തത്  കൊണ്ടുമാത്രം അയാളിലെ  അവിശ്വാസിയും  തലകുനിച്ചു  നടന്നുകയറി. ഒടുവില്‍  മരുന്ന്മണവും , മന്ത്രക്കളങ്ങളും മടുത്തു  തുടങ്ങിയപ്പോള്‍ ഗൌരി  പിന്മാറി .
                                 തന്റെ ലോകത്തിന്റെ  വിശാലതയിലേക്ക്‌  ഗൌരിയെ  കൈപിടിച്ച്  കൂടെ  നടത്താന്‍  ശ്രമിച്ചു  പരാചയപെട്ടപ്പോഴാണ്‌ വിഷാദങ്ങളുടെ  ലോകത്ത്   തനിച്ചിരിക്കാന്‍  അവളെ  അയാള്‍  അനുവദിച്ചത് . അങ്ങിനെയാണ്  പകലുകളും , രാവുകളും , ഋതുഭേദങ്ങളും  നല്‍കുന്ന നിറങ്ങളും , നിറമില്ലായ്മകളും മടിയേതുമില്ലാതെ   സ്വീകരിക്കുന്ന  പ്രകൃതി  അവള്‍ക്കു  പ്രിയപ്പെട്ടവളാകാന്‍ തുടങ്ങിയത്. വെയിലിനോടും , കാറ്റിനോടും , മഴയോടും  ഒരുപോലെ  സംവദിച്ചപ്പോള്‍ ദിവസങ്ങളില്‍  നിന്നും വിഷാദം  വറ്റിപ്പോകുന്നത്  അവള്‍  അനുഭവിച്ചറിഞ്ഞു .പ്രകൃതിയുടെ  അമൂര്‍ത്ത  സൌന്ദര്യം  പല  ഭാവങ്ങലായ്  അവളുടെ  ക്യാന്‍വാസുകളില്‍ നിറഞ്ഞു  നിന്നു.പ്രപഞ്ചത്തിലെ  സകല  ചരാചരങ്ങള്‍ക്കും  മാതാവായ  പ്രകൃതിയും , പെണ്ണും ഒന്നാണെന്ന  തിരിച്ചറിവില്‍  മനസ്സില്‍ നിറഞ്ഞു  തുളുമ്പിയ മൃദുല  ഭാവത്തിനു  അവള്‍  മാതൃത്വം  എന്നു പേരിട്ടു . പിന്നെ,  ക്യാന്‍വാസില്‍  തൊട്ടില്‍ക്കുഞ്ഞായ്  പ്രപഞ്ചം  പിറവി  കൊള്ളുന്നതിന്റെ മധുരവേദനയില്‍  അവള്‍  അലിയാന്‍  തുടങ്ങി .......



2011 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പകലിനോട് പറയാനുള്ളത്

 വെയില്‍  വഴികളില്‍ 
ഉഷ്ണം  വിതച്ചത് 
കിതച്ചോടുന്ന
പകലുകള്‍ .

എണ്ണിയാല്‍  തീരാത്ത 
സങ്കടങ്ങളെ 
നെഞ്ചേറ്റുന്നത്  കൊണ്ടാണോ 
പകലേ, നിനക്കീ  തീനിറം?

കൊച്ചു  കൈകളില്‍ 
ചില്ലറത്തുട്ടുമായ് 
വഴിയരികിലൊരനാഥ-
ബാല്ല്യം.

നരച്ച  ജീവിതം 
ഭാണ്ടമാക്കി 
നിന്നിലൂടെ 
നടന്നകലുന്ന 
കരയാന്‍  മറന്ന 
അമ്മമാര്‍ ...

നഗരത്തിരക്കില്‍ 
നിറവയറുമായ്
ചിരിച്ചിരിക്കുന്ന 
കിറുക്കിയോരുത്തി .

കൂകിപ്പായും
മരണവണ്ടിയില്‍നിന്നും 
നിന്‍റെ മടിയിലേക്കാരോ
എറിഞ്ഞിട്ട 
പകുതി  ചത്തൊരു 
പക്ഷിക്കുഞ്ഞ്.

നിരോധിച്ച  വിഷത്തിന്‍റെ
മണവുമായ് 
വരണ്ട  കാറ്റ്
നിന്നിലേക്കാഞ്ഞു-
വീശുന്നത്  കൊണ്ടാണോ 
തീയായ്- നീ  തിളച്ചുരുകുന്നത് ?

എണ്ണിയാല്‍  തീരാത്ത 
സങ്കടങ്ങളെ 
തനിയെ  ഇങ്ങനെ
നെഞ്ചേറ്റിയാണ് 
പകലേ... നിനക്കീ -
തീ  നിറം  വന്നത്. 

2011 ഒക്‌ടോബർ 8, ശനിയാഴ്‌ച

കുട്ടിയും, മേഘവും

                    വെയിലകലുന്ന വൈകുന്നേരങ്ങളില്‍  വീടിന്റെ  ടെറസ്സില്‍  ഇരുന്ന് ആകാശത്ത്  പാറിനടക്കുന്ന  മേഘകഷ്ണങ്ങളെ അമ്മുവെന്നും , ഗോപുവെന്നും , ചിന്നുവെന്നുമൊക്കെ വിളിച്ച് വര്‍ത്തമാനം  പറയുക  കുട്ടിയുടെ  പ്രിയപ്പെട്ട  വിനോദമായിരുന്നു. 'ഒരു  നക്ഷത്രത്തെ  താഴോട്ടിട്ട്  തര്വോ' ?' അമ്പിളി  മാമനെ  ഉമ്മ  വെക്കാറുണ്ടോ '?' ആകാശത്തിനു  തണുപ്പാണോ ?' പീലികണ്ണകള്‍ വിടര്‍ത്തി  കുട്ടി  ചോദിക്കുന്ന  ചോദ്യങ്ങള്‍ക്ക്  ഉത്തരം പറയാതെ മേഘങ്ങള്‍  ഒഴുകി പ്പോയി.. ..
                                       കുട്ടിയുടെ  നനഞ്ഞ കണ്ണിലെ  സങ്കടം  കണ്ട്‌ അടുത്തിരുന്ന് എന്തോ  വായിക്കുകയായിരുന്ന  അധ്യാപികയായ  അമ്മയാണ് മേഘങ്ങള്‍  എന്താണെന്നും , സിറസ് , ക്യുമുലസ്  തുടങ്ങി  അവ  പലപേരില്‍ ഉണ്ടെന്നും കുട്ടിയോട്  പറഞ്ഞത്. പക്ഷെ , ആ പുത്തന്‍  അറിവില്‍  കുട്ടിക്ക്  ഒരു  താല്‍പ്പര്യവും  തോന്നിയില്ല. ആ  അറിവിനെ  മനസ്സില്‍ നിന്നും  മായ്ച്ചുകളഞ്ഞ്
കുട്ടി  വീണ്ടും  ഗോപുവെന്നും , ചിന്നുവെന്നുമൊക്കെ  പറയാന്‍  തുടങ്ങിയപ്പോള്‍ വല്ലാത്തൊരാധിയോടെ അമ്മ കുട്ടിയെ  നിര്‍ബന്ധിച്ചു  അകത്തുകയറ്റി  വാതില്‍ അടച്ചു .
                                        ആകാശം  നഷ്ട്ടപ്പെട്ട  സങ്കടത്തില്‍  കട്ടിലില്‍  കമിഴ്ന്നു  കിടന്നു  കരഞ്ഞുറങ്ങിപ്പോയ  അന്നാണ് ഏതോ  ഒരു അപ്പൂപ്പന്‍മേഘത്തിന്‍റെ  തോളിലിരുന്ന് 
ആകാശദൂരങ്ങള്‍  താണ്ടുന്ന സ്വപ്നം കുട്ടി  കണ്ടത്. സൂര്യനോടും , ചന്ദ്രനോടും , നക്ഷ്ത്രങ്ങലോടും , അഷ്ട്ടഗ്രഹങ്ങലോടും കുശലം  പറഞ്ഞ്‌, പറന്ന് നടക്കാന്‍  രാത്രികള്‍ക്കായി  കുട്ടി കാത്തിരിക്കാന്‍  തുടങ്ങി. പതിവായ   ആ  ആകാശ യാത്രകല്‍ക്കിടയിലെപ്പോഴോ  കേട്ട "എന്‍റെ കുഞ്ഞിനിതെന്തുപറ്റി  ഈശ്വരാ .........." എന്നൊരു  അമ്മത്തേങ്ങല്‍ കുട്ടിയെ  വിഷമിപ്പിച്ചുകൊണ്ടിരുന്നു. 
                          കരഞ്ഞുവീര്‍ത്ത  കണ്ണുകളുമായി രാവുറക്കങ്ങളില്‍  തനിക്കു  കാവലിരുന്ന  അച്ഛന്റെയും , അമ്മയുടെയും സങ്കടത്തിനു  മുന്നില്‍ തോറ്റു കൊടുത്ത്‌ തന്‍റെ പ്രിയസ്വപ്നത്തെ  മറക്കാന്‍  കുട്ടി  ശീലിച്ചു . കുട്ടിയുടെ  തോല്‍വികഥയുടെ  തുടക്കമായിരുന്നു  അത് .ഒടുവില്‍  അച്ഛനമ്മമാരുടെ  നിറ കണ്ണിനുമുന്നില്‍  കീഴടങ്ങി , ജീവിതത്തിലെ  ഏറ്റവും  വിലപിടിച്ച  സ്വപ്നത്തെയും  മറന്നെന്നു  നടിച്ച്‌ കുടുംബ ജീവിതത്തിന്‍റെ   തിരക്കുകളിലേക്ക്  കുട്ടി  ഊര്‍ന്നിറങ്ങി.               .
                         അഞ്ചുവയസുകാരി  മകളുടെ  കൈപിടിച്ച് , തെളിഞ്ഞ  ഒരു സന്ധ്യയില്‍ , നാട്ടുവഴിയിലൂടെ  കഥപറഞ്ഞു  വെറുതെ നടന്നപ്പോള്‍ മകളുടെ  കിളിക്കൊഞ്ചല്‍ കേട്ടു."എന്തു ഭംഗ്യ അമ്മെ  ഈ  മേഘങ്ങള്‍ക്ക് , ഞാനിവക്ക്  എന്‍റെ  ഫ്രെണ്ട്സിന്റെ പേരിടട്ടെ? ഇതു പൂജ , അത് നിയ , ദേ ആ കാണുന്നത്  പല്ലവി, നോക്കമ്മേ , ഒരു തടിയന്‍ മേഘം , അത്  ഞങ്ങടെ  രോഷ്നി  മിസ്‌ ".
മകളെ  വാരിയെടുക്കുമ്പോള്‍  കണ്ണു നിറയുന്നത്  അറിയുന്നുണ്ടായിരുന്നു. "എന്തിനാ  അമ്മെ  കരയുന്നെ " എന്ന മകളുടെ  ചോദ്യത്തോട് " എന്‍റെ  കണ്ണീരൊ രിക്കലും  നിന്‍റെ ആകാശ  സ്വാതന്ത്യങ്ങളും , മോഹസ്വപ്നങ്ങളും  നിഷേധിക്കില്ല മോളെ " എന്ന്  പറഞ്ഞ്‌  മകളെ  ചേര്‍ത്തണക്കുമ്പോള്‍ അമ്മയാകാന്‍  കഴിഞ്ഞ  ഭാഗ്യത്തിന്‍റെ അനിര്‍വചനീയമായ  ആനന്ദത്തില്‍  കുട്ടി  പൂത്തുലഞ്ഞുപോയി  .