2012 ഒക്‌ടോബർ 27, ശനിയാഴ്‌ച

വീട്

അടവെച്ചു  വിരിയിച്ച
സ്വപ്നങ്ങള്‍ക്ക് പിച്ചനടക്കാന്‍
തുടച്ചു മിനുക്കി
അലങ്കരിച്ചു  വെക്കുമിടം .

പുകഞ്ഞുകത്തുന്ന സങ്കടങ്ങളെ
മുഖമമര്‍ത്തിക്കിടന്നൂതിയണയ്ക്കാന്‍ 
കറുത്ത്  തിളങ്ങുന്ന                                
തറത്തനുപ്പ് .

സ്വീകരണ  മുറിയില
ഒഴിഞ്ഞ കോണില്‍ ,
ദിവസേന  ഞാനൊരുക്കുന്ന
പൂപ്പാത്രത്തിനടിയില്‍
ആരുമറിയാതൊളിപ്പിച്ച
വിരിയാതെവീണ
മോഹമൊട്ടുകള്‍ .

അടക്കിപ്പിടിച്ചു പുണര്‍ന്ന്
പ്രണയവും , പരിഭവവും
ചുംബിചെടുത്ത്
ആണ്‍മുഖമുള്ള കിടപ്പുമുറി .

 ജീവിതംപോലെ
രുചിഭേദങ്ങള്‍  ഇടകലര്‍ന്ന്
പുകമൂടി ,മങ്ങി നില്‍പ്പുണ്ടടുക്കള .

പണിത്തിരക്കിന്റെ
മുഷിഞ്ഞകിതപ്പുകളില്‍ ,
കുട്ടിക്കുറുംമ്പിന്റെ ചടുലമേളങ്ങളില്‍ ,
നിറം  വറ്റിയ ഏകാന്തതയുടെ
കണ്ണീര്‍ മണങ്ങളില്‍ ,
ഉടല്‍ വിറയ്ക്കുന്ന 
വിഷാദ നേരങ്ങളില്‍,
ചേര്‍ത്തൊന്നണയ്ക്കാന്‍
വീടേ ,
നീയല്ലേ  എനിക്ക് സ്വന്തമായുള്ളൂ ..


4 അഭിപ്രായങ്ങൾ:

  1. വീടിന്റെ നിര്‍വ്വചനങ്ങള്‍ വളരെ ഹൃദ്യം.
    "അടവെച്ചു വിരിയിച്ച
    സ്വപ്നങ്ങള്‍ക്ക് പിച്ചനടക്കാന്‍
    തുടച്ചു മിനുക്കി
    അലങ്കരിച്ചു വെക്കുമിടം"
    അതിമനോഹരമായ ഉപമ.
    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  2. അടക്കിപ്പിടിച്ചു പുണര്‍ന്ന്
    പ്രണയവും , പരിഭവവും
    ചുംബിചെടുത്ത്
    ആണ്‍മുഖമുള്ള കിടപ്പുമുറി..

    സ്ത്രീയുടെ ചിന്തകള്‍ എന്നും വീടും , സുരക്ഷിതത്വത്തിലും മാത്രം ഒതുക്കി നിര്‍ത്തരുത് , വിധേയത്വം പ്രകടമാകുന്നു , വരികളില്‍ ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. വീടണയണം വീണൊന്ന് മയങ്ങാന്‍

    മറുപടിഇല്ലാതാക്കൂ
  4. ഒ.എന്‍.വി യുടെ വീട് എന്നാ കവിത ഓര്‍മ്മിപ്പിച്ചു. നല്ല വരികള്‍ . ഇഷടമായി .........സസ്നേഹം
    വേര്‍ഡ്‌ വെരി മറ്റൂ പ്ലീസ്

    മറുപടിഇല്ലാതാക്കൂ