2012 മാർച്ച് 24, ശനിയാഴ്‌ച

പരീക്ഷ

ഉത്തരമറിയാത്ത
ചോദ്യങ്ങള്‍ ദാനം  തന്ന്
കടന്ന് പോകുന്ന  
പരീക്ഷകള്‍ക്കെല്ലാം
മീനച്ചൂട്.

ജീവിതമെന്ന 
തലക്കെട്ടിനു  താഴെ 
എഴുതിത്തീര്‍ക്കാനാവാതെ
വലിയൊരുത്തരം
മുറിഞ്ഞും ... മറന്നും ...
മഷിമാഞ്ഞ്.....


പൂരിപ്പിച്ചെഴുതാത്ത
അപൂര്‍ണ്ണ  സമസ്യകള്‍
നിറഞ്ഞ  കറുത്ത
കള്ളികളിലേതോഒന്നില്‍
 ഉടക്കിത്തൂങ്ങുന്നത്
അറ്റുപ്പോയ സ്വപ്‌നങ്ങള്‍ .

മനപ്പാടമാക്കിയ
സമവാക്ക്യങ്ങള്‍
പകുതിക്ക് വെച്ച്  മറന്ന്
വിറങ്ങലിച്ചങ്ങനെയിരിക്കുമ്പോള്‍
കാതോര്‍ക്കുന്നതൊരു -
വാണിംഗ് ബെല്ലിന്.


അറിയാം  അപ്പോഴും
ശരിതെറ്റുകള്‍
വിലയിരുത്താന്‍
എവിടെയോ ഒരു
മൂല്ല്യനിര്‍ണ്ണയ -
ക്ക്യാമ്പൊരുങ്ങുന്നുണ്ടെന്ന്.....







2012 മാർച്ച് 16, വെള്ളിയാഴ്‌ച

അടയാളങ്ങള്‍

ഒടുവില്‍ , നീയും ,
നിന്നോടൊപ്പം  ഞാനും 
അവശേഷിക്കും 
അടയാളങ്ങള്‍  മാത്രമായി.... 

ജീവിതം  ബാക്കിവെച്ച 
അടയാളങ്ങളിലേക്ക് 
പുകയൂതി 
ജനിമൃതികളുടെ 
കാണാപാഠങ്ങള്‍ 
ഉരുക്കഴിച്ച്
കാലം  കടന്നുപോകും .
പിന്‍പേ  വരുന്നവര്‍ക്കായ്
അടയാളങ്ങളും 
മാഞ്ഞുതുടങ്ങുമ്പോള്‍
ഒഴിഞ്ഞു  കൊടുത്ത 
ഇടങ്ങളില്‍ 
പതിഞ്ഞ  താളത്തില്‍ 
തലമുറകള്‍ 
പിച്ചവെക്കും.

അതിനുമുന്നേ 
നമുക്ക്  പരസ്പരം 
പകര്‍ത്തിയെഴുതാം
കാലത്തിനു  പോലും 
വായിച്ചു  തീര്‍ക്കാനാവാത്ത 
കവിതകളായ്.

2012 മാർച്ച് 10, ശനിയാഴ്‌ച

സഹയാത്രികന്

മഞ്ഞ് വിഴുങ്ങിയ
വന്‍കരകളും
മഹാസമുദ്രങ്ങളും
മറികടന്ന്
ഏതു തീരത്തേക്കാണ്
നീ  കുതിച്ചോടുന്നത് ?

നിന്‍റെ അകലുന്ന
നീളന്‍ നിഴല്‍
വാശിയോടെ
എന്‍റെ സ്വപനങ്ങളിലേക്കി-
രുട്ടുവീഴ്ത്തുന്നു .

നിന്‍റെ വിരല്‍ തണുപ്പില്‍
അടിമുടി  തണുക്കാതെ ,
നിന്‍റെ  ചുമല്‍ക്കരുത്തില്‍ ചാഞ്ഞ്
കനമിറക്കാതെ,
നിന്‍റെ കണ്‍തിളക്കത്തിലേക്കൊരു -
മ്മനീട്ടാതെ
എന്‍റെ  യാത്രകള്‍
വിരസമാകുമ്പോള്‍
ഒന്നറിയുക .....
നീ  പൊഴിക്കുന്ന
തണുപ്പില്‍ ചവുട്ടി
വരണ്ട  മൌനത്തിന്‍റെ
കൈപിടിച്ച്
ഈ  ഉഷ്ണദൂരങ്ങള്‍
ഞാന്‍  നടന്നുതീര്‍ക്കും ....