ബഹളങ്ങള്‍ക്കൊടുവില്‍
രാത്രിക്ക് കനം വെക്കുംപ്പോഴെങ്കിലും
നീ ഒന്ന് തനിച്ചാകുമോ?
കെട്ടറ്റ പട്ടങ്ങളും ,
പൊട്ടിയ ബലൂണുകളും ,
മധുരമൊഴിഞ്ഞ
ഐസ്. ക്രീം കപ്പുകളും
നിനക്ക് തന്ന്
ഒന്ന് , തിരിഞ്ഞുപോലും
നോക്കാതെ
കടന്നു പോകുന്ന
ആള്‍ക്കൂട്ടങ്ങള്‍ !
ബാക്കിയാകുന്നത്
ആരൊക്കെയോ
പറഞ്ഞു തീര്‍ത്ത
വര്‍ത്തമാനങ്ങളുടെ
അസ്ഥികൂടങ്ങള്‍ ...
വെറ്റിലയും , മുല്ലപ്പൂവും
ചേര്‍ന്ന് മണക്കുന്ന
ഈറന്‍ രാത്രികളില്‍
കാറ്റാടി ച്ചു വട്ടിലെ-
കുഞ്ഞിക്കരച്ചിലിന്റെ
വായടച്ച്
നിന്നിലേക്കിഴഞ്ഞെത്തുന്ന
കാളസര്‍പ്പങ്ങള്‍
വിഷം വമിക്കുന്ന
കിതപ്പുകള്‍ക്കൊടുവില്‍
മുഷിഞ്ഞ നോട്ടുകള്‍
കൈവെള്ളയില്‍ ഒതുക്കുന്ന
കണ്ണീരു വറ്റിയ മാതൃത്വങ്ങള്.
കണ്ണു പൊത്തിക്കരയാതെ
നിസ്സംഗമായുള്ള
നിന്റെ ഈ നില്‍പ്പ് !
കാലത്തിന് സാക്ഷിയാകാനുള്ള
നിന്റെ നിയോഗം .
നീ കണ്ട
പ്രണയ പിണക്കങ്ങള്‍ ,
സ്നേഹക്കൊഞ്ചലുകള്‍,
നിന്നെ സാക്ഷിയാക്കി
അവന് അവള്‍ക്കു നല്കിയ
എണ്ണിയാല്‍ തീരാത്ത
ചുംബനങ്ങള്‍ .
ഒടുവില്‍, വേര്‍പിരിയലിന്റെ
അനിവാര്യതയില്‍
നിന്നിലേക്കവര്‍-
തൂകിയിട്ട പൊള്ളലിനെ
കണ്ണുനീരെന്നു വിളിച്ചതും നീ.
കടല്‍പ്പാലമേ ,
നീയില്ലായിരുന്നുവെങ്കില്‍ ,
ആഴക്കടലിനടിയിലെ
മത്സ്യകന്യകമാരാകാന്‍
എത്ര ജീവനുകള്‍
അറബിക്കടലിലേയ്ക്കൂളി-
യിട്ടിറങ്ങിയേനെ .
വാക്കുകള്‍ക്കപ്പുറം ഒളിഞ്ഞിരിക്കുന്ന...
മറുപടിഇല്ലാതാക്കൂഇത്തിരി വിഷാദം.....
എഴുതുക വീണ്ടും.