2014 മേയ് 5, തിങ്കളാഴ്‌ച

മിസ്‌കോൾ

പുലർച്ചെ ,
അടുക്കളത്തിരക്കിൽ
വഴിതെറ്റിക്കാൻ
ആദ്യത്തെ  മിസ്‌കോൾ  ..
കുളിച്ച്  കുറിയിട്ടത്
വെറുതെയായി ...

തിരക്കൊന്നൊഴിഞ്ഞ്
ചൂടുപാറുന്ന  ചായകപ്പുമായ്
സെറ്റിയിലേക്കൊന്നമർന്നതെ യുള്ളൂ
വീണ്ടും  മിസ്‌കോൾ
ഭാഗ്യം , ഇത്തവണ
വഴിതെറ്റിയില്ല
അമ്മയാണ് ..

ഊണ് കഴിഞ്ഞ്
ഉറക്കച്ചടവോടെ
പത്രത്താളിൽ
മുഖം  പൂഴ്ത്തിയതാണ്
പിഞ്ചുകുഞ്ഞിനെ
പീഡിപ്പിച്ച  പാസ്റ്ററെ
തുറിച്ച് നോക്കി
കൊന്നുക്കൊണ്ടിരിക്കുമ്പോൾ
വീണ്ടും മിസ്‌കോൾ.
എന്തുചെയ്യാനാ ...
വഴിതെറ്റാതെ
വയ്യല്ലോ ...!

ചെടി നനക്കുമ്പൊഴും
പാത്രം കഴുകുമ്പോഴും
തുണി മടക്കുമ്പോഴും
വീണ്ടുംവന്നു
മിസ്‌ കോളുകൾ ..

ഒരു പകൽ മാത്രം
എത്ര തവണയാണിങ്ങനെ
പെണ്‍ ജന്മങ്ങൾ
വഴിതെറ്റിപോകുന്നത് .........................!








 




2014 മാർച്ച് 11, ചൊവ്വാഴ്ച

മരം
==============

ആഴങ്ങളിലേയ്ക്ക്
പടർന്നിറങ്ങിയ
വേരുകൾ പറഞ്ഞത് ,
മണ്‍തരികൾ
ആശ്ലേഷത്തിലൊതുങ്ങിയ
കഥകളാണ് ...

ആകാശത്താദ്യം വിരിഞ്ഞ
ഒറ്റനക്ഷത്രത്തെ
പ്രണയിച്ച് ,പ്രണയിച്ച് ,
വേനലിൽ പൂചൂടി ,
വാടാതെനിന്ന കഥകളാണ്
നീ വിരിയിച്ച പൂക്കൾ പറഞ്ഞത് ..

നിന്റെ മാധുര്യമൂറ്റിയെടുത്ത്
തുടുത്ത് നിന്ന കനികളാണ്
വാത്സല്ല്യത്തിന്റെ
മധുരക്കഥകൾ
വാതോരാതെ പറഞ്ഞുക്കൊണ്ടിരുന്നത് ..

പക്ഷെ
നീ ,സ്നേഹമാണെന്ന് പറഞ്ഞത്
മരമേ ....
എനിയ്ക്ക് , നീ തന്ന
തണൽ മാത്രമാണ് .....
ജമാന്തിപ്പാടങ്ങൽക്കുമേൽ
വീശി വരുന്ന
കാറ്റുപൊഴിച്ച  തണുപ്പിൽ
വിറച്ച് , വിറങ്ങലിച്ചുനില്ക്കുന്ന
വിളർത്ത  മഞ്ഞനിറമുള്ള
പോക്കുവെയിൽ .

നിറം മങ്ങിയ
മഞ്ഞനാളങ്ങൾ
ഇലച്ചാർത്തുകൾക്കിടയിലൂടെ
ഒളിച്ചും , പാത്തും വരയ്ക്കുന്ന
അപൂർണ്ണമെങ്കിലും
ചാരുതയാർന്ന
ചിത്രങ്ങൾ ........

തണുത്ത വെയിലെ ,
ഒരു കൈക്കുടന്ന നിറയെ
നിന്നെ ഞാനിന്ന്
കരുതി വെയ്ക്കട്ടെ ......

ആ ഇത്തിരി ത്തണുപ്പിൽ 
മുഖമമർത്തിവേണം
വരുന്ന വേനലിലെ
ഉഷ്ണം പൊള്ളിക്കുന്ന
ഉച്ചനേരങ്ങളെയിനി 
ഉറങ്ങിത്തീർക്കാൻ .........
ഡയറി
================

അക്ഷരങ്ങൾ
അപരിചിതരെപ്പോലെ
അകന്ന്  നിന്നപ്പോഴാണ്
ദിനക്കുറിപ്പുകൾ
ഒറ്റവരിയിൽ  ഒതുങ്ങിപ്പോയത് ..

പേടിയുണ്ടെനിക്ക് ,
'ഒരു സാധാരണ ദിവസം '
എന്ന പതിവെഴുത്ത്
നെഞ്ചിനുള്ളിലെ  നേരല്ലന്ന്
വിളിച്ച്  പറഞ്ഞ്
വിളിച്ച്  പറഞ്ഞ്
മനസ്സിനകത്ത്  നിന്നും
സ്വയം  പ്രഖ്യാപിച്ച
സ്വാതന്ത്ര്യവുമായ്
അക്ഷരങ്ങളുടെ  സമരപ്പട
വെളുത്ത  പേപ്പറിലെ 
വിശാലതയിലേയ്ക്ക്
മാർച്ച്  നടത്തുന്ന
ദിവസത്തെയോർത്ത് ...............................

2013 സെപ്റ്റംബർ 8, ഞായറാഴ്‌ച

പെയ്യാത്ത മഴകൾ

മണ്ണിനും ,വിണ്ണിനുമിടയിൽ
വിങ്ങി  നിൽക്കുന്ന
ആയിരം  നാവുള്ള  മൌനത്തിന്
പനിചൂട് പകർന്നു  നല്കി
പടിഞ്ഞാറുനിന്നും 
വീശി വരുന്നുണ്ടൊ-
രുഷ്ണക്കാറ്റ് ....

എങ്ങോ  പെയ്തൊഴിഞ്ഞ
മഴത്തനുപ്പിന്റെ  കഥകൾ
മണ്ണിന്റെ  വരണ്ട  മാറിലേയ്ക്ക്
കോരിയിട്ട്
ഓരോ തവണയും  അവൻ
വീശി മടങ്ങിയത്
പെയ്യാത്തൊരു മഴയുടെ
നനഞ്ഞ  മുഖം
മണ്ണിന്റെ  പൊടിഞ്ഞ്  പോകാത്തത
ഓർമ്മകളിൽനിന്നും 
തുത്ത്‌ കളയാനാണ്


എന്നിട്ടും ,മറവിയിലേയ്ക്ക്
പിൻവാങ്ങും  മുൻപ്
മഴയ്ക്ക് ഒരുതവണയെങ്കിലും
ഒന്ന്  പെയ്തൊഴിഞ്ഞുകുടെ
എന്ന   സന്ദേഹവുമായ്
വിണ്ണിലേയ്ക്ക്   കണ്ണുംനട്ട്
കിടക്കയാണ് മണ്ണിപ്പോഴും .............. 

2013 ജൂലൈ 21, ഞായറാഴ്‌ച

മഴയുടെ പ്രണയ മുഖങ്ങൾ

പളുങ്ക്  തോൽക്കുന്ന
മഴനൂലുകൾ ബന്ധിച്ച
ഉടലുമായ് ,
ഉണരുന്ന പുലർവേളകൾ


മഴവിരലിന്റെ തണുപ്പിലുറയാൻ
ഉടലഴകിന്റെ  രഹസ്യങ്ങൾ            
ഒളിച്ച് സൂക്ഷിച്ച ,
വരണ്ട  വേനലിൻ
വരുതികൾക്കൊടുവിൽ
പ്രണയ പ്രളയമായ്
പെയ്ത്  തീരാതെ  മഴരാവുകൾ ....

നിനയാത്ത  നേരത്തെ 
ആശ്ലേഷണങ്ങളിൽ
പരിഭവിചുലയുന്ന  ഉടലിനെ
ച്ചുംബിച്ചണയ്ക്കുവാൻ 
കവിതപൊലെത്തും
പകൽമഴകൾ ..................

ഹരിനാമകീർത്തനം
ചൊല്ലിമുഴിമിക്കുവാൻ  ഇടതരാതെ
പുടവഞൊറികളിൽ
 വിരുതുകാട്ടുന്ന  വിരലുമായി
അരികിലേക്കെത്തുന്ന
പ്രണയക്കുറുംമ്പുള്ള മഴസന്ധ്യകൾ .......

ഒടുവിലൊരുനാൾ ,
പ്രണയത്തിന്റെ   മന്ത്രവടി ചുഴറ്റിവീശി
പ്രിയനേ ,
മറുകരതേടി  നീ ,  
 അകന്നുപോകുമ്പോൾ
ഇറവെള്ളത്തിലെ
കടലാസുതോളികളിലൊന്ന്
തനിയെതുഴഞ്ഞ്  യാത്രയാകണം
പ്രണയമില്ലാത്തൊരു
കരയിലേയ്ക്ക് ........................................