2012 ജൂലൈ 23, തിങ്കളാഴ്‌ച

ജീവിതം ജുഗല്‍ബന്ദി എന്ന് പറഞ്ഞവള്‍ക്ക്

നീ പറഞ്ഞപോല്‍
നിറഞ്ഞ  സദസ്സിനുമുന്നില്‍ 
പെയ്തൊഴിയുന്നുണ്ട്‌
തോടിയും, കല്ല്യാണിയും 
കണ്ണീര്‍മണവുമായ് നീലാംബരിയും .

തബലയും , തംബുരുവും 
ഡമരുവും , ഡക്കയും 
ഉന്മാദ താളമായ് 
ഉച്ചസ്ഥായിയിലെത്തുമ്പോള്‍
ചടുലതാളത്തിലാടിത്തീര്‍ക്കേണ്ട-
ജുഗല്‍ബന്ദിയായ് ജീവിതം .

ഒടുവില്‍ , മംഗളംചൊല്ലി 
അവസാനിപ്പിച്ചരങ്ങോഴിയുമ്പോള്‍
താളപ്പിഴകളും , ശ്രുതിഭംഗങ്ങളും
ഇഴചേര്‍ന്ന,  വിരസമായൊരു 
പ്രകടനത്തെ  വിമര്‍ശിച്ച്‌
അകന്നുപോകുന്ന  കാഴ്ചക്കാരുടെ 
കാലടിയൊച്ചകള്‍....

എന്നിട്ടും  എന്തിനാണ് 
തെറ്റുകളാവര്‍ത്തിക്കാന്‍ 
വീണ്ടുമൊരു  ജുഗല്‍ബന്ദിക്കായ് 
നര്‍ത്തകിയുടെ  മനസ്  
കൊതിച്ചുക്കൊണ്ടിരിക്കുന്നത് ?