2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

മകള്‍ക്ക് , എന്‍റെ കാവല്‍ മാലാഖയ്ക്ക് .

പിറക്കാതെ ,
പിണങ്ങി  പോയതുകൊണ്ടാണോ 
എന്‍റെ കുഞ്ഞേ ,
അമ്മയ്ക്കുമ്മയുമായ്, നീ -
എന്നുമിങ്ങനെ 
സ്വപ്നത്തിലെത്തുന്നത്‌?

അതോ ,
തൂകിതീര്‍ത്ത  കണ്ണീരിലും 
ഒഴുകിപോവാതെ 
നിനക്ക്  നല്‍കാന്‍ 
ഞാന്‍ കരുതിവെച്ച 
അമ്മച്ചൂട്
ഉള്ളിലിപ്പോഴുമിരുന്ന്
ജജ്വ ലിക്കുന്നതുകൊണ്ടോ ?

മനസ്  തളര്‍ന്നമ്മ-
 ഉറങ്ങുംപ്പോഴെല്ലാം
ശലഭച്ചിറകുമായ് 
പറന്നെത്തി 
അമ്മയെ  ഇക്കിളിയിട്ട് 
ചിരിപ്പിക്കനാണോ,
നിനക്കായ്‌  മനസൊരുക്കിയ
താരട്ടിലേക്ക് 
ഉഷ്ണം  ഊതിവിട്ട്
അന്ന്  നീ  ഇരങ്ങിപോയത്?

മകളെ,  നിന്നെ 
അണച്ചു  പിടിച്ചൊന്നമര്‍ത്തി -
ത്തേങ്ങാന്‍  ആവില്ലല്ലോ 
എന്ന വിതുമ്പലായ് 
അമ്മ തളരാതിരിക്കാന്‍
വേണ്ടിയല്ലേ 
തെന്നലായ്,  നിന്‍റെ
കുഞ്ഞു  കൈകള്‍ 
എന്നെ  എപ്പോഴുമിങ്ങനെ 
തഴുകുന്നത് ? 

എന്‍റെ കാവല്‍  മാലാഖേ ,
ഇരുട്ടിലമ്മയ്ക്ക്‌ 
തിരിതെളിച്ചു ,
വെളിച്ചമായ്, നീ -
ചിരിച്ചു  നില്‍ക്കുമ്പോള്‍ 
ഏതു ഗര്‍ത്തത്തെയാണ് 
അമ്മ  ഭയപ്പെടേണ്ടത് ? 


2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ബഹളങ്ങള്‍ക്കൊടുവില്‍  
രാത്രിക്ക്  കനം വെക്കുംപ്പോഴെങ്കിലും
നീ ഒന്ന്  തനിച്ചാകുമോ? 
കെട്ടറ്റ പട്ടങ്ങളും ,
പൊട്ടിയ  ബലൂണുകളും ,
മധുരമൊഴിഞ്ഞ 
ഐസ്. ക്രീം കപ്പുകളും 
നിനക്ക്  തന്ന് 
 ഒന്ന് , തിരിഞ്ഞുപോലും 
നോക്കാതെ 
കടന്നു  പോകുന്ന 
ആള്‍ക്കൂട്ടങ്ങള്‍ !
ബാക്കിയാകുന്നത് 
ആരൊക്കെയോ  
പറഞ്ഞു  തീര്‍ത്ത 
വര്‍ത്തമാനങ്ങളുടെ 
അസ്ഥികൂടങ്ങള്‍ ...

വെറ്റിലയും , മുല്ലപ്പൂവും 
ചേര്‍ന്ന്  മണക്കുന്ന 
ഈറന്‍  രാത്രികളില്‍ 
കാറ്റാടി ച്ചു വട്ടിലെ-
കുഞ്ഞിക്കരച്ചിലിന്റെ
വായടച്ച്
നിന്നിലേക്കിഴഞ്ഞെത്തുന്ന 
കാളസര്‍പ്പങ്ങള്‍
വിഷം വമിക്കുന്ന  
കിതപ്പുകള്‍ക്കൊടുവില്‍
മുഷിഞ്ഞ  നോട്ടുകള്‍ 
കൈവെള്ളയില്‍  ഒതുക്കുന്ന 
കണ്ണീരു വറ്റിയ മാതൃത്വങ്ങള്‍.
കണ്ണു പൊത്തിക്കരയാതെ
നിസ്സംഗമായുള്ള 
നിന്‍റെ ഈ  നില്‍പ്പ് !
കാലത്തിന് സാക്ഷിയാകാനുള്ള
നിന്‍റെ നിയോഗം .

നീ  കണ്ട 
പ്രണയ  പിണക്കങ്ങള്‍ ,
സ്നേഹക്കൊഞ്ചലുകള്‍,
നിന്നെ  സാക്ഷിയാക്കി 
അവന്‍  അവള്‍ക്കു  നല്‍കിയ 
എണ്ണിയാല്‍  തീരാത്ത 
ചുംബനങ്ങള്‍ .
ഒടുവില്‍,  വേര്‍പിരിയലിന്‍റെ
അനിവാര്യതയില്‍ 
നിന്നിലേക്കവര്‍-
തൂകിയിട്ട  പൊള്ളലിനെ 
കണ്ണുനീരെന്നു വിളിച്ചതും  നീ.
കടല്‍പ്പാലമേ ,
നീയില്ലായിരുന്നുവെങ്കില്‍ ,
ആഴക്കടലിനടിയിലെ
മത്സ്യകന്യകമാരാകാന്‍  
എത്ര ജീവനുകള്‍ 
അറബിക്കടലിലേയ്ക്കൂളി-
യിട്ടിറങ്ങിയേനെ .








 


2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

മനസിലാവാത്ത മറവികള്‍

എന്‍റെ പ്രണയമേ...
കാലത്തോട് 
കലഹിക്കരുതെന്ന 
നീ , പഠിപ്പിച്ച  പാഠം 
മറന്നു കളഞ്ഞ്‌,
ദിവസങ്ങളോട് 
പിണങ്ങി , പിണങ്ങി 
ഇങ്ങനെ... 

പ്രിയനേ ....
നിന്‍റെ കൈക്കുള്ളിലെ 
കനല്‍ചൂടില്ലാഞ്ഞോ
മെലിഞ്ഞു , വിളര്‍ത്ത 
ഈ വിരലുകള്‍  
പതിയെ  വിറക്കുന്നത്‌?
തലചായ്ച്ചിരുന്നു
കരഞ്ഞുതീര്‍ക്കാന്‍ 
നിന്‍റെ  കരുത്താര്‍ന്ന 
തോളുകള്‍  ഇല്ലാഞ്ഞോ,
സങ്കടങ്ങളുടെ 
നീരാളി  കൈകള്‍ 
വരിഞ്ഞു  മുറുക്കി 
ഇങ്ങനെ  ശ്വാസം 
 മുട്ടിക്കുന്നത്‌? 


നിന്‍റെ തണല്‍
 തണുപ്പിലെ  
വസന്തകാലം 
വാടി വീണിട്ടും ,
നിലച്ചു  പോവാന്‍ 
മറന്നിട്ടോ , 
എന്‍റെ ഹൃദയമിങ്ങനെ 
ഇപ്പോഴും  
ചലിച്ചുകൊണ്ടേ -
യിരിക്കുന്നത് ?
കാലമേ ...
നീ  പഠിപ്പിച്ച 
പാഠങ്ങളില്‍ ഒന്നിലും 
കവിത  ഇല്ലായിരുന്നു .
ഉരുവിട്ടുറപ്പിക്കാന്‍ 
നീ തന്ന  സമവാക്യങ്ങളെ 
കാണാപ്പുറത്തേക്കെറി ഞ്ഞ്,
കൈപിടിച്ച് 
കൂടെ  കൂട്ടിയത് 
കണ്ണീരിനെ .
വിരിയും  മുന്നേ ,
എന്‍റെ  മോഹപ്പൂ ക്കളി-
രുത്തെടുത്ത് 
നീ  കടന്നു  പോയെങ്കിലും 
കാലമേ .....
കരുണ  കിനിയുന്നൊരു 
നോട്ടം ,
അതുപോലും  
നീ - മറന്നതെന്തേ?