2014 മേയ് 5, തിങ്കളാഴ്‌ച

മിസ്‌കോൾ

പുലർച്ചെ ,
അടുക്കളത്തിരക്കിൽ
വഴിതെറ്റിക്കാൻ
ആദ്യത്തെ  മിസ്‌കോൾ  ..
കുളിച്ച്  കുറിയിട്ടത്
വെറുതെയായി ...

തിരക്കൊന്നൊഴിഞ്ഞ്
ചൂടുപാറുന്ന  ചായകപ്പുമായ്
സെറ്റിയിലേക്കൊന്നമർന്നതെ യുള്ളൂ
വീണ്ടും  മിസ്‌കോൾ
ഭാഗ്യം , ഇത്തവണ
വഴിതെറ്റിയില്ല
അമ്മയാണ് ..

ഊണ് കഴിഞ്ഞ്
ഉറക്കച്ചടവോടെ
പത്രത്താളിൽ
മുഖം  പൂഴ്ത്തിയതാണ്
പിഞ്ചുകുഞ്ഞിനെ
പീഡിപ്പിച്ച  പാസ്റ്ററെ
തുറിച്ച് നോക്കി
കൊന്നുക്കൊണ്ടിരിക്കുമ്പോൾ
വീണ്ടും മിസ്‌കോൾ.
എന്തുചെയ്യാനാ ...
വഴിതെറ്റാതെ
വയ്യല്ലോ ...!

ചെടി നനക്കുമ്പൊഴും
പാത്രം കഴുകുമ്പോഴും
തുണി മടക്കുമ്പോഴും
വീണ്ടുംവന്നു
മിസ്‌ കോളുകൾ ..

ഒരു പകൽ മാത്രം
എത്ര തവണയാണിങ്ങനെ
പെണ്‍ ജന്മങ്ങൾ
വഴിതെറ്റിപോകുന്നത് .........................!