2012 ഒക്‌ടോബർ 27, ശനിയാഴ്‌ച

വീട്

അടവെച്ചു  വിരിയിച്ച
സ്വപ്നങ്ങള്‍ക്ക് പിച്ചനടക്കാന്‍
തുടച്ചു മിനുക്കി
അലങ്കരിച്ചു  വെക്കുമിടം .

പുകഞ്ഞുകത്തുന്ന സങ്കടങ്ങളെ
മുഖമമര്‍ത്തിക്കിടന്നൂതിയണയ്ക്കാന്‍ 
കറുത്ത്  തിളങ്ങുന്ന                                
തറത്തനുപ്പ് .

സ്വീകരണ  മുറിയില
ഒഴിഞ്ഞ കോണില്‍ ,
ദിവസേന  ഞാനൊരുക്കുന്ന
പൂപ്പാത്രത്തിനടിയില്‍
ആരുമറിയാതൊളിപ്പിച്ച
വിരിയാതെവീണ
മോഹമൊട്ടുകള്‍ .

അടക്കിപ്പിടിച്ചു പുണര്‍ന്ന്
പ്രണയവും , പരിഭവവും
ചുംബിചെടുത്ത്
ആണ്‍മുഖമുള്ള കിടപ്പുമുറി .

 ജീവിതംപോലെ
രുചിഭേദങ്ങള്‍  ഇടകലര്‍ന്ന്
പുകമൂടി ,മങ്ങി നില്‍പ്പുണ്ടടുക്കള .

പണിത്തിരക്കിന്റെ
മുഷിഞ്ഞകിതപ്പുകളില്‍ ,
കുട്ടിക്കുറുംമ്പിന്റെ ചടുലമേളങ്ങളില്‍ ,
നിറം  വറ്റിയ ഏകാന്തതയുടെ
കണ്ണീര്‍ മണങ്ങളില്‍ ,
ഉടല്‍ വിറയ്ക്കുന്ന 
വിഷാദ നേരങ്ങളില്‍,
ചേര്‍ത്തൊന്നണയ്ക്കാന്‍
വീടേ ,
നീയല്ലേ  എനിക്ക് സ്വന്തമായുള്ളൂ ..