2012 മേയ് 15, ചൊവ്വാഴ്ച

കാരണങ്ങള്‍

തൊടിയിറമ്പിലെ  തേക്കിലകളില്‍
രാത്രി വെട്ടം വീണുറങ്ങുന്നത്
കാണാനാണ് ജനലഴികള്‍  
അടയ്ക്കാതിരുന്നത്.

ഇരുട്ടിലൊറ്റയ്ക്ക് 
മടുത്തു  പോകില്ലേയെന്ന്-
കരുതിയാണ് 
ഭരദേവതയ്ക്ക് വിളക്ക് വെച്ചത് . 


ആര്‍ത്തലച്ചു  പെയ്തു , പെയ്ത്‌
കിതച്ചു  വരുന്നവള്‍ക്ക് 
തുടച്ചുടുത്തു  കേറാനാണ് 
കച്ചത്തോര്‍ ത്തും , പാവുമുണ്ടും 
അയലിലിട്ടത്.

തണുപ്പും , ഞാനും 
പുതച്ചുറങ്ങുന്ന 
പ്രണയം  പെയ്യുന്ന  രാത്രിയില്‍ 
നിന്‍റെ നെഞ്ചില്‍  പതുങ്ങാന്‍ 
വേണ്ടിയാണ് 
സ്വപ്നങ്ങളെ  വിരുന്നു  വിളിച്ചത് .

നിന്നിലേക്ക്‌  തനിയെ  
നടന്നടുക്കാനാണ് 
നിഴലിനെക്കൂടി 
പിണക്കി  വിട്ടത്. 

എന്നിട്ടും ,
ഒട്ടിച്ചേര്‍ന്ന  ദിവസങ്ങളുടെ 
നേര്‍ത്ത  വിടവുകളില്‍ നിന്നും 
ഒളിച്ചുച്ചാടുന്ന 
വികൃതിക്കാരണ ങ്ങളെ -
ക്കുറിച്ച്  മാത്രം 
നീ,  ഇങ്ങനെ വേവലാതി 
പ്പെടുന്നതെന്താണ് ..?