2011 ഏപ്രിൽ 9, ശനിയാഴ്‌ച

മകന്‍

പ്രസവ വേദനയുടെ  അര്‍ദ്ധബോധാവസ്ഥ -
ക്കിടയിലെപ്പോഴോ  കേട്ട 
ഒരു കുഞ്ഞി  കരച്ചില്‍ ,
പെട്ടെന്ന്  നിലച്ച  സുനാമിപോലെ 
അവസാനിച്ച  വേദനയുടെ 
ആശ്വാസം ,
തുലാവര്‍ഷത്തിലെ  
മദരാത്രികളില്‍, പ്രിയന്‍ 
പകര്‍ന്നുതന്ന സ്നേഹചൂട്, 
തൂവെള്ള  ഫ്ലാനലില്‍ 
പൊതിഞ്ഞു  കിട്ടിയ 
കുട്ടിദൈവം , 
ചുരക്കുന്ന  മാറിടത്തിലമര്‍ന്ന 
ഒരു കുഞ്ഞി  ചുണ്ടിന്‍റെ
സ്നേഹത്തനുപ്പ് ,
കാരണമറിയാത്ത 
കരച്ചിലുകളുടെ 
ആവലാതിപെയ്ത്ത്, 
മുളപൊട്ടുന്ന  കുഞ്ഞിപ്പല്ലുകളുടെ 
തരിപ്പുതീര്ത്ത ഒരായിരം 
പാല്‍കടികള്‍,
ഉറക്കം  മറന്ന  രാത്രികള്‍ക്കൊടുവില്‍
അകന്നുപോയ  പനിചൂടുകള്‍ ,
പിച്ച നടപ്പിന്റെ  
ഇടര്‍ച്ചകളില്‍ 
ഉള്ളിലൂറിയ  എണ്ണമില്ലാത്ത 
ആളലുകള്‍,
നേഴ്സറി  സ്കൂളിന്റെ 
വാതില്‍  കാഴ്ചയില്‍ 
അമ്മാനെഞ്ചിലമരുന്ന
അടര്ത്താനാവാത്ത
പിടിമുറുക്കങ്ങള്‍,
വാശി കരച്ചിലുകള്‍ 
സാവധാനം 
കൊച്ചു ദെഷ്യങ്ങളിലേക്ക് 
വളരുമ്പോള്‍ 
തോറ്റു പോകുന്ന
പച്ചീര്‍ ക്കിളുകള്‍,
അമ്മ  ജന്മം  തീറെഴുതി 
വാര്ത്തെടുത്തോ -
രുരുക്ക് ദേഹം 
എന്നിട്ടും , ഒടുവില്‍ 
എവിടെയോ  അമ്മക്കായി 
കാത്തു വെച്ചെക്കാവുന്ന 
ഒരു വൃദ്ധസദനം .